X

യുഡിഎഫിനെതിരെ തിരിയുന്നതിനു പകരം അണികള്‍ക്കായി കുറച്ചു ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കൂ; റിയാസിനെ ട്രോളി ശബരീനാഥന്‍

 

തിരുവനന്തപുരം: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് രാജിവച്ചതിനെ പരിഹസിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിന് മറുപടിയുമായി കെഎസ് ശബരീനാഥന്‍ എംഎല്‍എ. യുഡിഎഫിനെ കുറിച്ച് വ്യാകുലപ്പെടേണ്ട കാര്യമില്ലെന്നും ഞങ്ങളുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ശബരീനാഥന്‍ റിയാസിനു നല്‍കിയ മറുപടിയില്‍ പറഞ്ഞു.

നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും കുടുംബവും കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, പൊലീസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണത്തിലുള്ള കാര്യം റിയാസിനറിയാമല്ലോഎന്നും ശബരീനാഥന്‍ പരിഹസിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെ കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്കും പോവുന്നു.

ഈ വിഷയങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ അങ്ങ് ശ്രദ്ധ ചെലുത്തുക, എന്നിട്ട് വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ അതിന്റെ പരീക്ഷണങ്ങള്‍ നടത്തുക, ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാര്‍ട്ടിക്ക് അത് വളരെ അത്യാവശ്യമാണ്-ശബരീനാഥന്‍ പറഞ്ഞു. അങ്ങേക്ക് അതിനു കഴിയും, അങ്ങേക്കേ അതിനു കഴിയൂ എന്നും റിയാസിനെ ഉപദേശിച്ചു.

നേരത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാന്‍ രാജിവച്ചതിനെ തുടര്‍ന്ന് റിയാസ് വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിനു അതേ നാണയത്തില്‍ ശബരീനാഥന്‍ മറുപടി നല്‍കുകയായിരുന്നു.

web desk 1: