അഷ്‌റഫ് തൈവളപ്പ്
കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച കെ.എസ്.ഇ.ബി വന്‍കിടക്കാരുടെ കുടിശിക പിരിക്കുന്നതില്‍ കാണിക്കുന്നത് തികഞ്ഞ അലംഭാവം. കടബാധ്യത കോടികളായി ഉയരുമ്പോഴും വൈദ്യുതി നിരക്കിന്റെ കുടിശിക ഇനത്തില്‍ ലഭിക്കാനുള്ള ആയിരം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുള്ള നടപടികള്‍ ഇതുവരെ കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടില്ല. ഇതില്‍ 937.48 കോടി രൂപയും സ്വകാര്യ മേഖല സ്ഥാപനങ്ങളുടേതാണ്. ഇത് പിരിച്ചെടുക്കാതെയാണ് കടബാധ്യതയുടെയും മറ്റും പേരില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കാനുള്ള തീരുമാനം.
2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1388.20 കോടി രൂപയാണ് വൈദ്യുതി ചാര്‍ജ് കുടിശിക ഇനത്തില്‍ വിവിധ ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് പിരിഞ്ഞു കിട്ടാനുള്ളത്. ഓരോ സാമ്പത്തിക വര്‍ഷവും ബോര്‍ഡിന് ലഭിക്കാനുള്ള കുടിശിക തുക വര്‍ധിച്ചു വരികയാണെന്ന് ഈ നിയമസഭ സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തന്നെ സാമാജികര്‍ക്ക് നല്‍കിയ ചോദ്യോത്തര മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. 201718 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2802.60 കോടി രൂപയായിരുന്നു ബോര്‍ഡിന്റെ കുടിശിക തുക. വിവിധ വികസന പദ്ധതികള്‍ക്ക് എടുത്തിട്ടുള്ള വായ്പകള്‍ അടക്കം 7889 കോടി രൂപയിലധികമാണ് നിലവില്‍ കെ.എസ്.ഇ.ബിയുടെ കടബാധ്യത. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുമാണ് കെ.എസ്.ഇ.ബിക്ക് കുടിശിക നല്‍കാനുള്ള ലിസ്റ്റില്‍ ഭൂരിഭാഗവും. സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ മാത്രം 937.48 കോടി രൂപ കെ.എസ്.ഇ.ബിക്ക് വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. ഏറ്റവും കൂടുതല്‍ കുടിശിക തുക നല്‍കാനുള്ളതും സ്വകാര്യകോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തന്നെ. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റിയാണ് കൂടുതല്‍ തുക (153.80) കുടിശികയായി അടയ്ക്കാനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍95.71 കോടി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍4.20 കോടി രൂപ, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍2.32 കോടി, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍98.31 കോടി, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍43.57 എന്നിങ്ങനെയാണ് മറ്റു കുടിശിക തുക കണക്ക്. കുടിശിക തുകയുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസ് നിലനില്‍ക്കുന്നതാണ് തുക പിരിക്കാന്‍ തടസമെന്നാണ് കെ.എസ്.ഇ.ബി വാദം. കടബാധ്യത വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍കിട കുടിശികകള്‍ സമയബന്ധിതമായി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെറിയ ശതമാനം കുടിശിക തുക പോലും ഇതുവരെ തിരിച്ചു പിടിക്കാനായിട്ടില്ല.
നേരത്തെ പ്രളയ നഷ്ടത്തിന്റെ പേരു പറഞ്ഞ് വൈദ്യുതി നിരക്ക് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമുണ്ടായിരുന്നെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. പ്രളയത്തില്‍ കെ.എസ്.ഇ.ബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം. ഇതിനേക്കാള്‍ ഇരട്ടി തുക കുടിശികയായി ലഭിക്കാനുണ്ടായിട്ടും ഈ തുക പിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം സാധാരണക്കാരില്‍ അധിക ഭാരം ഏല്‍പ്പിച്ച് വരുമാനം കണ്ടെത്തുകയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം. ഈ തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.