കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സംഘ്പരിവാര്‍-പൊലീസ് കൂട്ട്‌കെട്ടിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ സംരക്ഷണ പോരാട്ട റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈകാരികമായി ന്യൂനപക്ഷ സംരക്ഷകരെന്ന് പറയുന്ന സി പി എം മറുഭാഗത്ത് ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പാക്കുകയാണ്. പൊലീസ് ആര്‍ എസ് എസിന് കൂട്ട്‌നില്‍ക്കുകയാണ്. കാസര്‍കോട് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മൃതദേഹം ജോലി ചെയ്ത പള്ളിയില്‍ പൊതുദര്‍ശനത്തിന് അനുവദിക്കാത്ത പൊലീസ് കണ്ണൂരില്‍ ആര്‍ എസ് എസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ യുവജനോത്സവ വേദിക്ക് മുന്നിലൂടെ മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകാന്‍ അനുവദിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ മൃദുസമീപനമാണ് എല്‍ ഡി എഫ് സര്‍ക്കാറും പൊലീസും സ്വീകരിക്കുന്നതെന്നും കെ പി എ മജീദ് പറഞ്ഞു.
ഡല്‍ഹിയിലെ ആര്‍ എസ് എസ് നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പിണറായി വിജയന്‍ ഭരിക്കുന്നത്. ദേശീയ പതാക വിവാദത്തില്‍ മുസ്‌ലിം ലീഗ് നേതാവ് സി മോയിന്‍കുട്ടിക്കെതിരെ കേസെടുത്ത പൊലീസ് പാലക്കാട് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് അവിശുദ്ധ കൂട്ട്‌കെട്ടാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലടക്കം പിണറായി വിജയന്‍ ആര്‍ എസ് എസിനെ ന്യായീകരിക്കുകയാണ്. സംഘ്പരിവാറിന് അനിഷ്ടമായതൊന്നും മുഖ്യമന്ത്രി ചെയ്യുന്നില്ല. ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പലവട്ടം സന്ദര്‍ശനം നടത്തി. ആര്‍ എസ് എസിനെ പ്രീണിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ സി പി എമ്മിന് ബംഗാളിലെ സ്ഥിതി വരുമെന്നും കെ പി എ മജീദ് പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി പി വമ്പന്‍ സംസാരിച്ചു.
- 7 years ago
chandrika
Categories:
Video Stories