X

ആരാവണം സിവില്‍ സര്‍വന്റ് ? കൃഷ്ണ തേജ ഐ.എ.എസ് സംസാരിക്കുന്നു

കൃഷ്ണ തേജ ഐ.എ.എസ്

മാനുഷിക പരിഗണനകൊണ്ടും മാതൃകാ പദ്ധതികള്‍കൊണ്ടും മലയാളികളുടെ ഹൃദയത്തിലിടം നേടിയ ആന്ധ്രപ്രദേശ് സ്വദേശി. കുട്ടികളുടൈ കൂട്ടുകാരനും പ്രചോദകനും. സംസ്ഥാനത്തെ മികച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാര ജേതാവ്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി തുടക്കം. ആലപ്പുഴ സബ് കലക്ടര്‍, ആലപ്പുഴ ജില്ലാ കലക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍.

കൃഷ്ണ തേജ ഐ.എ.എസ്/
പി. ഇസ്മായില്‍

ഐ.എ.എസ് സ്വപ്‌നത്തിലേക്ക്?

ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യപഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്റെ മുത്തഛന്‍ മൈലവരപ് ഗുണ്ടയ്യ. മുത്തഛന്റെ സേവനമികവിനുള്ള അംഗീകാരമായി എന്റെ നാട്ടിലെ പ്രധാന റോഡിനും ക്ലോക് ടവറിനും മുനിസിപ്പാലിറ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ പേരാണുള്ളത്. സ്വന്തം പണവും സമയവും നാടിന് വേണ്ടി സമര്‍പ്പിച്ച രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. എന്റെ ഒരു കസിന്‍ ബ്രദറായ നരേന്ദ്രനാഥ് ഐ.എഫ്.എസ് ഓഫീസറുമായിരുന്നു. ഇവരുടെയൊക്കെ ജനസേവനപ്രവര്‍ത്തനങ്ങളും അതിലൂടെ അവര്‍ക്ക് ജനം ചാര്‍ത്തിക്കൊടുത്ത സ്‌നേഹവായ്പകുകളും എന്നെ ചെറുപ്പത്തിലേ ആകര്‍ഷിച്ചു. സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുപ്പിലേക്കുള്ള എന്റെ തീരുമാനത്തിന് പിന്നില്‍ ഇവരുടെയൊക്കെ സ്വാധീനമുണ്ട്.

തോല്‍വിയില്‍ വഴിത്തിരിവായത്?

ഡല്‍ഹിയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സമയത്ത് എന്റെ റൂംമേറ്റില്‍ നിന്നാണ് ഐ.എ.എസിനെകുറിച്ച് കൂടുതല്‍ അറിയുന്നത്. ഐ.എ.എസ് നേടി കലക്ടറായാല്‍ ഏതൊക്കെ രീതിയില്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും ഈ കൂട്ടുകാരനില്‍ നിന്നാണ് ഞാനറിഞ്ഞത്. അതുവരെ എന്നെ സംബന്ധിച്ച ഏറ്റവും വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തഹസില്‍ദാരായിരുന്നു. സിവില്‍ സര്‍വ്വീസ് പരിശീലനം നടത്തുകയായിരുന്ന കൂട്ടുകാരന്റെ ഒരു മണിക്കൂര്‍ നീളുന്ന കോച്ചിംഗ് സെന്ററിലേക്കുള്ള യാത്രയില്‍ കൂട്ട് പോവുന്നതിനിടെ എന്നെയും അദ്ദേഹം പ്രചോദിപ്പിച്ചു. അങ്ങനെ ഞാനും സിവില്‍ സര്‍വ്വീസ് എഴുതാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യത്തെ മൂന്ന് ശ്രമങ്ങളിലും പരാജയമായിരുന്നു ഫലം. അതുവരെ എഴുതിയിരുന്ന പരീക്ഷകളിലെല്ലാം മികച്ച വിജയം നേടിയിട്ടും സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ തുടര്‍തോല്‍വി എനിക്ക് വലിയ ആഘാതമായി. തോല്‍വിയുടെ യഥാര്‍ത്ഥ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഐ.എ.എസ് ഉപേക്ഷിച്ച് വീണ്ടും പഴയ ജോലിക്ക് തന്നെ കയറി. ഈ വിവരങ്ങള്‍ സൗഹൃദവലയങ്ങളിലൊക്കെ എത്തി. സിവില്‍ സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സുഹൃത്തുക്കളെല്ലാം വിമര്‍ശിച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രം അതിനെ ശരിവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തോല്‍വിയിലെ നിരാശ അവരോടും പങ്കുവെച്ചിരുന്നു. അവരാണ് മൂന്ന് പോരായ്മകളെ കുറിച്ച് എന്നോട് പറയുന്നത്. മോശം കയ്യക്ഷരമായിരുന്നു അതിലൊന്ന്. സയന്‍സ് സ്റ്റുഡന്റ് എന്ന നിലയില്‍ ചുരുക്കി എഴുതുന്നത് എസ്സേ പരീക്ഷയില്‍ തിരിച്ചടിയായിരിക്കാമെന്നതായിരുന്നു രണ്ടാമത്തെ പോരായ്മ. മൂന്നാമത്തേത് സംസാരത്തില്‍ പിശുക്ക് കാണിക്കുന്ന കാരണത്താല്‍ അഭിമുഖത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നതുമായിരുന്നു. ഈ തെറ്റുകള്‍ തിരുത്തി എഴുതിയ പരീക്ഷയില്‍ മികച്ച വിജയം നേടാനായി. ജീവിതത്തില്‍ തിരുത്താനുള്ള കാര്യങ്ങള്‍ നമ്മെ സ്‌നേഹിക്കാത്തവരില്‍ നിന്നുപോലും ലഭിച്ചേക്കുമെന്നാണ് ഇതില്‍ നിന്ന് എനിക്ക് പഠിക്കാനായത്.

കയ്യക്ഷരത്തിന്റെ പ്രാധാന്യം?

നിങ്ങളാരാണെന്ന് നിങ്ങളുടെ കയ്യക്ഷരം പറയും. ഇന്ത്യയിലെ പ്രധാന മത്സര പരീക്ഷകളെല്ലാം കയ്യെഴുത്തിലൂടെയാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ പരീക്ഷാവിജയത്തിലെ താക്കോല്‍സ്ഥാനമാണ് കയ്യക്ഷരത്തിനുള്ളത്. കുറിപ്പുകള്‍ തയ്യാറാക്കുന്നതിനും ഗൃഹപാഠം ചെയ്യുന്നതിലും ടെസ്റ്റുകളിലും ഏറ്റവും അടിസ്ഥാനമാണ് കയ്യക്ഷരം. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ മൂല്യനിര്‍ണയം നടത്തുന്നയാള്‍ക്കും വായിക്കാവുന്ന വിധം കയ്യക്ഷരം നന്നാവല്‍ പ്രധാനമാണ്. എന്താണ് അറിയിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിഫലിപ്പിക്കാന്‍ കയ്യെഴുത്തിലൂടെ സാധിക്കണം. എഴുതിയ ഉത്തരങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിക്കേണ്ടതിനാല്‍ കയ്യക്ഷരത്തിന്റെ മികവ് നിര്‍ണായകമാണ്. മോശം കയ്യക്ഷരമാവുമ്പോള്‍ ഉത്തരം തെറ്റായി വ്യാഖ്യാനിക്കാന്‍ വരെ കാരണമായേക്കും. തീരേ ചെറിയ അക്ഷരങ്ങളില്‍ എഴുതുന്നത് ഒഴിവാക്കി, മിതമായി വലിപ്പത്തില്‍ എഴുതി ശീലിക്കണം. മത്സര പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍, ഒരു മിനിറ്റില്‍ 30-35 വാക്കുകളെങ്കിലും എഴുതാന്‍ കഴിയുന്നവരായിരിക്കണം. ഇതിന് വായനക്കൊപ്പം തന്നെ കുറിപ്പുകളെഴുതിയും ശീലിക്കണം. വളവുകളും കോണുകളും വരികളുടെ നിലവാരവും വിശകലനം ചെയ്ത് പോരായ്മകള്‍ പരിഹരിക്കണം. സിവില്‍ സര്‍വ്വീസിലെ പ്രധാന കടമ്പകളിലൊന്നും കൂടുതല്‍ മാര്‍ക്കുള്ളതും മെയിന്‍സ് പരീക്ഷയിലാണ്. ഇതാവട്ടേ എഴുത്തുപരീക്ഷയുമാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ആദ്യ മൂന്ന് ശ്രമങ്ങളിലും എനിക്ക് ജയിക്കാന്‍ കഴിയാതെ പോയതില്‍ എന്റെ മോശം കയ്യക്ഷരവും ഒരു ഘടകമായിരുന്നു. 25ാം വയസ്സില്‍ കയ്യക്ഷരം നന്നാക്കാനുള്ള പരിശീലനം നേടിയതിന് ശേഷമാണ് എനിക്ക് വിജയം ഉറപ്പിക്കാനായത്.

