പയ്യനാടും താമരശ്ശേരിയിലും ചെറിയ കച്ചവടവും കൃഷിയുമായി നടന്നിരുന്ന കൊല്ലേരി പാലക്കംപൊയില്‍ അഹമ്മദിന്റെ മൂത്ത മകന്‍ മുഹമ്മദിന്് എല്ലാ കുടുംബത്തിലെയും പോലെ ഉത്തരവാദിത്വം ഏറി വന്ന കാലം. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രതേ്യകിച്ച് മലബാറില്‍ ദാരിദ്ര്യവും മുഴു പട്ടിണിയും വ്യാപകമായ കാലത്ത് തൊഴിലേന്വഷകനായി മുഹമ്മദ് ആദ്യമെത്തിയത് ഗൂഡല്ലൂരിനടുത്ത പന്തല്ലൂരില്‍. ഗൂഡല്ലൂര്‍ അന്നുതന്നെ കുടിയേറ്റ മേഖലയായിരുന്നു.
1921ലെ മലബാര്‍ കലാപ കാലത്ത് മലപ്പുറം ജില്ലയില്‍ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളാണ് പ്രാണരക്ഷാര്‍ത്ഥവും, ദാരിദ്ര്യത്തെ അതിജീവിക്കാനും ചുരം കയറിയത്. നീലഗിരിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവര്‍ അഭയം കണ്ടെത്തി. തോട്ടം മേഖലയില്‍ അന്തിവരെ പണിയെടുത്ത് അവര്‍ ജീവതത്തോടു പോരാടി.
അക്കൂട്ടത്തില്‍ ചെറിയ കൂലിപ്പണി ചെയ്ത് 15കാരനായ മുഹമ്മദും ഉണ്ടായിരുന്നു. നീലഗിരിയില്‍ തേയില കൃഷി വ്യാപകമായ കാലം. കുറഞ്ഞ കൂലിയായിരുന്നുവെങ്കിലും ജോലി ഉണ്ടായിരുന്നു. മഞ്ചേരിയില്‍ പിതാവിനൊപ്പം താമസിക്കുമ്പോഴും സാമൂഹ്യ മത രംഗത്ത് സജീവമായിരുന്നു മുഹമ്മദ്.
പന്തല്ലൂരിലെത്തിയപ്പോഴും അതിന് മാറ്റമൊന്നും വന്നില്ല. അവിടെ മതരഗംത്തും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി. വര്‍ഷങ്ങള്‍ക്കിപ്പുറം സാമ്പത്തിക നില അല്‍പം ഭേതപ്പെട്ടപ്പോള്‍ ബിസിനസിലേക്ക് തിരിഞ്ഞു. തുടക്കത്തി ല്‍ പാത്രങ്ങളുടെ കച്ചവടമായിരുന്നു. പിന്നീട് മരക്കച്ചവടമായി. പിന്നീട് ഹോട്ടലുകളും, പലചരക്ക് കടയും തുടങ്ങി. പന്തല്ലൂരില്‍ നിന്നും ഗൂഡല്ലൂര്‍ കേന്ദ്രീകരിച്ച് കച്ചവടം തുടങ്ങിയതോടെ വളര്‍ച്ചപെട്ടെന്നായിരുന്നു. ഗൂഡല്ലൂരിലെ പൗര പ്രമുഖനാവാന്‍ അധികം വേണ്ടിവന്നില്ല.
ഗൂഡല്ലൂരില്‍ മുസ്‌ലിം ലീഗ് കമ്മറ്റിയുണ്ടാക്കി ദീര്‍ഘകാലം നേതൃത്വം നല്‍കി. താലൂക്ക് കമ്മറ്റിയായും നീലഗിരി ജില്ലാ കമ്മറ്റിയായും വളര്‍ന്നപ്പോള്‍ അതിന്റെ പ്രസിഡന്റായി. 50 വര്‍ഷത്തിലേറെ ഒരു പ്രസ്ഥാനത്തിന്റെ അമരത്ത് മാറ്റമില്ലാതെ തുടരുന്നുവെന്നത് തന്നെ അദ്ദേഹത്തിന്റെ ഇഛാശക്തിയും ജനകീയതയും വിളിച്ചോതുന്നതാണ്. 1980ല്‍ ആണ് മുസ്‌ലിം ലീഗ് നീലഗിരി ജില്ലാ പ്രസിഡന്റാവുന്നത്. മരണം വരെ ആസ്ഥാനത്ത് തുടര്‍ന്നു. ഗൂഡല്ലൂര്‍ ടൗണ്‍ മസ്ജിദിന്റെയും ദീര്‍ഘകാലമായുള്ള പ്രസിഡന്റാണ്. നീലഗിരിയിലെ മുസ്‌ലിം സമുദായത്തിന്റെ ഏത് വിഷയത്തിലും തമിഴ്‌നാട് സര്‍ക്കാറിന്റെ അവസാന തീരുമാനവും കെ.പി.മുഹമ്മദ് ഹാജിയുടെ ഉപദേശത്തെ തുടര്‍ന്നായിരിക്കും.
ഒരു തവണ തമിഴ്‌നാട് വഖഫ് ബോര്‍ഡ് മെമ്പറായും സേവനം ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ്് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുമ്പോള്‍ തന്നെ മത സാമൂഹ്യ രംഗത്തും മറ്റു ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പാതകള്‍ വെട്ടിതുറന്നു. ഗൂഡല്ലൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് മുസ്‌ലിം യതീംഖാന മലബാര്‍ കലാപകാലത്ത് അനാഥരായവര്‍ക്കുവേണ്ടിയാണ് മലബാറിലെ പ്രമുഖ യതീംഖാനകളും തുടങ്ങിയതെന്ന ചരിത്രം ഗൂഡല്ലൂരിനുമുണ്ട്.
മലബാര്‍ കാലാപ കാലത്ത് നാടുവിട്ട ഒട്ടേറെ കുടുംബങ്ങള്‍ നാടുകാണി ചുരം താണ്ടി ഗൂഡല്ലൂരും പരിസരങ്ങളിലുമമെത്തി. തോട്ടംമേഖലയായിരുന്നു ഏക ആശ്രയം. രോഗവും, ദാരിദ്ര്യവും ഏറെ കുടുംബങ്ങളെ അനാഥമാക്കിയകാലം.
ഗൂഡല്ലൂരില്‍ ഒരു യതീംഖാനയുടെ ആവശ്യം ശക്തമായിരുന്നു. അനാഥരായ തോട്ടംമേഖലയിലെ തൊഴിലാളികളുടെ മക്കള്‍ വിദ്യഭ്യാസം ലഭിക്കാതെ ചെറു പ്രായത്തില്‍ തന്നെ തൊഴിലിടിങ്ങളില്‍ അടിമകളെ പോലെ തൊഴിലെടുക്കന്നതുകണ്ട ഗൂഡല്ലൂരിലെ മുസ്‌ലിം സമൂഹത്തിന് യതീംഖാനയുണ്ടാക്കുവാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഈ പ്രതിസന്ധി കാലത്താണ് ഗൂഡല്ലൂരിന്റെ മണ്ണില്‍ കെ.പി.മുഹമ്മദ് ഹാജി നാട്ടുകാരുടെ സ്വന്തം തലൈവരായി വരുന്നത്. ഇതോടെ യതീംഖാനയെന്ന നാട്ടുകാരുടെ സ്വപ്‌നം യാഥാര്‍ഥ്യമായി.
1969ല്‍ 20ന് താഴെ അനാഥ കുട്ടിളുമായി തുടങ്ങിയ യതീംഖാനയില്‍ 160 ന് മുകളില്‍ കുട്ടികള്‍ ഓരോ വര്‍ഷവും പഠിക്കാന്‍ തുടങ്ങി. നിലവില്‍ 140 ഓളം കുട്ടികളാണുള്ളത്. പതിറ്റാണ്ടുകളോളം താന്‍ അധ്വാനിച്ചുണ്ടാക്കിയ കോടികളുടെ സ്വത്തും അനാഥാലയത്തിന് നല്‍കിയാണ് കെ.പി മുഹമ്മദ് ഹാജി യാത്രയായത്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനം യതീംഖാനയില്‍ ഒതുങ്ങി നിന്നില്ല.
മെട്രിക്കുലേഷന്‍ സ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അറബിക് കോളജ്, മദ്രസ, പാലിയേറ്റീവ് ക്ലിനിക് എന്നിവക്കും തുടക്കമിട്ടു. ഗൂഡല്ലൂരും പന്തല്ലൂരും യൂണിറ്റുകളുള്ള എസ്.ടി.സി.എച്ച് ഊട്ടിയിലും പുതിയ യൂണിറ്റ് തുടങ്ങുന്നതിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് കെ.പി മുഹമ്മദ്ഹാജിയുടെ വിയോഗം.
നേരത്തെ ഇതിന്റെ ആസ്ഥാനം ബെംഗളുരുവിലായിരുന്നു. ജനിച്ച നാടുവിട്ട് മറ്റൊരു നാട്ടില്‍ മുസ് ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുത്ത് അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ച് ഒരു നാടിന്റെ ജീവനാടിയായി ഏഴ് പതിറ്റാണ്ടായി ജീവിച്ച കെ.പി.മുഹമ്മദ് ഹാജി കണ്‍മറയുമ്പോള്‍ ഒരു ചരിത്ര ഘട്ടമാണ് അവസാനിക്കുന്നത്. കൂലിപണിക്ക് പോയി ഒരു നാടിന്റെ തന്നെ നായകനായി വിജയിച്ചു വന്ന നീലഗിരിയുടെ സ്വന്തം തലൈവരായി അഭിമാനത്തോടെ യാത്രയാവുകയാണ്.