X

നിര്‍ദ്ദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഒരു നേതാവിനും പാര്‍ട്ടിയില്‍ സ്ഥാനമില്ല: മുല്ലപ്പള്ളി

കോഴിക്കോട്: പാര്‍ട്ടി നിര്‍ദ്ദേശത്തിനും പരിപാടികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഒരു നേതാവിനും പദവികള്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര വലിയ നേതാവായാലും അത്തരക്കാര്‍ സ്വാഭാവികമായും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുകളില്‍ നിന്നല്ല, മറിച്ച് അടിത്തട്ടില്‍ നിന്നാണ് സംഘടനയെ പുനസംഘടിപ്പിക്കുക. ജില്ലാ കോണ്‍ഗ്രസ് പ്രത്യേക നേതൃയോഗം ‘ദിശ’ ഡി.സി.സിയില്‍ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. നേതാക്കള്‍ ബുത്ത് തലങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കര്‍മ്മ പരിപാടിയാണ് ആവിഷ്‌കരിച്ചത്.

കോഴിക്കോട് ഡി സി സി പ്രസിഡന്റിനെ ഉള്‍പ്പെടെ രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ചാണ് പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് ആരായുന്നത്. ഏത് പരിപാടിക്ക് മുമ്പും രാഹുല്‍ സംസ്ഥാന നേതാക്കളെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ തിരക്കും. പല സംസ്ഥാനങ്ങളിലായി അദ്ദേഹം ദിനംപ്രതി ഇത്തരത്തില്‍ ബന്ധപ്പെടുമ്പോള്‍ മറ്റു നേതാക്കള്‍ക്ക് ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. എ ഐ സി സി അധ്യക്ഷന്‍ കാണിക്കുന്ന ശുഷ്‌കാന്തി താഴെത്തലത്തിലുള്ള നേതാക്കള്‍ക്ക് ഇല്ലാതെ പോകരുതെന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോയ്ക്കാണ് കോഴിക്കോടിന്റെ ചുമതല. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ സംസ്ഥാനത്ത് സ്ത്രീദളിത്‌യുവജന പ്രാതിനിധ്യം ഉറപ്പാക്കി ബൂത്തുകമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെ 13 ജില്ലാ കലക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചില്‍ ഭാരവാഹികളുടെ പങ്കാളിത്തം നിര്‍ബന്ധമാക്കും.

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 16 വരെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുദിവസം നീണ്ടുനില്‍ക്കുന്ന സ്മൃതിയാത്രയും അനുസ്മരണവും സംഘടിപ്പിക്കും. പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച ആയിരം ഭവന പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല. സംസ്ഥാനത്തെ ഇരുപതില്‍ ഇരുപത് ലോക്‌സഭാ സീറ്റുകളിലും വിജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

chandrika: