ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ച് കെ.പി.സി.സി നിര്‍വാഹകസമിതി യോഗം. രാഹുല്‍ എത്തുന്ന ഏപ്രില്‍ 11ന് സംഘടിപ്പിക്കുന്ന റാലിയില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്ന 13ന് മണ്ഡലംതലത്തില്‍ നൈറ്റ്മാര്‍ച്ചും ഉണ്ടായിരിക്കും.
മോദിയുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത് പോഷക സംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ ഏപ്രില്‍ 10 മുതല്‍ പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ 25 വരെ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും.