കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അപകടമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു.ഒരു ഭാഗത്ത് ലഹരി നിർമാർജ്ജനമാണ് ലക്ഷ്യമെന്ന് പറയുകയും മറുഭാഗത്ത് ഉൽപാദനവും വിതരണവും കൂട്ടാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണ് സർക്കാർ. പരപ്പനങ്ങാടിയിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന 250 ബാറുകൾ തുറക്കാൻ പോവുകയാണ്. ഐ.ടി പാർക്കുകളും വ്യവസായ പാർക്കുകളും ഇനി മദ്യവിതരണ കേന്ദ്രങ്ങൾ കൂടിയാകും. റെസ്റ്റോറന്റുകളിൽ പോലും മദ്യം വിളമ്പാമെന്ന നയം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ ലഹരി മുക്തമാക്കുന്നതിന് മുന്നിട്ടിറങ്ങേണ്ട സർക്കാർ തന്നെയാണ് ജനത്തെ ലഹരിയിൽ മുക്കാനുള്ള തീരുമാനമെടുക്കുന്നത്. കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന ലഹരിക്കെതിരെ ജനകീയ പ്രതിഷേധമുയരണം. സർക്കാറിന്റെ മദ്യനയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു