X
    Categories: MoreViews

ന്യൂനപക്ഷ സ്‌കൂളുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

 

തിരുവനന്തപുരം: അംഗീകാരമിെല്ലന്ന പേരില്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചക്ക്് അണ്‍ എയ്ഡഡ് മേഖല വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കൊപ്പം അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥപനങ്ങള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ പുതിയ കാല്‍വെപ്പ് ഉണ്ടായത്. അണ്‍ എയ്ഡഡ് മേഖലയുടെ ഉയര്‍ച്ചക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മുന്‍ സര്‍ക്കാരുകള്‍ ചെയ്തിരുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനായി മാനേജ്‌മെന്റുമായോ അധ്യാപകരുമായോ വിദ്യാര്‍ത്ഥി സംഘടനകളുമായോ ചര്‍ച്ച നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാകുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി ഈ മേഖലയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥാപനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അതിനാലാണ് ഗുണനിലവാരമുള്ള സ്വകാര്യസ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ പഠിക്കാനെത്തുന്നതെന്നും ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. എവിടെ പഠിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇത് ചോദ്യം ചെയ്യുകയാണ് എന്ത് കഴിക്കണമെന്ന സ്വാതന്ത്ര്യത്തിനായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനം ശ്രമിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

chandrika: