മലപ്പുറം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിജിലന്‍സിനെയും മറ്റും ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് മുസ്‌ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
ഇടതു സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. വിജിലന്‍സിനെയും മറ്റും ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് മുസ്‌ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് എം.എല്‍.എമാരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ നീക്കം. എ.കെ.ജി സെന്ററില്‍നിന്ന് കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് ഈ വേട്ടയാടല്‍. അധികാര ദുര്‍വിനിയോഗത്തിന്റെ ഈ രാഷ്ട്രീയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഇടതുപക്ഷത്തെ ഓര്‍മ്മപ്പെടുത്തുകയാണ്.
ഇബ്രാഹിംകുഞ്ഞിനെ കുടുക്കാന്‍ നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈയിലെ ഐ.ഐ.ടി ലോഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞിട്ടും ഹൈക്കോടതി തന്നെ രണ്ടു തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കാന്‍ താഴെ നിന്ന് വന്ന ഒരു ഫയലില്‍ ഒപ്പിട്ടതിന്റെ പേരില്‍ ഒരു മന്ത്രി പ്രതിയാകുമെങ്കില്‍ ഒരുപാട് മന്ത്രിമാര്‍ വെള്ളംകുടിക്കേണ്ടി വരും. സമ്മര്‍ദ്ദം സഹിക്കാതെയാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിന് സാഹചര്യമില്ലെന്നു പറഞ്ഞ അതേ ഏജന്‍സിയെ ഉപയോഗിച്ചാണ് അറസ്റ്റ് നടത്തുന്ന്. സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണിത്.
അഴിമതിയുടെ കൂമ്പാരത്തില്‍ നാണംകെട്ട് കിടക്കുന്ന സര്‍ക്കാരിനെ ഇതുകൊണ്ട് വെളുപ്പിച്ചെടുക്കാമെന്നു വിചാരിക്കേണ്ട. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇടതു സര്‍ക്കാറിന്റെ പ്രതികാര രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം പഞ്ചായത്ത്, മുനിസിപ്പല്‍ മേഖലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ യു.ഡി.എഫ് ഘടക കക്ഷികളുടെ പങ്കാളിത്തത്തോടെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും പോഷക ഘടകങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണം. അധികാരമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്നു കരുതേണ്ട. മുസ്‌ലിംലീഗും യു.ഡി.എഫും ഇടത് സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തെ ശക്തമായി നേരിടുക തന്നെ ചെയ്യും.