നാടിന്റെ വികസനം റോഡില്‍ കാണാമെന്നതാണ് വാസ്തവം. ഗതാഗത സംവിധാനങ്ങള്‍ അത്യുന്നതിയിലാവുമ്പോള്‍ എവിടെയും തിരക്ക് എന്നൊരു പ്രതിഭാസമില്ല. ഇന്ന് നമുക്ക് മോസ്‌കോ നഗരത്തിലൂടെ യാത്ര ചെയ്താലോ….
റോഡുകള്‍ അതിവിശാലവും സുന്ദരവുമാണ്. നാല്, അഞ്ച്, ആറ് വരിപ്പാതകള്‍. എല്ലാം നല്ല ടാറിട്ട റോഡുകള്‍. കല്ല് പാകിയ റോഡുകളുമുണ്ട്. റോഡുകളുടെ സവിശേഷതകളില്‍ രണ്ടെണ്ണം പറയാം. ഒന്ന് വൃത്തി-പൊടി പോലും കാണില്ല കണ്ടുപിടിക്കാന്‍. രണ്ട്- റോഡിന് ഇരുവശവുമായി ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. മോസ്‌കോ മെട്രോ നഗരത്തിലെ റോഡുകളെക്കുറിച്ചാണ് പറയുന്നത്-വലിയ നഗരത്തിലെ വലിയ റോഡുകള്‍ക്ക് വശങ്ങളിലായി തണല്‍ മരങ്ങളും ഇരിപ്പിടങ്ങളുമുണ്ടെന്ന് പറയുമ്പോള്‍ ഓര്‍ക്കുക എത്ര വിശാലാമാണ് ആ കാഴ്ചപ്പാട്. ദിവസവും അഞ്ചിലധികം തവണ വലിയ ചുവന്ന ലോറികള്‍ വരും-റോഡ് വൃത്തിയാക്കാന്‍. ലോറികളില്‍ നിറയെ വെള്ളമാണ്. ലോറിക്ക്് മുന്നില്‍ രണ്ട് പൈപ്പുകള്‍. അവ നല്ല ശക്തിയില്‍ റോഡിലേക്ക് വെള്ളം പമ്പ് ചെയ്യും. ഫൂട്ട്പാത്തുകള്‍ക്ക് നമ്മുടെ റോഡിന്റെ വീതിയുണ്ട്. ഫൂട്പാത്തുകളിലായി മാലിന്യം നിക്ഷേപിക്കാന്‍ വലിയ വെയിസ്റ്റ് ബിനുകള്‍, ബാത്ത് റൂമുകളുമുണ്ട്. ചില റോഡുകള്‍ക്ക്് സമാന്തരമായി നല്ല പാര്‍ക്ക് റോഡുകളുണ്ട്. അതിസുന്ദരമായ പാര്‍ക്കുകള്‍. ഇവിടെ നടക്കാം, ജോഗ് ചെയ്യാം, ഇരിക്കാം, സല്ലപിക്കാം-പിന്നെ ഭക്ഷണവുമാവാം. എല്ലായിടത്തും പക്ഷേ വൃത്തിയുടെ കണ്ണുകളുണ്ട്. നിങ്ങള്‍ അലക്ഷ്യമായി ഒരു കടലാസ് വലിച്ചെറിഞ്ഞാല്‍ നോട്ടപ്പുള്ളിയായി മാറും.
റോഡുകള്‍ കീഴടക്കുന്നത് പ്രധാനമായും കാറുകളാണ്. അടിപൊളി അത്യാധുനികന്മാര്‍ റോഡിലങ്ങനെ പറക്കും. ഇടക്ക് ചെത്ത് പയ്യന്‍സിന്റെ മെഗാ ബുള്ളറ്റുകളും. പിന്നെ യാത്രാ ബസ്സുകള്‍. അവ മൂന്ന് തരമുണ്ട്. ഒന്ന് ലോംഗ് റൂട്ട് ബസ്സുകളാണ്. മോസ്‌കോയില്‍ നിന്നും രാജ്യത്തെ മറ്റ് സിറ്റികളിലേക്ക് പായുന്ന വോള്‍വോ ബസ്സുകള്‍. അവയ്ക്ക് പ്രത്യേക അതിവേഗ റോഡാണ്. രണ്ട് സാധാരാണ സിറ്റി ബസ്സുകള്‍. മൂന്ന്, ഇലക്ട്രിക്ക് ട്രോളി ബസ്സുകള്‍-അവയാണ് ഷട്ടില്‍ സര്‍വീസ് നടത്തുക. ഇതിന് പുറമെ ചെറിയ ടെംമ്പോ ട്രാവലറുകളുണ്ട്. അവ ഓരോ മെട്രോ സ്‌റ്റേഷന് പുറത്തുമുണ്ടാവും. ആളെ വിളിച്ചു കയറ്റി പോവും. ടാക്‌സികളില്‍ കാറുകള്‍ തന്നെ മുന്നില്‍. എല്ലാം മീറ്റര്‍ കാറുകളാണ്. ചതിക്കപ്പെടുകയില്ല. ബസ്സില്‍ കണ്ടക്ടറുണ്ടാവില്ല. ഡ്രൈവര്‍ മാത്രം. നിങ്ങള്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ആദ്യം ടിക്കറ്റെടുക്കുക. ബസ്സില്‍ കയറുമ്പോള്‍ അത് സ്വാപ്പ് ചെയ്യുക. എല്ലാ വാഹനങ്ങളിലും ബസ്സിലും ട്രെയിനിലുമെല്ലാം യാത്ര ചെയ്യാന്‍ ഒറ്റ ടിക്കറ്റും കിട്ടും. സ്വാപ്പ് ചെയ്യുമ്പോള്‍ പച്ച ലൈറ്റ് പ്രകാശിക്കും. അതോടെ യാത്രക്ക് അനുമതിയായി.
ബസ്സിനെക്കാള്‍ ജനം ഇവിടെ ആശ്രയിക്കുന്നത് മെട്രോ ട്രെയിനുകളെയാണ്. അത് ശരിക്കും ലോകാത്ഭുതമാണ്. പന്ത്രണ്ട് ലൈനുകള്‍, 240 സ്റ്റേഷനുകള്‍, പതിനായിരത്തോളം ട്രെയിനുകള്‍, ഓരോ 90 സെക്കന്‍ഡിലും ഒരു ട്രെയിന്‍. മോസ്‌കോയില്‍ നിങ്ങളെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് മെട്രോ മാപ്പ് വാങ്ങുക. അല്ലെങ്കില്‍ സ്വന്തം മൊബൈലില്‍ അത് ഡൗണ്‍ലോഡ് ചെയ്യുക. പിന്നെ അതിവിശാല നഗരം കാണാന്‍ ഒരു പ്രയാസവുമില്ല. മെട്രോ പാത അണ്ടര്‍ ഗ്രൗണ്ടാണ്. തടസ്സങ്ങളൊന്നുമില്ല. രണ്ടും മൂന്നും ദിവസമെടുത്താലും മോസ്‌കോ നഗരം കണ്ട് കഴിയില്ല. അത്രമാത്രം വലുപ്പത്തിലും വിശാലതയിലുമാണ് നഗരം കിടക്കുന്നത്. നിറയെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാമായി എല്ലാവര്‍ക്കും എപ്പോഴും ആസ്വദിക്കാവുന്ന നഗരം.
ട്രെയിനുകളിലെ ഭീകരന്‍ ബുള്ളറ്റ് ട്രെയിനുകളാണ്. വേഗതയുടെ സുല്‍ത്താന്‍. 400 കിലോമീറ്റര്‍ പിന്നിടാന്‍ മൂന്ന് മണിക്കൂര്‍. അതായത് നമുക്ക് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് 400 കിലോമീറ്റര്‍ പിന്നിടാന്‍ 10 മണിക്കൂര്‍ വേണ്ടേ, ബുള്ളറ്റ് ട്രെയിന്‍ കയറി മോസ്‌കോയില്‍ നിന്നും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്താന്‍ മൂന്നര മണിക്കൂര്‍. ദൂരം 400 ലധികം കിലോമീറ്ററുണ്ട്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുക. കൃത്യസമയത്ത്് തന്നെ ട്രെയിന്‍ പുറപ്പെടും. നമ്മുടെ നാട്ടിലെ റെയില്‍വേ അറിയിപ്പ് പോലെ തിരുവനന്തപുരത്ത് നിന്നും കുര്‍ള വരെ പോകുന്ന നേത്രാവതി എക്‌സ്പ്രസ്സ് അഞ്ച് മണിക്കൂര്‍ െൈവകി ഓടുകയാണ്. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യങ്ങളില്‍ റെയില്‍വേ ഖേദിക്കുന്നു എന്ന തരത്തിലുള്ള വൈകല്‍ പ്രഖ്യാപനമൊന്നും ഇവിടെയില്ല. കിറുകൃത്യം-വണ്ടി പുറപ്പെട്ടിരിക്കും. നിങ്ങള്‍ സ്വന്തം സീറ്റില്‍ നേരത്തെ എത്തുക. സീറ്റ് ബെല്‍റ്റ് ധരിക്കുക. പിന്നെ ഒന്നുമറിയണ്ട-ഞെട്ടല്‍ ഇല്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താം.
സാധാരണ ലോംഗ് റൂട്ട് ട്രെയിനുകള്‍ വേറെയുണ്ട്. അവയ്ക്ക് നമ്മുടെ ട്രെയിനുകളുടെ വേഗതയാണ്. പക്ഷേ സമയകാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ഉള്‍പ്രദേശങ്ങളിലേക്ക് പോവാന്‍ ട്രെയിന്‍ കാറുകളുണ്ട്. ഒന്നോ രണ്ടോ ബോഗികള്‍ മാത്രമുള്ള ട്രെയിനുകള്‍. ഇവയാണ് കാര്യമായി ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. മോസ്‌കോ നഗരത്തില്‍ മാത്രമുണ്ട് രണ്ട് വിമാനത്താവളങ്ങള്‍. അവിടെ നിന്നും ഇടതടവില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ പറക്കുന്നു.
സ്വകാര്യ കാറുകള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷേ ജനം അത് അധികം ഉപയോഗിക്കാറില്ല. സൈക്കിള്‍ താല്‍പര്യമുള്ളവര്‍ക്ക്്് നല്ല സൈക്കിള്‍ പാതയുമുണ്ട്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന മോട്ടോര്‍ നിയന്ത്രിത ഹാന്‍ഡ് സൈക്കിളും ധാരാളമുണ്ട്. കോട്ടും സുട്ടൂമിട്ട് ഉദ്യോഗസ്ഥര്‍ ഇതില്‍ പറക്കുന്നത് കാണാം. പത്ത് ദശലക്ഷത്തോളമുണ്ട് മോസ്‌കോ നഗരത്തില്‍ ജനം. എന്നിട്ടും ഒരു തിരക്കുമില്ല. എല്ലായിടത്തും ശാന്തമായ ഒഴുക്ക്.
- 7 years ago
chandrika