തിരുവനന്തപുരം: പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ പിഎസ്‌സിയുടെ ഫാസിസ്റ്റ് നിലപാട്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി പരീക്ഷകളില്‍ നിന്ന് വിലക്കാനും ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനുമാണ് കമ്മീഷന്‍ തീരുമാനിച്ചത്. പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിട്ടും പിന്‍വാതില്‍ നിയമനം മൂലം ദുരിതമനുഭവിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് പിഎസ്‌സിയെ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇത് മറികടക്കാനാണ് പിഎസ്‌സി പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്.
അതേസമയം, പിഎസ്‌സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലെ ഒന്നാം റാങ്കുകാരായിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യത്തിലിറങ്ങി വിലസുകയാണ്. ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നത്. പിഎസ്‌സിയിലൂടെ നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതിനെതിരെ കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ച് വരെ ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാന്‍ സാധിക്കാത്തത് കൊണ്ട് ഉദ്യോഗാര്‍ത്ഥികളെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് പിഎസ്‌സിയുടെ ശ്രമം.