പരമാവധി സര്‍വീസുകള്‍ നടത്തി കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള പദ്ധതി ഈ ഓണക്കാലത്ത് നടക്കില്ല. കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് കാരണം. ടയര്‍, ട്യൂബ് തുടങ്ങി സ്‌പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമം കാരണം ബസുകള്‍ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാന്‍ കഴിയുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാനുള്ള പണമില്ലെന്നതാണ് വാസ്തവം. ജന്റം ബസുകളില്‍ പകുതിയിലധികം വര്‍ക് ഷോപ്പുകളിലാണ്.
ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നിലൊന്ന് ഷെഡ്യൂളുകളും നഷ്ടത്തിലോടുന്നവയാണെന്നാണ് കണക്കുകള്‍. 1819 ബസുകള്‍ക്ക് പ്രതിദിനം 10,000 രൂപ പോലും വരുമാനമില്ല. ദിവസം ശരാശരി 8000 രൂപയാണ് ഒരു കെ.എസ്.ആര്‍.ടി.സി ബസ് നിരത്തിലിറക്കാന്‍ വേണ്ടത്. പ്രതിദിനം 10,000 രൂപയെങ്കിലും വരുമാനമില്ലാത്ത ഷെഡ്യൂളുകള്‍ ജനുവരി 31ന് ശേഷം പിന്‍വലിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി വരുമാനം കൂട്ടുന്ന തരത്തില്‍ ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പുനഃക്രമീകരണത്തിന് ശേഷവും 1819 ഷെഡ്യൂളുകളുടെ വരുമാനം ഉയര്‍ത്താനായില്ല. അതായത് അഞ്ച് സോണുകളിലായി ആകെയുള്ള 5840 ഷെഡ്യൂളുകളില്‍ മുപ്പത് ശതമാനവും നഷ്ടത്തില്‍ തന്നെ.
ഇതിനിടെ, പ്രതിദിനവരുമാനം 5.5 ല്‍ നിന്നും 4.75 കോടിയായി താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കനുസരിച്ച് നഷ്ടം 1770.61 കോടിയാണ്. ടിക്കറ്റില്‍ നിന്നും 1827.45 കോടിയും ടിക്കറ്റിതരവരുമാനമായ 33.66 കോടിയും ഉള്‍പ്പെടെ 1861.11 കോടി രൂപയാണ് ആകെ വരവ്. ചെലവാകട്ടെ 3631.72 കോടിയും. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയാണ് കടക്കെണിക്ക് കാരണമെന്നും ശമ്പളത്തിനും പെന്‍ഷനും വേണ്ടി എല്ലാ മാസവും കടംവാങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും കഴിഞ്ഞ മെയില്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ എം.ഡി. വ്യക്തമാക്കിയിരുന്നു.
1984 ല്‍ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ പ്രത്യേകഫണ്ട് കണ്ടെത്തിയിരുന്നില്ല. വര്‍ഷം 3.48 കോടിയായിരുന്ന പെന്‍ഷന്‍ തുക ഇന്ന് 630 കോടി രൂപയായി. പെന്‍ഷനില്‍ 200 മടങ്ങ് വര്‍ധനയുണ്ടായെങ്കിലും വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. പെന്‍ഷന്‍ ബാധ്യതയ്ക്ക് പരിഹാരം കാണാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ജില്ലാസഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത 130 കോടിയില്‍ 30 കോടിയും സര്‍ക്കാര്‍ നല്‍കിയ 30 കോടിയും ഉപയോഗിച്ച് തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്തു വരികയാണ്. ഇനി മൂന്നു മാസത്തെ കുടിശികയുണ്ട്. അത് സെപ്തംബര്‍ 30 നകം വിതരണം ചെയ്യുമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിട്ടുള്ളത്.