X

അന്നാ കരീനീനയും പിന്നെ ലുബിയങ്ക സ്‌ക്വയറും

ലുബിയങ്ക സ്‌ക്വയര്‍

കമാല്‍ വരദൂര്‍

റഷ്യന്‍ വിപ്ലവചരിത്രം പഠിക്കാത്തവരുണ്ടാവില്ല.. ലിയോ ടോള്‍സ്‌റ്റോയിയെ അറിയാത്തവരുമുണ്ടാവില്ല. ചരിത്രവും സാഹിത്യവും കൈകോര്‍ക്കുന്ന കാഴ്ചയില്‍ സമ്പന്നമാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. ചരിത്രത്തെ സ്‌നേഹിക്കാത്തവര്‍ ഇവിടെയില്ല. മോസ്‌ക്കോ നഗരത്തിലുടനീളം ചരിത്ര സ്മാരകങ്ങളാണ്. ചെറിയ നഗരമല്ല മോസ്‌ക്കോ-പടര്‍ന്നു പന്തലിച്ചങ്ങനെ കിടക്കുന്നു. പുരാതന റഷ്യ കലാസാംസ്‌കാരിക മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളനവധിയായിരുന്നു. സോവിയറ്റ് നാടുകളുടെ കാലത്തായിരുന്നു റഷ്യന്‍ സാഹിത്യലോകം സമ്പന്നതയുടെ വേദികളായിരുന്നത്. നോവലുകളും കഥകളും കവിതകളും നാടകങ്ങളുമെല്ലാമായി ആ സുവര്‍ണ കാലത്തിന്റെ പ്രതീകങ്ങള്‍ ഇന്ന് മോസ്‌ക്കോയിലും പരിസരങ്ങളിലുമെല്ലാമുണ്ട്. ലോകകപ്പ്് നടക്കുന്ന കളിമുറ്റങ്ങളിലേക്ക് പോവുമ്പോള്‍ അവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത് പഴയകാല ക്ലാസിക്കുകളാണ്. അറിയില്ലേ ലിയോ ടോള്‍സ്‌റ്റോയി എന്ന എഴുത്തുകാരനെ. അദ്ദേഹത്തിന്റെ വചനങ്ങള്‍ എല്ലായിടത്തും ആലേഖനം ചെയ്തിരിക്കുന്നു. അലക്‌സാണ്ടര്‍ പുഷ്‌കിന്‍, വാസിലി ഷുക്കറോവ്‌സ്‌ക്കി, നിക്കോളായി ഗോഗോയി, മാക്‌സിന്‍ ഗോര്‍ക്കി തുടങ്ങി ലോകത്തിന് പരിചയമുളള റഷ്യന്‍ സാഹിത്യകാരന്മാരുടെ രചനകളും അവരുടെ സംഭാവനകളുമെല്ലാം കാലത്തിനൊപ്പം അതിജയിച്ച് നില്‍ക്കുന്ന സ്മാരകങ്ങളായി ഇവിടെയുണ്ട്.

ലോകത്ത് ഏറ്റവുമധികം വായനാശീലമുള്ളവര്‍ റഷ്യക്കാരാണെന്ന് പറയാറുണ്ട്. നല്ല വായനയിലൂടെ നന്മയുടെ വക്താക്കളാവാമെന്ന പുഷ്‌കിന്റെ വചനം പോലെയാണ് പുതിയ തലമുറയുടെ വഴിയുമെന്നതാണ് സന്തോഷദായകം. ആധുനികതയിലേക്ക് റഷ്യയെ കൊണ്ട് വരുക എന്നതാണ് വ്‌ളാദിമിര്‍ പുടീന്റെ ഭരണലക്ഷ്യങ്ങളില്‍ പ്രധാനം. ലോകകപ്പ് പോലും ആ വഴിയിലെ വിരുന്നാണ്. അപ്പോഴും ഇന്നലെകളിലെ സമ്പന്നതയെ അവര്‍ വിസ്മരിക്കുന്നില്ല. പുതിയ തലമുറ ഐ ഫോണ്‍ സ്‌നേഹികളാണ്. ഇവിടെ കാണുന്നതെല്ലാം ഐ ഫോണ്‍ മയമാണ്. പക്ഷേ ഏറ്റവും പുതിയ സാങ്കേതികതയെ ഉപയോഗപ്പെടുത്തി ഫോണ്‍ വഴി ഇ-വായനക്കൊപ്പം നില്‍ക്കുന്നു യുവത.

ഇന്നലെ മെട്രോയില്‍ ലൂഷിനിക്കി സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങുമ്പോള്‍ സമീപത്ത് ഒരു മധ്യവയസ്‌ക്ക. അവരുടെ കൈവശം ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാത നോവല്‍ അന്നാ കരീനീന. വയനാട് പൂതാടി ശ്രീനാരായണ ഹൈസ്‌ക്കൂളിലെ സോഷ്യല്‍ സ്റ്റഡീസ് അധ്യാപകന്‍ ശിവരാമന്‍ സാറെ പെട്ടെന്ന് ഓര്‍മ വന്നു-അദ്ദേഹമാണ് ആദ്യമായി ഞങ്ങളോട് റഷ്യന്‍ ക്ലാസിക്കുകളെ പറ്റി പറഞ്ഞ് തന്നത്. ലിയോ ടോള്‍സ്റ്റോയിയെയും അന്നാ കരീനനയെയുമെല്ലാം അദ്ദേഹമാണ് പരിചയപ്പെടുത്തിയത്. അന്ന് മുതലുണ്ടായിരുന്ന ടോള്‍സ്‌റ്റോയി സ്‌നേഹം അതേ ടോള്‍സ്‌റ്റോയിയുടെ നാട്ടില്‍ തന്നെ കാണുമ്പോള്‍ അത്ഭുതം തോന്നി. പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണ് അന്നാ കരീനീന. കൃത്യമായി പറഞ്ഞാല്‍ 1878 ല്‍. റഷ്യന്‍ ജീവിതത്തെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത ആദ്യ ഗ്രന്ഥങ്ങളിലൊന്ന്. ഇപ്പോഴും ആ പുസ്തകത്തിന് നല്ല ഡിമാന്‍ഡാണ്. തിരക്കില്‍ പായുന്ന മെട്രോയിലും ആ വനിത പുസ്തകപാരായണത്തില്‍ മുഴുകി തന്നെയാണ്. സമീപത്ത് വന്നിരിക്കുന്നവരെ പോലും ശ്രദ്ധിക്കാതെയുള്ള വായന. ഞങ്ങളെല്ലാം സ്‌റ്റേഷനിലിറങ്ങിയിട്ടും അവരുടെ വായന അവസാനിച്ചിരുന്നില്ല.

ഫിഫ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ അര്‍സാനിയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ഡെന്‍മാര്‍ക്കിന്റെ തോമസ് ഡെലനിയും ഹെന്റിക് ഡാല്‍സ്ഗാര്‍ഡും

നാടകങ്ങളുടെ ഈറ്റില്ലമാണ് ഇന്നും റഷ്യയും പ്രത്യേകിച്ച് മോസ്‌ക്കോ. നമ്മുടെ നാട്ടില്‍ സിനിമാ തിയേറ്ററുകളാണ് കൂടുതലെങ്കില്‍ ഇവിടെ നാടകങ്ങള്‍ക്കായി വലുതും ചെറുതുമായി നിരവധി തിയേറ്ററുകളുണ്ട്. വര്‍ഷത്തില്‍ 365 ദിവസങ്ങളിലും സ്വദേശികള്‍ ഒരുക്കിയ നാടകങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ടിക്കറ്റ് വെച്ചാണ് പരിപാടികള്‍. എല്ലാ ദിവസങ്ങളിലും സാമാന്യം നല്ല ജനക്കൂട്ടം നാടകങ്ങള്‍ ആസ്വദിക്കാനെത്തുന്നുണ്ട്. നാടക പഠനത്തിനും ഗവേണഷത്തിനുമായി അക്കാദമികളുണ്ട്. സംഗീത നാടകങ്ങളാണ് റഷ്യയിലെ മറ്റൊരു സവിശേഷത. നല്ല പാട്ടുകളെ അവര്‍ നാടകങ്ങളായി അവതരിപ്പിക്കും. ലൂഷിനിക്കി സ്‌റ്റേഡിയത്തിലേക്ക് വരുമ്പോഴെല്ലാം ഇത്തരക്കാരെ കാണാം. അവര്‍ വഴിയരികില്‍ ചെറിയ സംഗീത ഉപകരണങ്ങളുമായി വരുന്നു. ചിലപ്പോള്‍ ട്രൂപ്പില്‍ രണ്ടോ മൂന്നേ പേരുണ്ടാവാം. സുന്ദരമായി സംഗീതോപകരണം വായിച്ച് നാടകം അവതരിപ്പിക്കും. തെരുവു നാടകങ്ങള്‍ എന്ന സങ്കല്‍പ്പത്തിന്റെ പുതിയ രൂപം. പക്ഷേ ഒരു ബഹളത്തിനും ഇവര്‍ തയ്യാറില്ല. പഴയ ക്ലാസിക്കുകളെ അവതരിപ്പിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചില്ലറ നല്‍കാം. അങ്ങനെ നല്‍കാറുണ്ട് എല്ലാവരും. അര മണിക്കൂര്‍ ദീര്‍ഘിക്കും ഈ മ്യുസിക്ക് ഡ്രാമ. അത് കഴിഞ്ഞ് അവര്‍ മറ്റൊരു കേന്ദ്രത്തിലേക്ക് പോവും.

