X

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ കെ.പി.എ പിന്‍വലിച്ചു

എ.ന്‍ഡി.എ സഖ്യകക്ഷിയായ കുകി പീപ്പിള്‍സ് അലയന്‍സ് (കെ.പി.എ) മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. എന്നാല്‍ 2 എം.എല്‍.എമാരുടെ കെപിഎയുടെ പുറത്തുപോകല്‍ ഭരണകക്ഷിയെ ബാധിക്കില്ല.

എന്‍.ഡി.എ വിടുന്ന കാര്യം വ്യക്തമാക്കി കെ.പി.എ പ്രസിഡന്റ് ടോങ്മാങ് ഹോകിപ് ഗവര്‍ണര്‍ക്ക് കത്തയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂര്‍ സര്‍ക്കാരിനുള്ള കെപിഎയുടെ പിന്തുണ ഇതിനാല്‍ പിന്‍വലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ കത്തില്‍ വ്യക്തമാക്കുന്നു.

60 അംഗ നിയമസഭയില്‍ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എന്‍പിഎഫിന്റെ 5 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയില്‍ എന്‍പിപി 7, കോണ്‍ഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.

മെയ് 3 ന് വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍, പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ ഇതുവരെ 160ലധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സാമ്പത്തിക ആനുകൂല്യങ്ങളും ക്വാട്ടയും പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ ഗോത്രവര്‍ഗേതര വിഭാഗമായ മെയ്തികള്‍, ന്യൂനപക്ഷ കുക്കി ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്.

മണിപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി സമൂഹം ഇംഫാല്‍ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. മറുവശത്ത്, നാഗകളും കുക്കികളുമാണ് സംസ്ഥാനത്തെ മറ്റ് ഗോത്ര വര്‍ഗ സമുദായങ്ങള്‍. അവര്‍ 40 ശതമാനത്തില്‍ താഴെയുള്ളവരും മലയോര ജില്ലകളില്‍ താമസിക്കുന്നവരുമാണ്.

webdesk13: