തിരുവനന്തപുരം: ഇ.എം.എസ്, ടി.വി തോമസ്, എ.കെ ഗോപാലന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ഇ.എം.എസ് താഴ്ന്ന ജാതിക്കാരോട് താല്‍പര്യമില്ലാതിരുന്ന നേതാവായിരുന്നുവെന്നും ടി.വി തോമസിന്റെ വഴിവിട്ട ജീവിതമായിരുന്നു അദ്ദേഹത്തെ 57ല്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും തന്റെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിന് സ്വാതന്ത്രമുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൗരിയമ്മ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇ.എം.എസാണ്. ഇ.എം.എസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാകുന്നതില്‍ ഇ.എം.എസിന് എതിര്‍പ്പുണ്ടായിരുന്നു. ഇ.എം.എസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാവണമെന്ന് ഇ.എം.എസിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് ഭരണമികവൊന്നും ഇല്ലാതിരുന്നിട്ടു കൂടി നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടിയില്‍ ഒപ്പിടുക മാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ. ഒരു തീരുമാനവും നായനാര്‍ എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ ആരോപിച്ചു.
ഇ.എം.എസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വെച്ചിട്ടില്ല. തനിക്ക് ഇ.എം.എസിനെ കുറിച്ച് അത്രയേ ഉള്ളൂ അഭിപ്രായം. സ്വന്തം കാര്യം മാത്രമേ ഇ.എം.എസ് നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നമ്മള്‍ റീത്ത് വെക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു. പാര്‍ട്ടിക്കകത്ത് തന്നെ അഴിമതിക്കാരിയാക്കിയത് ഇ.എം.എസാണെന്നും ഗൗരിയമ്മ ആരോപിച്ചു. 57ല്‍ പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം കൊണ്ടുവന്നയാളാണ് താന്‍. കശുവണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ആരോപണമുണ്ടായപ്പോഴാണ് രാജിവെച്ചത്. ഇ.എം.എസിന്റെ ബന്ധുവായിരുന്നു അന്ന് കശുവണ്ടി കോര്‍പറേഷന്‍ എംഡി. അഴിമതി അന്വേഷിക്കണമെന്ന് ഉത്തരവിട്ട ശേഷമാണ് താന്‍ രാജിവെച്ചത്. തന്നെ പുറത്താക്കാനായിരുന്നു വി.എസ് അച്യുതാനന്ദന് താല്‍പര്യം. എങ്കില്‍ മാത്രമേ അയാള്‍ക്ക് ആളാകാന്‍ പറ്റുമായിരുന്നുള്ളൂവെന്നും ഗൗരിയമ്മ ആരോപിച്ചു.
എ.കെ ഗോപാലന്‍ തന്നെ വിവാഹം ചെയ്യാനായി രണ്ടുമൂന്നു തവണ വന്ന് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമല്ലാത്തയാളെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് താന്‍ ഒഴിവാകുകയായിരുന്നു. എ.കെ ഗോപാലന്‍ ഒരു പാര്‍ട്ടിമാനാണ്. പാര്‍ട്ടിക്ക് സഹായമായിട്ടുള്ളയാളെയാണ് അയാള്‍ക്ക് വേണ്ടത്. ഞാനാണ് കൂടൂതല്‍ സഹായി എന്ന് എ.കെ ഗോപാലന്‍ ധരിച്ചിട്ടുണ്ടാകുമെന്നും ഗൗരിയമ്മ പറഞ്ഞു. 57ല്‍ മന്ത്രിയായ ശേഷമാണ് ടി.വി തോമസ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഒന്നിച്ചാണ് നടപ്പെന്നും അറിഞ്ഞത്. ഒരിക്കല്‍ ടി.വി തോമസിന്റെ പെട്ടിയില്‍ നിന്ന് താനൊരു എഴുത്ത് കണ്ടെത്തി. വായിക്കുന്നതിനിടെ ടി.വി തോമസ് കേറിപ്പിടിച്ചു. തമ്മില്‍ പിടിവലിയായപ്പോള്‍ താന്‍ ബാത്ത് റൂമില്‍ കയറി ആ എഴുത്ത് അരയില്‍ കെട്ടിവെക്കുകയായിരുന്നു. പിന്നീടത് പാര്‍ട്ടി ഓഫീസില്‍ കൊടുത്തു. തങ്ങള്‍ രണ്ടുപേരെയും യോജിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും താന്‍ എഴുന്നേറ്റ് പോയി. ടി.വിയെ വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചു.
എന്നാല്‍ പിന്നീട് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു തനിക്ക് ടി.വി തോമസിനെ വിവാഹം ചെയ്യേണ്ടിവന്നത്. മദ്യപാനവും പെണ്ണും ടി.വി തോമസിന്റെ ദൗര്‍ബല്യമായിരുന്നുവെന്നും ഗൗരിയമ്മ ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണങ്ങളാലാണ് ടി.വി തോമസ് മുഖ്യമന്ത്രിയാകാതിരുന്നത്. അല്ലെങ്കില്‍ 57ല്‍ ടി.വി തോമസ് മുഖ്യമന്ത്രിയാകുമായിരുന്നെന്നും ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും താന്‍ കൃഷ്ണ ഭക്തയായിരുന്നു. അന്നും തന്റെ കൈയില്‍ കൃഷ്ണന്റെ മോതിരമുണ്ടായിരുന്നു. പാര്‍ട്ടി തന്റെ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല. താന്‍ രണ്ടു തവണ അബോര്‍ഷന് വിധേയയായിട്ടുണ്ടെന്നും ഗൗരിയമ്മ അഭിമുഖത്തില്‍ പറഞ്ഞു.