ലൈബ്രറികള്‍ അതിസമ്പന്നമാണ്. നമ്മുടെ നാട്ടിലേത് പോലെ തന്നെ എല്ലാതരം പുസ്തകങ്ങളുടെയും കേന്ദ്രം. ലൈബ്രറിയില്‍ നിങ്ങള്‍ക്ക് അംഗത്വമെടുക്കാം-പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോവാം. മോസ്‌ക്കോ സ്‌റ്റേറ്റ് ലൈബ്രറിയാണ് വലിയ പുസ്തകശാല. അതിപുരാതന കെട്ടിട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അംഗീകൃത ലൈബ്രറി തന്നെയാണ് റഷ്യന്‍ ചരിത്രത്തിന്റെ നല്ല സ്മാരകം. സോവിയറ്റ് കാലത്ത്, കമ്മ്യൂണിസ്റ്റ് കാലത്ത്, പെരിസ്‌ട്രോയിക്ക കാലത്ത്, ആധുനിക കാലത്ത്-കാലങ്ങളുടെ സഞ്ചാരത്തില്‍ എങ്ങനെയായിരുന്നു റഷ്യന്‍ ജീവിതമെന്നറിയാന്‍ ഒരു ദിവസം ഇവിടെ ചെലവഴിച്ചാല്‍ മതി. രാവിലെ ഒമ്പത് മണിക്ക് തന്നെ ലൈബ്രറി തുറക്കും. വലിയ പ്രശ്‌നം നിങ്ങള്‍ക്ക് റഷ്യന്‍ ഭാഷ വഴങ്ങുമെങ്കില്‍ മാത്രമാണ് ഇവിടെ ചെലവഴിച്ചിട്ട് കാര്യമുള്ളു എന്നതാണ്. സോവിയറ്റ് ഭരണകാലത്തെക്കുറിച്ച് ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ടല്ലോ-ആ കാലത്തിന്റെ ചരിത്രവും സത്യവുമറിയാന്‍ ലുബിയന്‍ങ്ക സ്‌ക്വയറിലെത്തിയാല്‍ മതി. പുരാതനകാല വാസ്തുശില്‍പ്പകലയുടെ മകുടോദാഹരണമാണ് ലുബിയന്‍ങ്ക സ്‌ക്വയറിലെ വലിയ കെട്ടിടം. ഇവിടെയാണ് കുപ്രസിദ്ധമായ കെ.ജി.ബി ആസ്ഥാനം. റഷ്യന്‍ രഹസ്യ പൊലീസ് പ്രതിഷേധക്കാരെ വേട്ടയാടിയ സ്ഥലം. റവല്യൂഷണറി സ്‌ക്വയര്‍, കാറല്‍ മാര്‍ക്‌സിന്റെ പ്രതിമ, പഴയ സര്‍ ചക്രവര്‍ത്തിമാരും ബൊള്‍ഷെവിക്ക്‌സും തമ്മില്‍ രൂക്ഷ സംഘര്‍ഷം നടന്ന മെട്രോപോള്‍ ഹോട്ടല്‍ തുടങ്ങിയവയെല്ലാം അരികിലാണ്. റെവല്യൂഷനറി സ്‌ക്വയര്‍ എന്ന മെട്രോ സ്‌റ്റേഷന്‍ തന്നെയുണ്ട്. സോവിയറ്റ് കാലത്തെ 76 വെങ്കല പ്രതിമകള്‍ ഇപ്പോഴും ഉണ്ടിവിടെ. സോവിയറ്റ് കാലത്തെ വാസ്തുശില്‍പ്പകലയെയും ചരിത്രത്തെയും അറിയാന്‍ ഏറ്റവും നല്ല മറ്റൊരു സ്ഥലമാണ് രണ്ടാംലോകമഹായുദ്ധ കാലത്തെ സ്മാരകം. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളും താമസിച്ച കോസ്‌മോസ് ഹോട്ടല്‍ അരികിലുണ്ട്. ഇത്തരത്തില്‍ കാലത്തിന്റെ അടയാളങ്ങളുടെ മഹാസമ്മേളന വേദിയാണ് മോസ്‌ക്കോ. ഇവയെല്ലാം പരിപാലിക്കുന്നു ഭരണകൂടമെന്നതാണ് സവിശേഷത. ഇന്നലെകളെ ആരും മറക്കുന്നില്ല. ഉന്നതിയിലേക്കുള്ള യാത്രയില്‍ ഒരു തിരിഞ്ഞ് നോട്ടം നിര്‍ബന്ധമാണെന്നതാണ് റഷ്യ നല്‍കുന്ന വലിയ വിപ്ലവ മുദ്രാവാക്യം.

chandrika: