X
    Categories: keralaNews

കെ.എസ്.ഇ.ബി കൊള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിലും

ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധനവിനിടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലും ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി. അവശ്യസാധന വിലവര്‍ധനവും ഇന്ധന വിലയുമായി ജീവിതഭാരം താങ്ങാവുന്നതിനുമപ്പുറമെത്തി നില്‍ക്കുമ്പോള്‍ സാധാരണക്കാരനും ഇരുട്ടടിയായി മാറുന്നു ഇടത് ഭരണത്തിലെ കൊടുംചൂഷണം.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവിനിടെ ജനം കൊടുംദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഉയര്‍ന്ന സെക്യൂരിറ്റി തുക കൂടി ഈടാക്കുന്നത്. 2014ലെ ഇലക്ട്രിസിറ്റി സപ്ലൈ ചട്ടപ്രകാരം പ്രീ-പെയ്ഡ് കണക്ഷന്‍ അല്ലാത്ത ഉപഭോക്താക്കളില്‍ നിന്നാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി അധിക തുക ഈടാക്കുന്നത്. മൂന്ന് മാസത്തെ ബില്ല് ഉള്ളവര്‍ ശരാശരി തുകയുടെ രണ്ടിരട്ടിയും പ്രതിമാസ ബില്ലില്‍ മൂന്നിരട്ടിയും നല്‍കേണ്ടി വരുന്നതായാണ് പരാതി.

കെ.എസ്.ഇ.ബി റെഗുലേറ്ററി ആക്ട് അനുസരിച്ച് വൈദ്യുതോപകരണങ്ങള്‍ക്കും ലൈനിനും സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണം. കാലാവധി കഴിഞ്ഞാല്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിച്ഛേദിക്കാമെന്നാണ് നിയമം. സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്ന തുക കൂടുതലാണെങ്കില്‍ അടുത്ത ബില്ലില്‍ കുറക്കണമെന്നും വ്യവസ്ഥയുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഉപഭോക്താക്കളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് ഇളവുകളും അനുവദിച്ചിരുന്നു. ഇളവുകള്‍ ഇനിയും അനുവദിക്കാനാകില്ലെന്നാണ് കെ.എസ.്ഇ.ബി നിലപാട്. നിലവിലെ ചട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നതെന്നും ഇതിന് വൈദ്യുതി നിരക്ക് വര്‍ധനവുമായി ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഈടാക്കാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വൈദ്യുതി നിരക്ക് ഉയര്‍ത്തിയ ആഘാതത്തിനിടെ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരില്‍ നടക്കുന്ന പകല്‍കൊള്ളക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും കൂടി ചേര്‍ത്ത ബില്ലുകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ വിശദീകരണം തേടുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാനാകാതെ വിയര്‍ക്കുകയാണ് വിവിധ സെക്ഷനുകള്‍ക്ക് കീഴിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജീവനക്കാരും. അരിയുള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനിടെ ജീവിതഭാരം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ജനത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി നിരക്ക് വര്‍ധനവിനും സെക്യൂരിറ്റി ഡെപ്പോസിറ്റ് കൊള്ളയ്ക്കുമെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.

Chandrika Web: