കണ്ണൂര്‍: വയറ്റത്തടിച്ച് പാടി വിധി നല്‍കിയ കൂരിരുട്ടിനോടുള്ള പോരാട്ടം തുടരുമ്പോഴും കൃഷ്ണന്റെ ഉള്ളില്‍ വീടെന്നത് ഒരിക്കലും പൂവണിയാത്ത സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അവിചാരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് എല്ലാം മാറി മറിഞ്ഞത്. ദൈവദൂതനെപ്പോലെ ഒരാള്‍ അരികിലെത്തി. അയാള്‍ തന്റെ ഉള്ളിലെ കുഞ്ഞു സ്വപ്‌നത്തിന് ചിറകു നല്‍കി. ഒടുവിലിതാ അകകണ്ണിന്റെ വെളിച്ചത്തില്‍ കൃഷ്ണന്‍ തന്റെ പുതിയ വീട്ടിലിരുന്ന് പുഞ്ചിരിതൂകുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കൃഷ്‌ണേട്ടന് നല്‍കിയ വാക്കാണ് വീട് നിര്‍മ്മിച്ചു തരുമെന്ന്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ ദൗത്യമേറ്റെടുത്തതോടെ വീട് എന്ന ആ സ്വപ്‌നം പൂവണിഞ്ഞു. ഒരു വര്‍ഷം മുമ്പ് കേരളയാത്രയ്ക്ക് മാട്ടൂലില്‍ നല്‍കിയ സ്വീകരണ വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി മാടായിയിലെ എം.പി കൃഷ്ണന് വീട് വെച്ച് തരുമെന്ന വാക്ക് നല്‍കിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ വയറ്റത്തടിച്ച് പാടി അന്നത്തിന് വക കണ്ടെത്തുന്ന അന്ധനായ കൃഷ്‌ണേട്ടന്റെ ഉള്ളില്‍ പ്രതീക്ഷയുടെ തിരി കൊളുത്തുന്നതായിരുന്നു ആ വാക്കുകള്‍. വേദിയില്‍ വെച്ച് തന്നെ സമ്മത പത്രവും കൈമാറിയതോടെ കൃഷ്‌ണേട്ടന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയായിരുന്നു.
‘ബൈത്തുറഹ്മ’ പദ്ധതിയില്‍ പെടുത്തി മാടായി പഞ്ചായത്ത് മുസ്‌ലിംലീഗും അബൂദാബി-മാടായി പഞ്ചായത്ത് കെ.എം.സി.സിയും ചേര്‍ന്നാണ് നിര്‍മ്മാണ ചുമതലയേറ്റെടുത്തത്. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം പി.എം ഷരീഫിനായിരുന്നു നിര്‍മ്മാണ മേല്‍നോട്ടം. ഒരു വര്‍ഷം കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. 25ന് പഴയങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് വീടിന്റെ താക്കോല്‍ കൈമാറുക.
വീടെന്ന സ്വപ്‌നം മനസില്‍ കൊണ്ട് നടന്ന കൃഷ്ണന് ഏറെ ആശ്വാസം പകരുന്നതാണ് മുസ്‌ലിംലീഗ്-കെ.എം.സി.സി കൂട്ടുകെട്ടില്‍ യാഥാര്‍ത്ഥ്യമായ കാരുണ്യ ഭവനം. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് ചൈനാക്ലേ കമ്പനിക്ക് സമീപം ഏഴ് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് പണിതത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ കേരളത്തില്‍ ആദ്യത്തെ ബൈത്തുറഹ്മ വില്ലേജ് ഒരുക്കിയ മാടായി പഞ്ചായത്ത് മുസ്‌ലിംലീഗ്-അബൂദാബി കെ.എം.സി.സിയുടെ പതിമൂന്നാമത്തെ വീടാണ് കൃഷ്ണന് കൈമാറുന്നത്.