എ.കെ.എം ഹുസൈന്‍
ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങളെ ശരിവെക്കുന്ന സി.പി.എം നിലപാട് നിര്‍ഭാഗ്യകരമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബി.ജെ.പിക്കൊപ്പം സി.പി.എമ്മും മത്സരിക്കുകയാണ്. ബി.ജെ.പി പപ്പുവെന്ന് അദ്ദേഹത്തെ ആക്ഷേപിക്കുമ്പോള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും അതുതന്നെ പറയുന്നു. മുസ്‌ലിം ലീഗ് കാലങ്ങളായി യു.ഡി.എഫ് മുന്നണിയുടെ ഭാഗമാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു. കൊല്ലം പ്രസ് ക്ലബ്ബില്‍ ജനവിധി -2019 മുഖാമുഖം പരിപാടിയില്‍ പങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് – ബി.ജെ.പി നീക്കുപോക്കുണ്ടോ?
. കൊല്ലത്ത് ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കൊല്ലത്തും വടകരയിലും കാസര്‍കോട്ടും ഒക്കെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയിലേക്ക് പോകുന്നവര്‍ എന്ന് ചിത്രീകരിക്കുന്നു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാപകമായ സംഘപരിവാര്‍ പ്രചരണം നടത്തുന്നു. ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഒപ്പം നിന്നവര്‍ ബി.ജെ.പിയിലേക്ക് പോയതിനെക്കുറിച്ച് അവര്‍ മിണ്ടുന്നില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സി.പി.എം പിന്തുണയോടെ വിജയിച്ച എം.എല്‍.എ ആയിരുന്നു. അദ്ദേഹം സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് പോയി കേന്ദ്രമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണന്താനത്തെ തിരുവനന്തപുരത്തേക്ക് വിളിച്ച് സല്‍ക്കരിച്ചു. കണ്ണന്താനത്തിന്റെ മന്ത്രിപദം കേരളത്തിന് കിട്ടിയ ഓണസമ്മാനമെന്നാണ് അന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കൊല്ലത്തും കാസര്‍കോട്ടും വടകരയിലും സി.പി.എം സംഘി പ്രചരണം നടത്തുന്നത് സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്. പക്ഷേ അതു വിലപ്പോവില്ല. സി.പി.എമ്മിന്റെ നുണ പ്രചരണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന സി.പി.എം ആരോപണം?
. മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് സി.പി.എം നേതാക്കള്‍ ആക്ഷേപിക്കുന്നതില്‍ കഴമ്പില്ല. എസ്.രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായമാണ് കോടിയേരിക്കും എളമരം കരീമിനും എന്ന് കരുതുന്നില്ല. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് പറയുന്ന സി.പി.എം നേതാക്കള്‍ തമിഴ്‌നാട്ടില്‍ ലീഗിന്റെ വോട്ട് വേണോ? വേണ്ടയോ എന്ന് വ്യക്തമാക്കണം.
ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനൊപ്പം മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷന്റെയും ചിത്രം വെച്ചാണ് തമിഴ്‌നാട്ടിലെ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെങ്കില്‍ അതിര്‍ത്തി കടക്കുമ്പോള്‍ അത് മാറുമോ എന്ന് സി.പി.എം വ്യക്തമാക്കണം. ചരിത്രം മറന്നു സി.പി.എം നേതാക്കള്‍ സംസാരിക്കരുത്. ലീഗിനൊപ്പം ഭരണം പങ്കിട്ട ചരിത്രവും സി.പി.എം നേതാക്കള്‍ വിസ്മരിക്കരുത്.
ദേശീയ തലത്തില്‍ മുസ്‌ലിം ലീഗ് നിലപാട് ?
. മുസ്‌ലിം ലീഗിന് ദേശീയ തലത്തില്‍ ഒറ്റ നിലപാട് മാത്രമെ ഉള്ളു. തമിഴ്‌നാട്ടില്‍ ദശകങ്ങളായി മുസ്‌ലിം ലീഗ് ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയിലാണ്. മുന്നണി ബന്ധങ്ങളില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മുസ്‌ലിം ലീഗ് പിന്തുണക്കും.
ലീഗിനെതിരെ ബി.പി.യുടെ ആക്ഷേപത്തെക്കുറിച്ച്?
. മുസ്‌ലിം ലീഗിനെയും പതാകയെയും കുറിച്ച് ബി.ജെ.പിക്ക് നന്നായി അറിയാം. പക്ഷെ ബി.ജെ.പി കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ പ്രചരണത്തിന് പറയുന്നതാണ് ഇപ്പോഴും പറയുന്നത്. ഉത്തേരേന്ത്യയില്‍ എല്ലാ കാലത്തും ബി.ജെ.പി ഇത്തരം പ്രചരണങ്ങള്‍ നടത്താറുണ്ട്. തെരഞ്ഞെടുപ്പുകളില്‍ സാധാരണ ഉയര്‍ത്താറുള്ളതുപോലെ വര്‍ഗീയ പ്രരണം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം കേരളം തിരസ്‌കരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നതിനെതിരെ ബി.ജെ.പി വര്‍ഗീയമായ പ്രചരണം നടത്തുന്നു. മുസ്‌ലിംലീഗിന്റെ പതാകയെയും പിന്തുണയെയും വര്‍ഗീയമായി ചിത്രീകരിക്കുന്നു.
മുസ്‌ലിം ലീഗിനെതിരെയുള്ള ആക്ഷേപത്തിന് കോണ്‍ഗ്രസ് മറുപടി കൊടുക്കാത്തത് എന്താണ്?
. മുസ്‌ലിം ലീഗിനെതിരെയും ഹരിത പതാകക്കെതിരെയും ബി.ജെ.പി നടത്തിയ ആക്ഷേപങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോഴിക്കോട്ടും ഡല്‍ഹിയില്‍ എ.ഐ.സി.സി വക്താവും പത്രസമ്മേളനം നടത്തി ബി.ജെ.പിക്ക് മറുപടി കൊടുത്തിട്ടുണ്ട്.
ബി.ജെ.പിയുടെ ആക്ഷേപത്തിനെതിരെ ലീഗ് പ്രതികരിക്കാത്തതെന്ത്?
. ബി.ജെ.പിയുടെ വര്‍ഗീയ ആക്ഷേപങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയമായ എതിര്‍പ്പിനെ മുസ്‌ലിം ലീഗ് രാഷ്ട്രീയമായി തന്നെ നേരിടും. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായും നേരിടും. കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
യു.ഡി.എഫിലെ ഐക്യം ?
. കേരളത്തില്‍ യു.ഡി.എഫില്‍ ഒരു അഭിപ്രായ ഭിന്നതയുമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്.
രാഹുല്‍ തരംഗം ഉണ്ടോ?
. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയതോടെ സംസ്ഥാനത്തെ ഇരുപത് സീറ്റിലും യു.ഡി.എഫ് തരംഗമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ മത്സരിക്കുന്നത് എല്ലാ മേഖലകളിലും ജനങ്ങള്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ അത് കേരളത്തിന് ഏറെ ഗുണകരവും അനുകൂലവും ആകും.
പൗരത്വ ബില്ലിനെക്കുറിച്ച്?
. പൗരത്വബില്ലിനെ പാര്‍ലമെന്റിലും പുറത്തും മുസ്‌ലിം ലീഗും യു.ഡി.എഫും യു.പി.എയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ ഇടപെടലാണ് നടത്തുന്നത്. പാര്‍ലമെന്റില്‍ യു.പി.എയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം തുടരും. അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ബില്‍ എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ഡി.പി.ഐയുമായി ധാരണയുണ്ടോ ?
. എസ്.ഡി.പി.ഐയുമായി മുസ്‌ലിം ലീഗ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പ്രത്യക്ഷമായോ പരോക്ഷമായോ എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു ബന്ധവുമില്ല. മാത്രവുമല്ല എസ്.ഡി.പി.ഐയും മുസ്‌ലിം ലീഗും മലപ്പുറത്തും പൊന്നാനിയിലും നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്. ലീഗിന്റെ രണ്ടു സീറ്റിലും എസ്.ഡി.പി.ഐയുടെ സംസ്ഥാന നേതാക്കളാണ് മത്സര രംഗത്തുള്ളത്. വര്‍ഗീയതയെയും തീവ്രവാദത്തെയും എക്കാലവും ശക്തമായി തള്ളിപ്പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് ലീഗിനുള്ളത്.
കോലീബി സഖ്യ ആരോപണത്തെക്കുറിച്ച്?
. സി.പി.എമ്മിന്റെ കോലീബി സഖ്യ ആക്ഷേപത്തില്‍ ഒരു വസ്തുതയുമില്ല. 80 മുതല്‍ സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ് അത്. പരോക്ഷമായോ പ്രത്യക്ഷമായോ മുസ്‌ലിം ലീഗിനും യു.ഡി.എഫിനും ബി.ജെ.പിയുമായി ഒരു നീക്കുപോക്കുമില്ല. എന്നാല്‍ വടകരയിലും തിരുവന്തപുരത്തും സി.പി.എം -ബി.ജെ.പി അവിശുദ്ധ ബന്ധം ഉള്ളതായി സംശയിക്കുന്നുണ്ട്.
മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ് സംബന്ധിച്ചു. കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് ട്രഷറര്‍ പി.എസ് പ്രദീപ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.