കെ.പി ജലീല്‍
റോഡ് ക്യാമറ അഴിമതി പ്രതിപക്ഷം വ്യാപകമായി തെളിവുകളുടെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചപ്പോഴെല്ലാം അത് തങ്ങള്‍ക്കറിയില്ലെന്നും സുതാര്യമാണെന്നുമൊക്കെയായിരുന്നു സര്‍ക്കാരിന്റെ മറുപടികള്‍. വികസനപദ്ധതികളെ പ്രതിപക്ഷം തകര്‍ക്കുകയാണെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മറുപടി. എന്നാല്‍ ഹൈക്കോടതി ഇതിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ ഇന്ന് പുറപ്പെടുവിച്ച വിധി കെ.റെയിലിന്റെ കാര്യത്തിലെന്ന പോലെ എ.ഐ ക്യാമറ വിഷയത്തിലും സര്‍ക്കാരിന്റെ കോഴക്കഥ പിടികൂടും.
236വ കോടി രൂപ ചെലവഴിച്ച് റോഡരികില്‍ 756 എ.ഐ ക്യാമറ വെക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ ട്രോണിനെ കരാര്‍ ഏല്‍പിച്ചെങ്കിലും അതിനുള്ള സാങ്കേതിക ജ്ഞാനമോ പ്രവൃത്തി പരിചയമോ സ്ഥാപനത്തിനില്ലായിരുന്നിട്ടും കെ.ഫോണ്‍ ചുമതലയുള്ള എസ്.ആര്‍.ഐ.ടിയെ ഉപകരാര്‍ ഏല്‍പിക്കുകയായിരുന്നു. ചൈനയുടെ വിലകുറഞ്ഞ കേബിളുകള്‍ കെ.ഫോണിനായി വാങ്ങി വന്‍ അഴിമതി നടത്തിയ ഈ കമ്പനിയെ വീണ്ടും കെ.റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഏല്‍പിക്കുക വഴി സര്‍ക്കാരിലെയും സി.പി.എമ്മിലെയും ഉന്നതരുടെ നോട്ടം കോടികളുടെ കള്ളപ്പണവും കമ്മീഷനും അടിച്ചുമാറ്റുകയായിരുന്നു. അഴിമതിയോട് സന്ധിയില്ലെന്ന് ആണയിട്ട് അധികാരത്തിലെത്തിയവരാണ് ഇത്തരത്തില്‍ ശതകോടികള്‍ രണ്ട് പദ്ധതികളിലായി അടിച്ചുമാറ്റിയത്. കെ.റെയില്‍ പദ്ധതിക്കായി മഞ്ഞക്കുറ്റി ഇട്ടതിലും വലിയ അഴിമതി ആരോപണം ഉയരുകയും കോടതി കുറ്റിയിടീല്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
കെല്‍ട്രോണിനെ കരാര്‍ ഏല്‍പിച്ചെന്നും അവരെന്തുചെയ്‌തെന്ന് തങ്ങള്‍ക്കറിയേണ്ടതില്ലെന്നുമുള്ള ന്യായമാണ് കോടതി വിധിയോടെ പൊളിഞ്ഞിരിക്കുന്നത്. ഇതുവഴി ഖജനാവിന് ലാഭമാണോ നഷ്ടമാണോ എന്ന് കണ്ടെത്താനും ഇനി പണം കൊടുത്തുപോകരുതെന്നുമാണ് ജസ്റ്റിസുമാര്‍ കല്‍പിച്ചിരിക്കുന്നത്.
അഴിമതി കള്‍ മറയ്ക്കാനായി എസ്.എഫ്.ഐക്കാരുടെ കള്ളക്കളികളിന്മേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വിഷയം തിരിച്ചുവിടുകയും ചെയ്ത സര്‍ക്കാരിനും സി.പി.എമ്മിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഏതായാലും ഇതിലൂടെ സര്‍ക്കാരിനെ കയ്യോടെ പിടികൂടാനുള്ള അവസരമാണ് പ്രതിപക്ഷത്തിനും ജനത്തിനും വന്നുചേര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും മാത്രമല്ല, പ്രതിപക്ഷത്തിനാകെയും ജനത്തിനും ഈ പോരാട്ടത്തില്‍ അഭിമാനിക്കാം. തമിഴ്‌നാട്ടിലോ മറ്റ് പലസംസ്ഥാനങ്ങളിലോ ഇതുവരെയും നടപ്പാക്കാത്ത റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.