X

ഡോ. കെഎസ് മാധവനെതിരായ പ്രതികാര നടപടി അപലപനീയം: പികെ ഫിറോസ്

കോഴിക്കോട് : കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ. കെ.എസ് മാധവന് മെമ്മോ നല്‍കിയ കാലിക്കറ്റ് സര്‍വ്വകലാശാല നടപടി അങ്ങേയറ്റം അപലപനീയമാണെന്നും മെമ്മോ പിന്‍വലിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആണ് ഡോ. കെ. എസ് മാധവന്‍.

ഒരു പത്രത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ പി.കെ പോക്കറുമായി ചേര്‍ന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് കെ.എസ് മാധവന് മെമ്മോ നല്‍കാനുണ്ടായ കാരണമായി സര്‍വ്വകലാശാല പറയുന്നത്. സര്‍വ്വകലാശാലകളില്‍ സംവരണ വിരുദ്ധ മാഫിയ അഴിഞ്ഞാടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാസ്തവമാണ് പത്രത്തില്‍ വന്ന ലേഖനത്തിലെ പ്രമേയം. ഇങ്ങനെ ലേഖനമെഴുതാന്‍ സര്‍വീസ് നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണ് ഇടതാഭിമുഖ്യമുള്ള സര്‍വ്വകലാശാലാ നേതൃത്വം പറയുന്നത്.

ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഇങ്ങനെയൊരു ഷോകോസ് നോട്ടീസ് നല്‍കിയാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും മുറിവേല്‍ക്കുമെന്ന് അലമുറയിടുന്നവരാണ് ഇവിടെ നോട്ടീസ് നല്‍കാന്‍ നേതൃത്വം കൊടുത്തിട്ടുള്ളത്. ഫാഷിസ്റ്റു കളരിയിലെ പാഠങ്ങളാണ് വ്യത്യസ്ത വേഷക്കാര്‍ ഒരുപോലെ പയറ്റുന്നത്. ജെ എന്‍ യുവിലും ജാമിയ മില്ലിയയിലും മറ്റു കേന്ദ്ര സര്‍വ്വകലാശാലകളിലും അദ്ധ്യാപകര്‍ വേട്ടയാടപ്പെടുന്നത് യഥാര്‍ഥ്യമാണ്. അതിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. അപ്പോഴാണ് ഇടതുപക്ഷ സിന്‍ഡിക്കേറ്റിനു കീഴില്‍ ഒരു സര്‍വ്വകലാശാല സമാനമായ വേട്ടയ്ക്ക് തയ്യാറായത് അ്ത്ഭുതപെടുത്തുന്നതായി ഫിറോസ് പറഞ്ഞു.

ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവര്‍ത്തകര്‍ സാമൂഹിക നീതിക്കും, ഉള്‍കൊള്ളല്‍ നയത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരില്‍ പ്രതികാരനടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തിരമായി ഈ മെമോ പിന്‍വലിക്കുകയും തെറ്റുകള്‍ അവര്‍ത്തിക്കാതിരിക്കുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ വിവേകം കാണിക്കണമെന്നും ഫിറോസ് തുടര്‍ന്നു.

 

web desk 1: