X

പരീക്ഷാ നടത്തിപ്പ് ക്രമക്കേട്: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് പാദ വാര്‍ഷിക പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരീക്ഷയായ അര്‍ദ്ധവാര്‍ഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥന്‍മാരെ തിരിച്ചറിയുകയും ഉത്തരവാദികളുടെ പേരില്‍ നടപടി എടുക്കുകയും വേണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (KPSTA) സംസ്ഥാന മീഡിയ സെല്‍ ചെയര്‍മാന്‍ എന്‍.ബഷീര്‍ ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന പത്താംതരം സാമൂഹ്യ ശാസ്ത്ര ചോദ്യപേപ്പറിന്റെ കൂടെ വിതരണം ചെയ്യേണ്ടിയിരുന്ന ഇന്ത്യയുടെ ഭൂപടം ചോദ്യപ്പേപ്പറിനോടൊപ്പം സ്‌കൂളുകള്‍ക്ക് ലഭിച്ചിരുന്നില്ല. അവസാന മിനുട്ടില്‍ സോഫ്റ്റ് കോപ്പി സ്‌കൂളുകള്‍ക്ക് മെയില്‍ ചെയ്യുകയാണുണ്ടായത്.

കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് ഇത് വലിയ പ്രഹരമേല്‍പിച്ചു. ഫോട്ടോസ്റ്റാറ്റ് കടളുടെ മുമ്പില്‍ അധ്യാപകര്‍ ക്യൂ നിന്നിട്ടാണ് ആവശ്യാനുസരണമുള്ള കോപ്പികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്.

ഇന്ന് കാലത്ത് നടന്ന എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിക്കു പകരം കവര്‍ പൊട്ടിച്ചപ്പോള്‍ കാണുന്ന ചോദ്യപ്പേപ്പര്‍ കേരള പാഠാവലി എന്നാണ്. ചോദ്യത്തിന്റെ ഉള്ളടക്കം അടിസ്ഥാന പാഠാവലി എന്നു തിരിച്ചറിയാന്‍ മലയാള അധ്യാപകന്‍ തന്നെ വേണം. പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ അനുഭവിച്ച ടെന്‍ഷന്‍ ചെറുതായിരിക്കില്ല എന്നു സാരം. മാത്രമല്ല കഴിഞ്ഞ പരീക്ഷകളില്‍ നടന്ന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളില്‍ വ്യാപകമായ തെറ്റുകള്‍ കടന്നു കൂടുകയും ചെയ്തിരിക്കുന്നു.

കുട്ടികളുടെ പഠനത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന രക്ഷിക്കാക്കളിലും അധ്യാപകരിലും വരാനിരിക്കുന്ന പരീക്ഷകള്‍ എങ്ങനെയായിരിക്കുമെന്ന ആശങ്കയാണുളളത്.

ചോദ്യക്കടലാസ് തയ്യാറാക്കുന്ന എസ് സി ഇ ആര്‍ ടി യും അച്ചടിച്ചു സ്‌കൂളിലെത്തിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്‌റ്റേറ്റും തമ്മില്‍ പഴിചാരി രക്ഷപ്പെടുന്നതുമൂലം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ കൈയാളുന്നത്.

chandrika: