കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുര്‍ഭരണം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടി കഴിയുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇരു സര്‍ക്കാറുകളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഭരണവുമായി മുന്നോട്ടു പോകുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ലെന്നും വരാനിരിക്കുന്നത് യു.ഡി.എഫിന്റെ സമരനാളുകളാണെന്നും മജീദ് പറഞ്ഞു.
അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം. ഹസ്സന്‍ നയിക്കുന്ന ഉത്തര മേഖലാ ജാഥ കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുമ്പോള്‍ സംസ്ഥാന ഭരണത്തിന്റെ മറവില്‍ മാര്‍ക്‌സിസ്റ്റുകാര്‍ അക്രമം നടത്തി വരികയാണ്. മുഖ്യ മന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ നാലു കൊലപാതകങ്ങളാണ് നടന്നത്. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
ഏതു സമയത്തും അക്രമവും ഹര്‍ത്താലും ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു കാര്യവും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നില്ല. റേഷന്‍ കടകളില്‍ അരിയും നാട്ടില്‍ കുടിവെള്ളവും ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണുള്ളത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അട്ടിക്കൂലിയുടെ പേരിലും എഫ്.സി.ഐയിലുണ്ടായ സമരം കൊണ്ടും കുറച്ചു ദിവസം റേഷന്‍ വിതരണം തടസ്സപ്പെട്ടപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ അന്നത്തെ സര്‍ക്കാറിന് സാധിച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ റേഷന്‍ കടകള്‍ മുഴുവനും കാലിയായിക്കിടക്കുന്നു. റേഷന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് പോയത് സി.പി.ഐക്കാരനായ ഭക്ഷ്യ മന്ത്രിയെ കൂട്ടാതെയാണ്. ചര്‍ച്ചയില്‍ ഒരു പരിഹാരവും കാണതെയാണ് മുഖ്യ മന്ത്രി മടങ്ങിയത്. കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍കരുതല്‍ നടപടികളും ഇതു വരെ സര്‍ക്കാര്‍ സ്വീകരിച്ചില്ല. യു.ഡി.എഫ് ഭരണകാലത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇതുവരെയും സംസ്ഥാനത്തെ വരള്‍ച്ച തടയാനുള്ള ഒരു നടപടിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കാത്തത് ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് കെ.പി.എ മജീദ് പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള,
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സി.എം.പി നേതാവ് സി.പി ജോണ്‍, മുന്‍ എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി, ജാഥാ ക്യാപ്റ്റന്‍ എം.എം ഹസ്സന്‍, വൈസ് ക്യാപ്റ്റന്‍ സി.എ അജീര്‍, അംഗങ്ങളായ പി.കെ ഫിറോസ്, സുരേഷ് ബാബു, കെ.പി മോഹനന്‍, ശരത് ചന്ദ്ര പ്രസാദ്, കെ.എ ഫിലിപ്പ്, സി.പി വിജയന്‍, കോ-ഓര്‍ഡിനേറ്റര്‍ വി.എ നാരായണന്‍ പ്രസംഗിച്ചു. ഉപ്പളയില്‍ വമ്പിച്ച സ്വീകരണം നല്‍കി. ഇന്ന് രാവിലെ പത്തു മണിക്ക് ഉദുമയിലും ഉച്ചക്ക് വെള്ളരിക്കുണ്ടിലും വൈകുന്നേരം തൃക്കരിപ്പൂരിലും നടക്കുന്ന സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.