X

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത സത്യവുമായി ഒരു പുലബന്ധവുമില്ലാത്തത്: കെ.പി.എ മജീദ്

മലപ്പുറം: ശനിയാഴ്ച മലപ്പുറത്ത് നടന്ന ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത സത്യവുമായി ഒരു പുലബന്ധവുമില്ലാത്തതെന്ന് കെ.പി.എ മജീദ് എം.എല്‍.എ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്ലിംലീഗ് പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കുക മാത്രമാണ് ലക്ഷ്യം.

മുഈനലി തങ്ങളുടെ വിഷയം മാത്രമാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്. മറ്റൊരു വിഷയവും അജണ്ടയിലില്ലായിരുന്നു. വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ അനുചിതമായിരുന്നു എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റകെട്ടാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. അതിനു ശേഷം മാത്രമെ നടപടിയുണ്ടാവു.

കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചു എന്ന രീതിയില്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. പാര്‍ട്ടിക്കെതിരെ പല വാര്‍ത്തകളും വരാറുണ്ട്. പലതിലും ഒരുതരിയെങ്കിലും സത്യം കാണും. എന്നാല്‍ ഇതില്‍ ഒരു വാചകം പോലും ശരിയല്ല. യോഗത്തില്‍ പങ്കെടുത്ത 12 പേരും അവരുടേതായ അഭിപ്രായം പറഞ്ഞു. രണ്ടു പേര്‍ക്കെതിരെയും ഏതു തരം നടപടി വേണമെന്നായിരുന്നു ചര്‍ച്ചയുടനീളം നടന്നത്. അല്ലാതെ മറ്റൊന്നുമില്ല. വാര്‍ത്തകള്‍ വരുന്നത് നിര്‍ഭാഗ്യകരുമാണ്. പടച്ചുവിടുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ അല്‍പമെങ്കിലും ഔചിത്യബോധം കാണിക്കണമെന്നും കെ.പി.എ മജീദ് കൂട്ടി ചേര്‍ത്തു. കെ.ടി ജലീലിനെതിരെ മാന നഷ്ടത്തിനു കേസു കൊടുക്കമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാനവുള്ളവര്‍ക്കെതിരെയല്ലെ മാന നഷ്ടത്തിനു കേസു കൊടുക്കാനാവു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

Test User: