തിരുവനന്തപുരം: കനത്ത മഴയിലും പ്രകൃതി ദുരന്തത്തിലും തകരാറിലായത് നാലര ലക്ഷത്തോളം വൈദ്യുതി കണക്ഷണുകള്‍. കെ.എസ്.ഇ.ബിക്ക് 13.67 കോടി രൂപയുടെ നഷ്ടമുണ്ടായതായും വൈദ്യുതി വകുപ്പ് വ്യക്തമാക്കി. മഴക്കെടുതിയില്‍ 11 കെ.വി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് ഏറെയും നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. നാലര ലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇവയെല്ലാം പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും.
വെദ്യുതി ബന്ധം യുദ്ധകാല അടിസ്ഥാനത്തില്‍ പുനസ്ഥാപിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ പ്രകാരം ട്രാന്‍സ്ഫോമറുകളും ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളും നശിച്ചാണ് ഇത്രയും നഷ്ടം സംഭവിച്ചത്. 60 വിതരണ ട്രാന്‍സ്ഫോര്‍മറുകളാണ് തകരാറിലായത്. 339 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 1398 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 3074 ട്രാന്‍സ്ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിലച്ചുവെന്ന് കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ് രാജ്കുമാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം വൈദ്യുതി എത്തിച്ചതായി അദ്ദേഹം പറഞ്ഞു.