X

കെ.റെയില്‍ കേസുകള്‍ ഉടന്‍ റദ്ദാക്കണം- എഡിറ്റോറിയല്‍

കെ റെയില്‍ അതിവേഗ പാതാനിര്‍മാണവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനത്തിനെന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ച അതിര്‍ത്തി നിര്‍ണയക്കല്ലുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരും പൊലീസും ജനങ്ങള്‍ക്കെതിരെ നല്‍കിയ പരാതികളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. കെ റെയില്‍ സ്ഥാപിക്കുന്നതും അത് തങ്ങളുടെ വാസയിടങ്ങള്‍ കൈയ്യേറിയുമാണെന്നതിനാല്‍ ജനങ്ങളില്‍ മഹാഭൂരിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ യുദ്ധസമാനം നെഞ്ചത്തു ചവിട്ടിയതും അടിച്ചൊതുക്കിയതും കേസുകളെടുത്തതും. സര്‍ക്കാറിന്റെ ഉന്നതരറിയാതയാവില്ല ഈ കേസുകളെല്ലാമെന്നിരിക്കെ അതുമായി മുന്നോട്ടുപോകുന്നത് സി.പി.എമ്മും മുന്നണിയും കരുതിക്കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടിയാണെന്നുവേണം മനസിലാക്കാന്‍. 60 ഓളം കേസുകളിലായി സംസ്ഥാനത്തെ അറുനൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കുറ്റപത്രം ചുമത്താന്‍ പോകുന്നത്. കെ റെയില്‍ കല്ലുകള്‍ പൊതുമുതലാണെന്നും അവ സ്ഥാപിക്കുന്നത് തടസപ്പെടുത്തുകയും പിഴുതെറിയുകയും ചെയ്തത് കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തലാണെന്നും സ്റ്റേറ്റിനെതിരാണെന്നും പറഞ്ഞാണത്രെ ജനങ്ങളെ ജയിലിടക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ഹീനശ്രമം. എന്തുവന്നാലും ജനവിരുദ്ധമായ കെ റെയില്‍ കേരളത്തില്‍ നടപ്പാക്കുമെന്നാണ് ഇതിലൂടെ സി.പി.എമ്മും സര്‍ക്കാരും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നര്‍ത്ഥം.

ഇതിനകം 160 കിലോമീറ്റര്‍ ദൂരത്തില്‍ ജനവാസ ഇടങ്ങളിലാണ് കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനായി 6300 കല്ലുകള്‍ചെലവായി. കല്ലൊന്നിന് 5000 രൂപ വെച്ച് മറ്റു ചെലവടക്കം ഇതിനുവന്ന ചെലവാകട്ടെ മൂന്നു കോടിയിലധികം രൂപയാണ്. ഈ പണം ആരുടെ കയ്യില്‍നിന്ന് ഈടാക്കുമെന്ന് വ്യക്തമല്ല. ഒരു വര്‍ഷത്തോളമായി കോവിഡിന്റെയും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും പിടിയിലകപ്പെട്ടിരിക്കുന്ന ജനതയുടെ കൂരകള്‍കൂടി പിഴുതെറിയുന്ന നടപടിക്കെതിരെ പ്രതിപക്ഷവും പ്രതിഷേധിച്ചത് സാമാന്യമായ ജനാധിപത്യ രീതിയിലാണ്. ഇവര്‍ക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഒരു നിലക്കും യോജിച്ചതല്ല. പ്രത്യേകിച്ചും കല്ലിടല്‍ ജോലികള്‍ നിര്‍ത്തിവെച്ചെന്ന് അറിയിപ്പുവന്ന നിലക്ക്. മെയ് 16നാണ് കെ റെയിലിന്റെ കല്ലിടലിനുപകരം ജി.പി.എസ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തികള്‍ അടയാളപ്പെടുത്തിയാല്‍ മതിയെന്ന് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. സത്യത്തില്‍ മെയ് മൂന്നിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അതുവരെ പൊലീസിനെ ഉപയോഗിച്ച് നരനായാട്ടു നടത്തി നടത്തിയ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. അന്നുമുതല്‍ കേരളത്തിലൊരിടത്തും കല്ലുകള്‍ സ്ഥാപിച്ചിട്ടില്ല എന്നതുമതി സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും കാപട്യം തിരിച്ചറിയാന്‍. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നാണ് ഇതെന്ന് വ്യക്തം. അതേസമയം എതിര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടാമെന്ന് കെ റെയില്‍ അധികൃതരും സി.പി.എം സംസ്ഥാന സെക്രട്ടറിയും പറയുന്നു. മുമ്പ് ജനങ്ങളുടെ പല്ല് അടിച്ചുകൊഴിച്ചായാലും കല്ല് സ്ഥാപിക്കുമെന്ന് പറഞ്ഞത് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാണ്. വിശദപദ്ധതി രേഖ (ഡി.പി.ആര്‍) മാറ്റുമെന്നും മുന്‍വാദങ്ങള്‍ സ്വയം തള്ളിക്കൊണ്ട് ഒരു മന്ത്രിയും പറയുന്നു.

അപ്പോള്‍ മനസ്സിലാക്കേണ്ടത് ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സ്റ്റണ്ട് മാത്രമാണെന്നാണ്, ജൂണ്‍ ഒന്നിനുശേഷം പഴയ രീതിയില്‍ കല്ലിടലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ്. തെറ്റുപറ്റിയെന്ന് ഇതുവരെയും സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാളും തുറന്നുപറയാത്ത നിലക്ക് പ്രത്യേകിച്ചും. പറയുന്നതിനോടും പ്രവര്‍ത്തിക്കുന്നതിനോടും തരിമ്പെങ്കിലും യോജിപ്പും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ഇനി ചെയ്യേണ്ടത് ജനവിരുദ്ധമായ കെ റെയില്‍ പദ്ധതി തന്നെ നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാന്‍ തയ്യാറാകുകയുമാണ് വേണ്ടത്. ഇനി കേസുകളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പൊലീസുകാരും ഉദ്യോഗസ്ഥരും സി.പി.എമ്മുകാരും ജനങ്ങളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേര്‍ക്ക് നടത്തിയ ആക്രമങ്ങളുടെ പേരിലും കേസെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. നാലു വോട്ടിനും അധികാരത്തിനും പണത്തിനുംവേണ്ടി പ്രബുദ്ധരായ കേരള ജനതയെ ഇങ്ങനെ വഞ്ചിക്കരുത്, ദ്രോഹിക്കരുത്.

Test User: