മുഖ്യമന്ത്രി പരനാറിയെന്ന് വിളിക്കേണ്ടത് ‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ’ എന്ന് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസിനെയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരുടെ മേക്കിട്ട് കയറരുത്. കൃഷ്ണദാസ് പരസ്യമായി മാപ്പുപറയണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഇന്നലെ സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെയാണ് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ് ‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ’ എന്ന് അധിക്ഷേപിച്ചത്. പ്രവർത്തകരുടെ കരഘോഷങ്ങളോടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ എൽ.ഡി.എഫ് കൺവെൻഷനിൽ കൊണ്ടു വന്നപ്പോഴും എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപം തുടർന്നു. ‘‘സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് പറഞ്ഞവർ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നിൽ പട്ടികൾ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നിൽ കാത്തുനിന്നവർ തലതാഴ്ത്തുക’’ എന്നു പറഞ്ഞാണ് സദസിലേക്ക് ഷുക്കൂറിനെ കൊണ്ടുവന്നത്.
മാധ്യമങ്ങൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും മാപ്പ് പറയില്ലെന്നും എൻ.എൻ. കൃഷ്ണദാസ് ഇന്ന് വ്യക്തമാക്കി. ‘മാധ്യമങ്ങളോടുള്ള പരാമർശം അബദ്ധം പറ്റിയതല്ല. ഉത്തമബോധ്യത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷുക്കൂറിന്‍റെ വീട്ടിലെത്തിയ മറ്റ് പാർട്ടിക്കാരെ കൂടി ഉദ്ദേശിച്ചാണ് പരാമർശം നടത്തിയത്. മാപ്പ് ആവശ്യപ്പെട്ടുള്ള കേരള പത്രപ്രവർത്തക യൂണിയന്‍റെ പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെ’ എന്നും കൃഷ്ണദാസ് പറഞ്ഞു.
‘പട്ടി’ പരാമർശത്തിൽ എൻ.എൻ. കൃഷ്ണദാസിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ‘പട്ടി’ പരാമർശം ആപേക്ഷികമായി ശരിയല്ലേ എന്ന് മാധ്യമപ്രവർത്തകരോട് ഗോവിന്ദൻ ചോദിച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന പദങ്ങളാണവ. ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.