മോക് ഇന്റര്‍വ്യൂ?

ഓരോ മാര്‍ക്കും വിലപ്പെട്ടതിനാല്‍ ഉദ്യോഗാര്‍ത്ഥിയുടെ അന്തിമ റാങ്ക് നിര്‍ണയത്തിലും കേഡര്‍ പരിഗണിക്കുന്നതിലും ഇന്റര്‍വ്യൂവിലെ പ്രകടനം ഏറ്റവും പ്രധാനമാണ്. പേഴ്‌സണാലിറ്റി ടെസ്റ്റ് ഗൗരവമായി സമീപിക്കുകയും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്താല്‍ കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയും. ചോദ്യങ്ങള്‍ ശരിയാം വണ്ണം മനസ്സിലാക്കാനും വിശകലനം ചെയ്യാനും തെറ്റുകള്‍ ഒഴിവാക്കിയും പരിശീലിക്കാന്‍ മോക് ഇന്റര്‍വ്യൂകള്‍ ഗുണം ചെയ്യും. ശരീര ഭാഷ, അനവസരത്തിലെ ആംഗ്യങ്ങള്‍, ആശയവിനിമയത്തിലെ പോരായ്മ, ആത്മവിശ്വാസക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ മോക് ഇന്റര്‍വ്യൂവിലൂടെ സാധിക്കും. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുത്തുകഴിഞ്ഞ് അല്‍പം ഇടവേള എടുത്തതിന് ശേഷമാണ് അടുത്ത മോക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടത്. ഈ ഇടവേളകള്‍ തെറ്റുകള്‍ തിരുത്താനുള്ള അവസരമാക്കി മാറ്റണം. പരമാവധി മൂന്ന് തവണയില്‍ മോക് ഇന്റര്‍വ്യൂ അവസാനിപ്പിക്കാനും ശ്രദ്ധിക്കണം.

സിവില്‍ സര്‍വ്വീസിലെ എലിമിനേഷന്‍ റൗണ്ട്?

സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി ഓരോ വര്‍ഷവും പത്ത് ലക്ഷത്തിനും പതിനഞ്ച് ലക്ഷിത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കാറുണ്ട്. ഇവരില്‍ ഒമ്പത് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതാറ്. ഓരോ വര്‍ഷവും യു.പി.എസ്.സി പുറപ്പെടുവിക്കുന്ന ഒഴിവുകളുടെ പത്ത് മുതല്‍ 13 ഇരട്ടി വരെയാണ് പ്രിലിംസ് പരീക്ഷയില്‍ നിന്ന് രണ്ടാംഘട്ടമായ മെയിന്‍സിലേക്ക് പരിഗണിക്കാറുള്ളത്. ഏകദേശം മെയിന്‍സ് പരീക്ഷക്ക് പരമാവധി പതിമൂവായിരത്തോളം പേര്‍ക്കാണ് അവസരം ലഭിക്കാറ്. തുടര്‍ന്ന് ഒഴിവിന്റെ മൂന്നിരട്ടി പേരാണ് പേഴ്‌സണാലിറ്റി ടെസ്റ്റിന് യോഗ്യത നേടുക. അതായത് ആകെ ആയിരം ഒഴിവാണെങ്കില്‍ രണ്ടായിരത്തി അഞ്ഞൂറിനും മൂവായിരത്തിനും ഇടയില്‍ ഉദ്യോഗാര്‍ത്ഥികളെ പേഴ്‌സണാലിറ്റി ടെസ്റ്റിന് പരിഗണിക്കും. ലക്ഷങ്ങളില്‍ നിന്ന് തുടങ്ങി ആയിരത്തിലേക്ക് ചുരുക്കുന്ന പ്രക്രിയ ആയതുകൊണ്ടാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയെ എലിമിനേഷന്‍ റൗണ്ടെന്ന് വിശേഷിപ്പിക്കുന്നത്.

ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോമില്‍ (ഡാഫ്) ശ്രദ്ധിക്കേണ്ടത്?

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പ്രിലിമിനറി കടമ്പ കടന്ന് മെയിന്‍സിലേക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥി യു.പി.എസ്.സി ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിക്കുന്ന രേഖയാണ് ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം (ഡാഫ്). വളരെ ശ്രദ്ധയോടെയായിരിക്കണം ഓരോ ഉദ്യോഗാര്‍ത്ഥിയും ഡാഫ് പൂരിപ്പിക്കേണ്ടത്. കരിയര്‍ മുതല്‍ കേഡര്‍ വരെ തീരുമാനിക്കപ്പെടുന്നത് ഡാഫിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വിദ്യാഭ്യാസ യോഗ്യതകള്‍, പഠിച്ച സ്ഥാപനങ്ങള്‍, ഹോബികള്‍, കുടുംബവിവരങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. പേഴ്‌സണാലിറ്റി ടെസ്റ്റിലെ പ്രധാന ചോദ്യങ്ങളിലടക്കം ഡാഫ് ഇടംപിടിക്കുന്നതിനാല്‍ കൃത്രിമമായോ, അവാസ്തവമായോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രതികൂലമായി ബാധിക്കും.

കലക്ടറായതിന് ശേഷമുള്ള ആദ്യ ഉത്തരവ്

ആലപ്പുഴ കലക്ടറായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതായിരുന്നു ആദ്യ ഉത്തരവ്. സ്വാഭാവികമായും എല്ലാ കലക്ടര്‍മാരും ദുരന്ത നിവാരണ അതോറിറ്റി തലവന്‍ എന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാറുണ്ട്. എന്നാല്‍ അവധി നല്‍കിക്കൊണ്ട് കുട്ടികളോട് സോഷ്യല്‍ മീഡിയ വഴി നടത്തിയ ഉപദേശമാണ് ആദ്യത്തെ ഉത്തരവിനെ സവിശേഷമാക്കിയത്. ‘കനത്ത മഴയില്‍ വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോവല്ലേ, എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അഛനമ്മമാര്‍ ജോലിക്കുപോയിരിക്കും. അവരില്ലെന്ന് കരുതി പുറത്തേക്കൊന്നും പോകരുത്. പകര്‍ച്ചവ്യാധിയടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടിപിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാവൂ.’ കുട്ടികളുടെ ഭാഷയില്‍ നല്‍കിയ ഉപദേശത്തില്‍ ഒരു രക്ഷിതാവിന്റെ സാന്നിധ്യം തിരിച്ചറിയാനായത് കൊണ്ടായിരിക്കും ആ ഉത്തരവ് ശ്രദ്ധിക്കപ്പെട്ടത്.

ആദ്യത്തെ ശമ്പളം

ആലപ്പുഴയില്‍ കലക്ടറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിനാണ് കൈമാറിയത്. ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്ന കൂട്ടായ്മയാണ് സ്‌നേഹജാലകം. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ദിനേന നൂറ്റിഅമ്പതോളം പേര്‍ക്ക് ഇവര്‍ ഭക്ഷണം എത്തിച്ചു നല്‍കാറുണ്ട്. സബ്കലക്ടറായിരിക്കുമ്പോള്‍ തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ജീവിതത്തില്‍ നിരവധി പ്രാരാബ്ദങ്ങള്‍ താണ്ടിക്കയറിയ എനിക്ക് അശരണരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും വേദന നന്നായറിയാം. അവരുടെ കണ്ണീരൊപ്പാന്‍ കൂടെ നില്‍ക്കുക എന്നത് എന്റെ ബാധ്യതയാണ്. സ്വപ്‌നസാഫല്യമായി നേടിയെടുത്ത കലക്ടര്‍ പദവിയിലെ ആദ്യശമ്പളം അതുകൊണ്ട് തന്നെ പുണ്യം പ്രതീക്ഷിച്ച് സ്‌നേഹജാലകത്തിന് കൈമാറിയത്. ഭാര്യ രാഗദീപക്കും മകന്‍ റിഷിത് നന്ദക്കുമൊപ്പം സ്‌നേഹജാലകത്തിലെത്തി മകനാണ് ആദ്യശമ്പളം കൈമാറിയത്.

ആരാവണം സിവില്‍ സര്‍വന്റ്?

സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കേണ്ടവരാണ് സിവില്‍ സര്‍വ്വന്റുകള്‍. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ താഴെ തട്ടിലുള്ള ജനങ്ങള്‍ക്ക് വരെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് സിവില്‍ സര്‍വ്വന്റിന്റെ ഉത്തരവാദിത്വം. ഐ.എ.എസ് കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികളെ ഈ ലക്ഷ്യത്തിന് വേണ്ടിയാണ് വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമിക്കുന്നത്. നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിലും സിവില്‍ സര്‍വ്വന്റിന് വലിയ റോളുണ്ട്. രാജ്യത്തെ ഏത് സംസ്ഥാനത്ത് ജോലി ചെയ്യുകയാണെങ്കിലും പക്ഷപാതിത്വം ഇല്ലാതെ നാടിനോടുള്ള കൂറും അര്‍പ്പണമനോഭാവവും പൂര്‍ണമായും സമര്‍പ്പിക്കാന്‍ ഒരു സിവില്‍ സര്‍വ്വന്റിന് കഴിയണം. അപ്പോള്‍ മാത്രമേ പൂര്‍ണ മനസ്സോടെയും തുറന്ന ഇടപെടലോടെയും നാടിനെ സേവിക്കാന്‍ കഴിയൂ. അഡ്മിനിസ്‌ട്രേറ്റീവ്, ഫണ്ട് മാനേജ്‌മെന്റ്, ലോ എന്‍ഫോഴ്‌സ്‌മെന്റ്, വികസനപദ്ധതികള്‍ ഇതെല്ലാം ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും നിര്‍വ്വഹിക്കേണ്ടതാണ്. അതിനായി ഓരോ സിവില്‍ സര്‍വ്വന്റും കഠിനാധ്വാനവും സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിക്കണം. പരിമിതമായ സമരപരിധിക്കുള്ളില്‍ പരിഹരിക്കേണ്ട മര്‍മ്മപ്രധാനമായ പല വിഷയങ്ങളും നേരിടാനുണ്ടാവും. വ്യവസ്ഥാപിത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതോടൊപ്പം വിവേകത്തോടെ പെരുമാറാനും മാനുഷിക പരിഗണനയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാനും സിവില്‍ സര്‍വ്വന്റിന് കഴിയണം.

വിരമിച്ചതിന് ശേഷമുള്ള ഐ.എ.എസ് നിയമനങ്ങള്‍?

ഐ.എ.എസ് ഓഫീസറുടെ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. വിരമിച്ചതിന് ശേഷവും നിരവധി തസ്തികകളിലേക്ക് അവരെ റിക്രൂട്ട് ചെയ്യാറുണ്ട്. ട്രിബ്യൂണലുകളുടെയും കമ്മീഷണറുകളുടെയും ചുമതലകളിലേക്കാണ് സാധാരണഗതിയില്‍ പരിഗണിക്കപ്പെടാറുള്ളത്.

കുട്ടികളുടെ കലക്ടര്‍ മാമന്‍?

ആലപ്പുഴ കലക്ടറായിരുന്ന ഏഴ് മാസക്കാലം കുട്ടികള്‍ക്ക് വേണ്ടി ചിലതെല്ലാം ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഉത്തരവ് തന്നെ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. അവസാനത്തെ ഒപ്പും അവര്‍ക്ക് വേണ്ടി തന്നെയായത് ഒത്തിരി സന്തോഷം പകര്‍ന്ന ഓര്‍മ്മയാണ്. ജില്ലയിലെ അതിദരിദ്ര കുട്ടികളെ സഹായിക്കാന്‍ കുട്ടിപ്പട്ടാളത്തിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച ‘ഒരുപിടി നന്മ’ എന്ന പദ്ധതിയിലൂടെ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ച് കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തിച്ചുകൊടുക്കാനായി. പദ്ധതിയില്‍ എണ്ണൂറിലധികം സ്‌കൂളുകളിലെ കുട്ടികള്‍ കൈകോര്‍ത്തത് അഭിമാനത്തോടെ ഓര്‍ക്കുന്നു. എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ച ഒരു വിദ്യാര്‍ത്ഥിനി വെറ്റിലയും അടക്കയും നാണയവുമായി എന്റെ ചേംബറില്‍ കാണാനെത്തിയത് അമൂല്യമായ സമ്മാനമായി. എന്റെ അധ്യാപിക ബാലലത ടീച്ചറാണ് കുട്ടിയുടെ പഠനം സ്‌പോണ്‍സര്‍ ചെയ്തത്. കേരളത്തിലെ പവിത്രമായ ഒരു ആചാരരീതി ആ കുട്ടിയിലൂടെ അറിയാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി.
കലക്ടര്‍ പദവി ഒഴിയുന്ന ദിവസവും മനോഹരമാക്കിയത് കുട്ടികളാണ്. കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികള്‍ക്ക് വീടൊരുക്കാനുള്ള കരാറില്‍ അവരെ ഒപ്പമിരുത്തി ഒപ്പിട്ടുകൊണ്ടാണ് ആലപ്പുഴയിലെ എന്റെ സേവനം അവസാനിപ്പിച്ചത്. വി ആര്‍ ഫോര്‍ ആലപ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വീട് വെച്ച് നല്‍കുന്നത്.

webdesk15: