കോഴിക്കോട്: കേരളത്തിലെ സാംസ്‌കാരിക പ്രബുദ്ധത തകര്‍ക്കാനുള്ള ദുഷ്ടശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് ചേരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. രാജ്യത്തൊട്ടാകെ നടക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ സാഹിത്യകാരന്‍മാര്‍ നിതാന്തജാഗ്രത പുലര്‍ത്തണം.
അസഹിഷ്ണുത കൂടുതല്‍ നിലനില്‍ക്കുന്നത് ഈ രംഗത്താണ്. എഴുത്തുകാരോട് അവര്‍ എന്ത് എങ്ങനെ എഴുതണമെന്ന് കല്‍പ്പിക്കുന്ന ഇരുണ്ട കാലത്താണ് നാം ജീവിക്കുന്നത്. സാഹിത്യത്തിനു പുറത്തു നിന്നുകൊണ്ടു അവസാനവാക്കു പറയാനാണ് അത്തരം ശക്തികള്‍ ശ്രമിക്കുന്നത്. കോഴിക്കോട്ട് ബീച്ചില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത കലയുടെ രംഗത്തു കൈവച്ചാല്‍ മൗലികതയുടെതായ പൊടിപ്പുകള്‍ പോലും ആ രംഗത്തുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ലെന്ന് കുറച്ചുകാലം മുമ്പുവരെ നമ്മള്‍ ആശ്വാസം കൊണ്ടിരുന്നു. എന്നാല്‍ എം.ടിക്കും കമലിനുമെതിരെ അടുത്തകാലത്തായി ഭീഷണിയുണ്ടായി. സമൂഹം ചിന്താപരമായി വളരാതിരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. ഇതുവഴി പുതിയതും മൗലികവുമായ ചിന്തകള്‍ ഉയരാതെ വരും. സമൂഹത്തിനകത്ത് വിഷാണുക്കള്‍ പ്രവഹിപ്പിച്ച് രോഗഗ്രസ്ഥമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലെഴുതാനുള്ള അവസരമുണ്ടാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നു കേരളത്തില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. കേരളീയര്‍ക്കു മലയാളത്തില്‍ നീറ്റ് പരീക്ഷയെഴുതാന്‍ പറ്റില്ല.
എന്നാല്‍ തമിഴിലും ബംഗാളിയിലും അസമീസുമെല്ലാം എഴുതാന്‍ പറ്റുന്നുമുണ്ട്. ഈ മനോഭാവത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും. ഭരണഭാഷ മലയാളമാക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയാള മാധ്യമത്തിലുള്ള പഠനം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം. മുകുന്ദന്‍ പ്രഭാഷണം നടത്തി. കെ. സച്ചിദാനന്ദന്‍, രവി ഡി.സി, എ.കെ അബ്ദുല്‍ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് ബീച്ചില്‍ നാല് വേദികളിലായി നടന്നുവരുന്ന കേരള സാഹിത്യോത്സവത്തിന് ഇന്ന് തിരശീലവീഴും. രാവിലെ 9.30ന് പ്രധാനവേദിയായ എഴുത്തോലയില്‍ നടക്കുന്ന ആദ്യ സെഷനില്‍ ദേശഭാവനകള്‍ സാഹിത്യത്തില്‍ വിഷയത്തില്‍ യു.എ ഖാദര്‍, യു.കെ കുമാരന്‍, സി.വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന മുഖാമുഖം പരിപാടിയില്‍ റൊമില ഥാപ്പര്‍, ഡോ.രാജന്‍ ഗുരുക്കള്‍ എന്നിവര്‍ പങ്കെടുക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തും.