19കെ.പി.എ മജീദ്
1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സപ്തകക്ഷി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടനെ അഴിമതിയില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് രൂപംകൊണ്ട കേരളത്തിലെ പ്രശ്‌നകലുഷിതമായ രാഷ്ട്രീയരംഗം. അഴിമതി അന്വേഷിക്കണമെന്ന മുസ്‌ലിംലീഗടക്കമുള്ളവരുടെ നിര്‍ബന്ധ ബുദ്ധിയോട് സി.പി.എം പുറംതിരിഞ്ഞ്‌നില്‍ക്കുന്നു. അഴിമതി സംബന്ധിച്ച അന്വേഷണം അനിവാര്യമായ സന്ദര്‍ഭത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന് അധികാരം വിട്ടിറങ്ങേണ്ടിവന്നു. സി.പി.എമ്മില്ലെങ്കില്‍ കേരളത്തില്‍ മറ്റാര്‍ക്കും ഭരണമില്ലെന്ന ധാര്‍ഷ്ട്യത്തിനു മുന്നില്‍ രാഷ്ട്രീയ കേരളം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. ഇനിയെന്ത് എന്ന ചോദ്യവുമായി ജനാധിപത്യ വിശ്വാസികള്‍ ആശയക്കുഴപ്പത്തിലായി. വീണ്ടുമൊരു രാഷ്ട്രപതി ഭരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ സാഹചര്യം.
ഈ ഘട്ടത്തിലാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ എന്ന ക്രാന്തദര്‍ശിത്വമുള്ള നേതാവിന്റെ രാഷ്ട്രീയ നയതന്ത്രജ്ഞത കേരള ജനത ശരിക്കും തൊട്ടറിഞ്ഞത്. ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണവുമായി ബോംബെയിലായിരുന്ന ബാഫഖി തങ്ങളെ അന്നത്തെ കേരള ഗവര്‍ണര്‍ വി. വിശ്വനാഥന്‍ അടിയന്തിര സന്ദേശമയച്ചു നാട്ടിലേക്ക് വരുത്തുന്നു. കെ. കരുണാകരനും എം.എന്‍ ഗോവിന്ദന്‍ നായരും കെ.എം ജോര്‍ജുമായുള്ള നിരന്തര കൂടിക്കാഴ്ചകള്‍, ഗവര്‍ണറുമായുള്ള തുടര്‍ച്ചയായ രാഷ്ട്രീയ വിശകലനങ്ങള്‍. ഒടുക്കം ബാഫഖി തങ്ങളുടെ ഉറപ്പിന്മേല്‍ അന്ന് രാജ്യസഭാംഗമായിരുന്ന സി. അച്യുതമേനോന്‍ 1970 നവംബര്‍ ഒന്നിന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നു. കേരളം കണ്ട എക്കാലത്തെയും മികച്ച മന്ത്രിസഭ എന്നതിനപ്പുറം രാജ്യത്തിന്റെ മതേതര താല്‍പര്യവും അഖണ്ഡതയും അക്രമരഹിത ചിന്തകളുമുള്ള ഒരു പുതിയ രാഷ്ട്രീയ സമവാക്യത്തിന് അസ്തിവാരമിടുകയായിരുന്നു അന്ന് ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളിലൂടെ. പ്രതിലോമകരമായ രാഷ്ട്രീയ ചിന്തകള്‍ക്ക്‌മേല്‍ പരസ്പര വിശ്വാസത്തിന്റെയും രാജ്യനന്മക്ക് വേണ്ടിയുള്ള രാഷ്ട്രീയ സമവാക്യങ്ങളുടെയും പുതിയൊരു കാഴ്ചപ്പാട് രൂപം കൊണ്ടത് ബാഫഖി തങ്ങളുടെ ദീര്‍ഘവീക്ഷണത്തോട് കൂടിയ ഈ ശക്തമായ തീരുമാനത്തോട് കൂടിയായിരുന്നു. ഇന്ന് രാജ്യം കാണുന്ന മുന്നണി രാഷ്ട്രീയത്തിന് കേരളത്തിലൂടെ തുടക്കമിട്ടത് ബാഫഖി തങ്ങളാണ്.
ഭരണം നഷ്ടപ്പെട്ട മാര്‍ക്‌സിസ്റ്റുകള്‍ നാടൊട്ടുക്കും ആക്രമണങ്ങളും കലാപവും അഴിച്ചുവിട്ടപ്പോഴും അക്ഷ്യോഭ്യനായി നിന്ന് സമാധാനമാര്‍ഗേനെയുള്ള പ്രതിരോധങ്ങളിലൂടെ ഭരണപക്ഷത്തെ മുന്നോട്ട്‌നയിക്കുന്ന മുഖ്യമന്ത്രി അച്യുതമേനോന് കരുത്തുപകരാന്‍ ഘടകകക്ഷിയുടെ സാരഥി എന്ന നിലയില്‍ ബാഫഖി തങ്ങള്‍ക്ക് കഴിഞ്ഞു. ഈയൊരു നേതൃഗുണം കൊണ്ട് തന്നെയായിരുന്നു അന്നത്തെ രാഷ്ട്രപതി വി.വി ഗിരി മുതല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വരെയുള്ള സമുന്നത രാഷ്ട്ര നേതൃത്വവുമായി ഊഷ്മളമായ വ്യക്തിബന്ധം സൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുമായുള്ള ബന്ധങ്ങളെല്ലാം തന്നെ നാടിന്റെയും സമുദായത്തിന്റെയും നന്മക്ക് പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
കോഴിക്കോട് ടൗണ്‍ മുസ്‌ലിം ലീഗിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് തുടങ്ങി കാല്‍നൂറ്റാണ്ട് കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ അമരക്കാരനായി ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷപദവി വരെ അലങ്കരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പൊതുജീവിതം ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിക്കും മാതൃകയാക്കാവുന്ന അത്യുജ്ജ്വല ഏടുകളാണ്. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രചോദനവുമാണ് മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ സാരഥ്യത്തിലേക്ക് ബാഫഖി തങ്ങളെ ആനയിച്ചത്. പാണക്കാട് പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് തുടങ്ങിയ ഉറ്റ സഹപ്രവര്‍ത്തകരുമൊത്ത് ബാഫഖി തങ്ങളും സീതിസാഹിബും നടത്തിയ കഠിന പ്രയത്‌നത്തിലൂടെ മുസ്‌ലിംലീഗ് വമ്പിച്ച ജനപിന്തുണയുള്ള ബഹുജന പ്രസ്ഥാനമായി ശക്തിപ്പെട്ടു. ന്യൂനപക്ഷ പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും അഭ്യുന്നതിക്കും വേണ്ടി ആസൂത്രണത്തോടെ മുന്നോട്ടുപോകാന്‍ മുസ്‌ലിംലീഗിനെ പ്രാപ്തമാക്കിയത് ബാഫഖി തങ്ങളുടെ ത്യാഗവും സമര്‍പ്പണവുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോഴും വ്യക്തിപ്രഭാവത്തേയും സംശുദ്ധ പൊതു ജീവിതത്തേയും അങ്ങേയറ്റം ആദരവോടെയാണ് എതിര്‍പക്ഷ രാഷ്ട്രീയ നേതാക്കള്‍ പോലും നോക്കിക്കണ്ടിരുന്നത്.
ധാര്‍മ്മിക സദാചാര ബോധമുള്ള, കാരുണ്യവും മനുഷ്യപ്പറ്റുമുള്ള വിദ്യാര്‍ഥി യുവജന രാഷ്ടീയത്തെ രൂപപ്പെടുത്താന്‍ എം.എസ്.എഫിന്റെയും മുസ്‌ലിം യൂത്ത്‌ലീഗിന്റെയും നയരൂപീകരണത്തിലും സംഘടനാപ്രവര്‍ത്തനത്തിലും അദ്ദേഹം ജാഗ്രതയോടെ മാര്‍ഗദര്‍ശനം നല്‍കിപ്പോന്നു. രാഷ്ട്രീയമെന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വേദിയാണെന്ന സങ്കല്‍പ്പങ്ങളെ ബാഫഖി തങ്ങള്‍ പൊളിച്ചെഴുതി. ജാതി മത രാഷ്ട്രീയ സങ്കുചിതത്വങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ കെട്ടുറപ്പിന്‌വേണ്ടി അഹോരാത്രം ഓടി നടന്നു. പയ്യോളിയിലും നടുവട്ടത്തും തലശ്ശേരിയിലും മണത്തലയിലും അങ്ങാടിപ്പുറത്തും വര്‍ഗീയ കലാപങ്ങളുടെ തീനാളങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ അത് ഊതിക്കെടുക്കാന്‍ ഓടിച്ചെന്നു. പരസ്പര ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രയത്‌നിച്ചു. കലാപ ഭൂമികളില്‍ ശാന്തിയാത്രകള്‍ക്ക് നേതൃത്വം നല്‍കി.
വര്‍ഗീയകക്ഷികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത്, രാജ്യത്തെ ഇതര വിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനുള്ള പദ്ധതികളാവിഷ്‌കരിച്ചതോടൊപ്പം തന്നെ ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കംപോയ മുസ്‌ലിം സമുദായത്തിന്റെ നാനോന്മുഖമായ പുരോഗതിക്ക് വേണ്ടി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. സഹോദര സമുദായങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ സ്വസമുദായത്തിന് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായപ്പോള്‍ അസഹിഷ്ണുത പുലര്‍ത്തിയവരുടെ വര്‍ഗീയ വിളികളെ ചെറുപുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു. അതോടൊപ്പം തന്നെ എതിര്‍കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട സര്‍വ ബഹുമാനവും ഗുണകാംക്ഷയും തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ പോലും അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു.
ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ സര്‍വതുറകളിലും പിന്നാക്കംപോയ സമുദായത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സ്വന്തം കാലില്‍ നിവര്‍ന്ന് നില്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ പ്രബുദ്ധതയും സാക്ഷരതയും അനിവാര്യമാണെന്ന തിരിച്ചറിവില്‍ സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള കാലികമായ പദ്ധതികളാവിഷ്‌കരിക്കാന്‍ ബാഫഖിതങ്ങള്‍ മുന്നില്‍നിന്നു. അക്കാലത്തെ അറിയപ്പെടുന്ന നിരവധി വിദ്യാഭ്യാസ വിചക്ഷണരുമായി കൂടിയിരുന്ന് സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പദ്ധതികളാവിഷ്‌കരിച്ചു. ഏത്തരം വിമര്‍ശനങ്ങളെയും സമചിത്തതയോടെ പ്രതിരോധിക്കുന്നതില്‍ അസാമാന്യമായ പാടവം കാണിച്ചു. അതിന്റെ ഉത്തമ നിദര്‍ശനങ്ങളാണ് മലപ്പുറം ജില്ലാ രൂപീകരണത്തിലും മറ്റുമുയര്‍ന്ന ആരോപണങ്ങളിലും വിവാദങ്ങളിലും അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകള്‍.
ഭൗതിക വിദ്യാഭ്യാസവും ആധുനിക രീതിയിലുള്ള മതവിദ്യാഭ്യാസവും സമുദായത്തിന് സാധ്യമാക്കാന്‍ തന്റെ സമ്പത്തും ആരോഗ്യവും അറിവും അനുഭവവും ചെലവഴിച്ചു. മദ്രസാ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അമരത്തിരുന്ന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ രൂപപ്പെടുത്തി. കേരളത്തിനകത്തും പുറത്തും മുസ്‌ലിം ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അദ്ദേഹം രാവും പകലും സഞ്ചരിച്ചു. തന്റെ കച്ചവട സ്ഥാപനങ്ങളുടെ പുരോഗതിയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നിട്ടു പോലും സമുദായത്തിന്‌വേണ്ടി പള്ളികളും മദ്‌റസകളും യതീംഖാനകളും കോളജുകളും സ്ഥാപിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സമുദായത്തിലെ പഠനരഗത്ത് മികച്ചു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌വേണ്ടി പലപ്പോഴും സ്വന്തം ചെലവില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ അദ്ദേഹം തയ്യാറായി.കാല്‍ നൂറ്റാണ്ടിലേറെ ചന്ദ്രികയുടെ മാനേജിങ് ഡയരക്ടറായിരുന്നു ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ഇക്കാലയളവില്‍ ചന്ദ്രികയുടെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി അദ്ദേഹം ദൂരദിക്കുകളില്‍വരെ ചെന്നെത്തി. ചന്ദ്രിക ദിനപത്രത്തിന്റെ ആധുനികവത്കരണത്തിന് തുടക്കമിടുന്നത് ബാഫഖി തങ്ങളിലൂടെയാണ്. അന്താരാഷ്ട്രരംഗത്തെ നിരവധി വന്‍കിട സ്ഥാപനങ്ങളുമായുള്ള പരിചയം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ തുണയായി. തങ്ങള്‍ക്ക് കിട്ടിയ ഏത് വേദികളിലും ചന്ദ്രികയുടെകാര്യം ഉണര്‍ത്താതെ അദ്ദേഹം പ്രസംഗം ഉപസംഹരിച്ചിരുന്നില്ല.
വ്യക്തി ജീവിതത്തില്‍ അങ്ങേയറ്റം വിശ്വാസദാര്‍ഢ്യവും സൂക്ഷ്മതയും പുലര്‍ത്തിയിരുന്ന അദ്ദേഹം മതപരമായ ബാധ്യതയുടെ ഭാഗമായി തന്നെയാണ് രാഷ്ട്രീയത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഏത് രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും മതപരമായ അനുഷ്ഠാനങ്ങള്‍ അതീവ സൂക്ഷ്മതയോടെ നിര്‍വഹിക്കുന്നതില്‍ അദ്ദേഹത്തിന് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല.തിരക്ക് പിടിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും 23 തവണ പരിശുദ്ധ ഹജ്ജ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് ഈ വിശ്വാസദാര്‍ഢ്യത്തിലൂന്നിയുള്ള ജീവിതത്തിന് തെളിവാണ്. അല്ലാഹു അതിന് നല്‍കിയ തക്കതായ പ്രതിഫലം തന്നെയായിരിക്കും, പുണ്യ കഅ്ബാലയം സ്ഥിതിചെയ്യുന്ന മക്കയുടെ മണ്ണില്‍ അലിഞ്ഞുചേരാന്‍ അദ്ദേഹത്തിന് ഭാഗ്യം നല്‍കിയത്.