സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിക്ക് എഴുത്തുകാരി കെ.ആര്‍ മീരയുടെ പിന്തുണ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ വുമണ്‍ ഇന്‍ സിനിമ കളക്ടീവെന്ന് കെ.ആര്‍ മീര പറഞ്ഞു. അതുകൊണ്ട്, ആ സംഘടന എക്കാലവും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ്. ആസൂത്രിതമായി ആ പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോയെന്നും ഫേസ്ബുക്കില്‍ പിന്തുണ അറിയിച്ചുള്ള പോസ്റ്റില്‍ അവര്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കുറേക്കാലം മുമ്പ് ഞാന്‍ ഒരു തീരുമാനമെടുത്തു.
വനിതാ സംഘടനകളുടെ യോഗങ്ങളിലും വലിയ സംഘടനകളുടെ വനിതാ സമ്മേളനങ്ങളിലും പങ്കെടുക്കുകയില്ല.
കാരണം, ഇവ വലിയ തട്ടിപ്പുകളാണ്.
പ്രധാന സംഘടനയുടെ പ്രധാന ഭാരവാഹി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കു വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്തവര്‍ നടത്തുന്ന ജനാധിപത്യധ്വംസനം.
വര്‍ഷത്തിലൊരിക്കല്‍ സ്‌റ്റേജില്‍ കയറാനും എന്തെങ്കിലും പറയാനും സാധിച്ചാല്‍ പെണ്ണുങ്ങള്‍ക്ക് ഒരു റിലാക്‌സേഷന്‍ കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന ആണ്‍ അധികാരികളുടെ ഔദാര്യം.
കുട്ടികളുടെ പാര്‍ലമെന്റ്, കുട്ടികളുടെ പ്രധാനമന്ത്രി എന്നൊക്കെ പറയുന്നതു പോലെയേയുള്ളൂ, ഇവര്‍ക്കൊക്കെ പെണ്ണുങ്ങളുടെ സംഘടനകളും പെണ്ണുങ്ങളായ ഭാരവാഹികളും.
രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം.
നമ്മുടെ രാജ്യത്തെ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം സംഘടനകള്‍ പിരിച്ചു വിടുകയാണ്.
സ്വന്തം പാര്‍ട്ടിയുടെ പ്രധാന ഭാരവാഹി സ്ഥാനങ്ങള്‍ പിടിച്ചു വാങ്ങാന്‍ കഴിയാത്തവരാണോ നാട്ടിലെ മുഴുവന്‍ മഹിളകളുടെയും അവകാശങ്ങള്‍ നടത്തിയെടുക്കുന്നത്?
സംവരണ ബില്‍ പാസ്സാക്കുന്നതു പോകട്ടെ, ഇത്രയും രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കൊക്കെ വനിതാ സംഘടനകളും ഉണ്ടായിട്ടും സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ക്കുശേഷവും ഇന്നും രാജ്യത്തെ സ്ത്രീകള്‍ക്കു നിര്‍ഭയം വഴി നടക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പോലും സാധിച്ചില്ല എന്നതു മാത്രം മതി, ഇവ എത്ര പ്രയോജന രഹിതമാണ് എന്നു വ്യക്തമാകാന്‍.
പക്ഷേ, കേരളത്തില്‍ ഒരു വനിതാ സംഘടനയുടെ രൂപീകരണം എന്നെ അങ്ങേയറ്റം ആനന്ദിപ്പിച്ചു.
എന്റെ കാഴ്ചപ്പാടില്‍, 2017ലെയും ഈ മിലേനിയത്തിലെ തന്നെയും ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പാണ്, ആ സംഘടനയുടെ രൂപീകരണം.
മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടന.
വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന W-C-C.
മലയാള സിനിമാലോകത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ അത്തരമൊരു സംഘടന സ്വപ്‌നം കാണാന്‍ അസാമാന്യ ധൈര്യം തന്നെ വേണം.
കാരണം ആണ്‍ അധികാരികള്‍ തങ്ങളുടെ കൂട്ടത്തിലെ ‘ വെറും ‘ പെണ്ണുങ്ങള്‍ക്കു ദയാവായ്‌പോടെ സമ്മാനിച്ച ഒരു സമാശ്വാസ സമ്മാനമല്ല, ഈ സംഘടന.
തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തങ്ങളല്ലാതെ മറ്റാരും ശബ്ദമുയര്‍ത്തുകയില്ല എന്ന തിരിച്ചറിവില്‍ മുന്നോട്ടു വന്ന സ്ത്രീകളുടെ ഒത്തുചേരലാണ്.
W-C-C മറ്റൊരു സംഘടനയുടെയും പോഷക സംഘടനയല്ല.
W-C-C ക്കു പുരുഷന്‍മാരായ രക്ഷാധികാരികളോ വഴികാട്ടികളോ ഇല്ല.
സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ്.
അതുകൊണ്ട്, ആ സംഘടന എക്കാലവും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
അത് ഒരു ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ്.
ആസൂത്രിതമായി ആ പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ?
W-C-C പേജിന് എക്‌സലന്റ് റേറ്റിങ് കൊടുത്തു കൊണ്ട് 2018 ആരംഭിക്കുമ്പോള്‍,
എനിക്ക് എന്തൊരു റിലാക്‌സേഷന്‍ !