X

കേരളത്തിന്റെ മുഖ്യമന്ത്രി എത്താത്തിടത്ത് രാഹുല്‍ എത്തിയെന്ന് കൃപേഷിന്റെ പിതാവ്

കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്‌ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചെയ്തവരോടും ഇത് തന്നെ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൃപേഷിനേയും ശരത്‌ലാലിനേയും ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് പെരിയയില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. അതിന് കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും കുടുംബത്തിന് ഉറപ്പുനല്‍കിയതായും രാഹുല്‍ഗാന്ധി പറഞ്ഞു. രണ്ടുപേരുടേയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം രാഹുല്‍ഗാന്ധി കാസര്‍കോഡുനിന്ന് മടങ്ങിയിരിക്കുകയാണിപ്പോള്‍.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തിടത്താണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നതെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു. അടുത്തുവരെ വന്നിട്ട് മുഖ്യമന്ത്രി വീട്ടിലേക്ക് വന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടി തെറ്റ് ചെയ്തുവെന്ന ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍കോഡേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂരിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം ഷുഹൈബിന്റെ മാതാപിതാക്കളുമായും രാഹുല്‍ സംസാരിച്ചു.

chandrika: