മുക്കം: കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ദുരുപയോഗം ചെയ്ത് വ്യാപക തട്ടിപ്പ്. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിക്ക് 3500 രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാജ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന് ഇരയായവര്‍ ഏറെയുണ്ട്.
കഴിഞ്ഞ ബില്‍ പെന്റിങ് ആണെന്നും എത്രയും വേഗം പണമടക്കുകയോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തുകയൊ ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന എസ്.എം.എസ്, വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. നേരത്തെ ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ച് തട്ടിപ്പ് വ്യാപകമാക്കിയിട്ടുണ്ട്. സന്ദേശത്തില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ‘കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ‘ ആയിരിക്കും സംസാരിക്കുന്നത്. പിന്നീട് ടീം വ്യൂവര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാല്‍ ചെന്നെത്തുക കെ.എസ്.ഇ.ബിയുടെ വെബ് പേജില്‍. പണമടയ്ക്കാനില്ലെങ്കിലും കഴിഞ്ഞ മാസത്തെ ബില്ലുമായി 10 രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതടയ്ക്കണമെന്നുമാണ് അടുത്ത നിര്‍ദ്ദേശം.
ഇതടയ്ക്കുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി വിവരങ്ങള്‍ എന്നിവ നേരത്തെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയുടെ മൊബൈല്‍ ഫോണിലേക്കു സന്ദേശമെത്തിയത്. കഴിഞ്ഞ മാസത്തെ ബില്‍ പെന്റിങാണെന്നും പത്ത് രൂപ അയച്ചുകൊടുക്കാനും ഫോണിലേക്കു വന്ന ഒ.ടി.പി. തിരിച്ചയക്കാനും ആവശ്യപ്പെട്ടു.തുടര്‍ച്ചയായി ഒ.ടി.പി. വന്നുകൊണ്ടിരുന്നപ്പോള്‍ സംശയം തോന്നി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 3500 രൂപയോളം നഷ്ടപ്പെട്ടതായി മനസിലായത്. മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.