കൊല്ലം: കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷിന്റെ കുടുംബത്തിനു ജപ്തി നോട്ടീസ്. കരുനാഗപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നാണ് ജപ്തി നോട്ടീസ് വന്നത്. ബാങ്കിന്റെ ജപ്തി നോട്ടിസ്. ഈ മാസം വസ്തു അളന്നു തിട്ടപ്പെടുത്തുമെന്ന് കാണിച്ച് മഹേഷിന്റെ അമ്മക്കാണ് ബാങ്കിന്റെ നോട്ടീസ് ലഭിച്ചത്.
2015ല്‍ മഹേഷിന്റെ അമ്മയുടെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പ കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായി മാറി. അടച്ചു തീര്‍ക്കാനുള്ള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും. ഇതോടെ മഹേഷും അമ്മയും ഉള്‍പെടെ എട്ട് അംഗങ്ങള്‍ ഉള്‍പെടുന്ന കുടുംബം അതീവ പ്രതിസന്ധിയിലാണ്. ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്നു തിട്ടപ്പെടുത്തുമെന്നു കാണിച്ചു മഹേഷിന്റെ അമ്മ കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്കു ബാങ്കിന്റെ നോട്ടീസ് ലഭിച്ചു.
മഹേഷിന്റെ അച്ഛന്‍ രാജശേഖരന്‍, 6 വര്‍ഷം മുന്‍പു മരിച്ചു. ലക്ഷ്മിക്കുട്ടിയമ്മ, മകന്‍ മഹേഷ്, ഭാര്യ, 3 കുട്ടികള്‍, മൂത്ത മകനും പ്രഫഷനല്‍ നാടകകൃത്തുമായ സി.ആര്‍. മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടില്‍ താമസം. എഐസിസി അംഗം കൂടിയായ സിആര്‍ മഹേഷ് പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ചു പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്പത്തിക ബാധ്യതയുണ്ട്.