X

വൈദ്യുതി നിരക്ക് വര്‍ധന: തീരുമാനം ഇന്നുണ്ടായേക്കും ഇരുട്ടടിക്കൊരുങ്ങി ബോര്‍ഡ്

വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തയാറാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഇതില്‍ ഒപ്പിട്ടിരുന്നില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കമ്മീഷന്‍ യോഗം നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനാണ് സാധ്യത.

ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആനുപാതികമായി 60 രൂപമുതല്‍ 80 രൂപവരെ ദ്വൈമാസ വൈദ്യുതി ബില്‍ത്തുക വര്‍ധിക്കും. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. നിലവിലെ നിരക്ക് യൂണിറ്റിന് 2.90 രൂപയാണ്. അതേസമയം, വാണിജ്യാവശ്യത്തിനുള്ള നിരക്കില്‍ കാര്യമായ വര്‍ധനയുണ്ടാകില്ലെന്നാണ് സൂചന. 2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതിനാലാണിത്. നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും അന്തിമ ഉത്തരവിന് വിധേയമായി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.
നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക് ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കുമെന്നും സൂചനയുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ വീടുകളില്‍ 150 യൂണിറ്റുവരെ ഒന്നര രൂപക്ക് വൈദ്യുതി നല്‍കാനാണ് റഗുലേറ്ററി കമ്മിഷന്‍ ആലോചിക്കുന്നത്.
വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇതു പരിഹരിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ബോര്‍ഡ് കമ്മീഷന്‍ മുമ്പാകെ സ്വീകരിച്ച നിലപാട്. നഷ്ടക്കണക്കുകളും ബോര്‍ഡ് കമ്മീഷന്‍ മുമ്പാകെ നിരത്തിയിരുന്നു. തെളിവെടുപ്പില്‍ പങ്കെടുത്ത വ്യക്തികളും സംഘടനകളും നിരക്കു വര്‍ധന പാടില്ലെന്ന് കമ്മീഷനെ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെയല്ലാം തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ വൈദ്യുതി ചാര്‍ജ് വര്‍ധന പാടില്ലെന്നാണ് ആവശ്യപ്പെട്ടത്. ജലനിധിയടക്കമുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ബാധകമാക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരാനാണ് മറ്റൊരു ശിപാര്‍ശ. തോട്ടങ്ങളോടു ചേര്‍ന്നുള്ള കോളനികളിലേക്കുള്ള വൈദ്യുതി നിരക്ക് നിശ്ചയിക്കുന്ന രീതിക്കു മാറ്റം വന്നേക്കും. 30 രൂപ എന്ന കണക്കില്‍ ഫിക്സഡ് ചാര്‍ജ് ഈടാക്കുകയായിരിക്കും ചെയ്യുക.

chandrika: