തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്നും ഉമ്മന്‍ചാണ്ടി അതിന് അര്‍ഹനാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേരുകള്‍ പരസ്യമായി പറയുന്നില്ലെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
നേതൃതലത്തില്‍ കൃത്യമായ അഴിച്ചുപണി നടത്തിയാല്‍ മാത്രമെ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കൂവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശത്തെയും വയലാര്‍ രവി വിമര്‍ശിച്ചു. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കര്‍ അയ്യര്‍. കോണ്‍ഗ്രസ് ശൈലി അറിയാത്തത് കൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിക്കുന്നതെന്നും വയലാര്‍ രവി പറഞ്ഞു.
ബൂത്തുതലം മുതല്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇടതുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി വിശാലമായ മഴവില്‍ സഖ്യം രൂപീകരിച്ചാല്‍ മാത്രമെ നരേന്ദ്രമോദിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയുള്ളൂവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും നേതാക്കളെ നാമനിര്‍ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു.