X

കിലോമീറ്ററോളം കെഎസ്ആര്‍ടിസിക്ക് വഴിമുടക്കി ബൈക്ക് യാത്രക്കാരന്‍; വീട്ടിലെത്തി ഉയര്‍ന്ന പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് കനത്ത പിഴ. 10,500 രൂപയാണ് ഇരുചക്ര യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്. സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായ വീഡിയോയാണ് നിയമ ലംഘനത്തിന് തെളിവായത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം.

ഇക്കഴിഞ്ഞ 26ന് കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലാണ് ഒരാള്‍ ബൈക്കുമായി വഴിമുടക്കിയത്. പയ്യന്നൂര്‍ പെരുമ്പ മുതല്‍ വെളളൂര്‍ വരെയുളള അഞ്ച് കിലോമീറ്ററോളം ദൂരം ഇയാള്‍ ബസിന് സൈഡ് കൊടുത്തില്ല. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എ.ടി.ഒ ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂര്‍ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസാണ് നടപടിയെടുത്തത്. ഇന്നലെ ഇയാളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,500 രൂപ പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

chandrika: