X

പ്രാദേശിക സര്‍ക്കാറുകളെ അപ്രസക്തമാക്കുമ്പോള്‍


കെ.പി.എ മജീദ്
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. പ്രാദേശിക സര്‍ക്കാറുകള്‍ എന്ന നിര്‍വചനത്തെപ്പോലും അപ്രസക്തമാക്കുന്നരീതിയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകളും നടപടികളും വന്നുകൊണ്ടിരിക്കുന്നത്. ഫണ്ടുകള്‍ വെട്ടിക്കുറക്കലും തിരിച്ച് പിടിക്കലും മാത്രമല്ല, പ്രാദേശിക ആസൂത്രണങ്ങള്‍ പോലും പ്രഹസനമാകുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്. അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും മറന്ന് സര്‍ക്കാര്‍ പെരുമാറുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നോക്കുകുത്തികളായി മാറുകയാണ്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാറുകളിലൊന്നുപോലും ഈ രീതിയില്‍ പ്രാദേശിക സര്‍ക്കാറുകളോട് പെരുമാറിയിട്ടില്ല. കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതിന് പകരം പരിഹാസ്യമായ വാദങ്ങളുയര്‍ത്തി ഒഴിഞ്ഞുമാറുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സംസ്ഥാന ബജറ്റിന്റെ മൂന്നില്‍ ഒന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കുക എന്നതായിരുന്നു കേരള പഞ്ചായത്ത് രാജ് ആക്റ്റ് പാസ്സാക്കുന്ന ഘട്ടത്തില്‍ ലക്ഷ്യം വെച്ചിരുന്നത്. ഇതിനനുസൃതമായാണ് ബജറ്റ് തയ്യാറാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചുവരുന്നത്. പ്രത്യക്ഷത്തില്‍ ഫണ്ട് ഉയര്‍ത്തിക്കാണിക്കുകയും പരോക്ഷമായി അവ തിരിച്ചുപിടിക്കുകുയും ചെയ്യുന്ന സമീപനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സ്വീകരിച്ചത്. 2019-20 വര്‍ഷത്തില്‍ ഫണ്ട് പിടിച്ചടുക്കലിന് പുറമെ എല്ലാ മര്യാദകളും ലംഘിച്ച് വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറക്കുകയുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ 2019-20 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം വാങ്ങിയ ശേഷം ബജറ്റ് വിഹിതത്തില്‍ വന്‍തോതില്‍ കുറവ് വരുത്തി.

കൂടാതെ, 2019 മാര്‍ച്ച് 31ന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ട്രഷറിയില്‍ സമര്‍പ്പിച്ച 2018-19 ലെ ബില്ലുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും തുക പിടിച്ചെടുക്കുന്നതുമാണ് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ തള്ളിവിട്ടത്. ഇതോടെ വാര്‍ഷിക പദ്ധതി പൂര്‍ണ്ണമായും അവതാളത്തിലായിരിക്കുകയാണ്. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതില്‍ നിന്നും ചുരുങ്ങിയത് 10 ശതമാനമെങ്കിലും വര്‍ദ്ധിച്ച തുകയാണ് ഓരോ വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇതിന് പകരം ഇത്തവണ 20 ശതമാനത്തോളം തുക വെട്ടിക്കുറക്കുകയാണുണ്ടായത്. ഇതിന് പുറമെയാണ് മാര്‍ച്ച് 23 ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകളെ ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ശേഷം 2019-20 വര്‍ഷത്തെ ബജറ്റില്‍ നിന്നും ഇതിന് ഫണ്ട് പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളത്. ഇത് മൂലം 50 ശതമാനത്തോളം വരെ തുകയുടെ നഷ്ടമാണ് മിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ടായിട്ടുള്ളത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു സാമ്പത്തിക വര്‍ഷം പോലും ട്രഷറിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ല് അനുവദിക്കുന്നതിന് പ്രതിസന്ധിയുണ്ടായിട്ടില്ല. എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് അര്‍ദ്ധ രാത്രി വരെ ട്രഷറിയില്‍ ബില്ല് സ്വീകരിച്ചിരുന്നതും അവക്കെല്ലാം അതത് വര്‍ഷത്തെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നതുമാണ്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷം തന്നെ ട്രഷറിയില്‍ പ്രതിസന്ധി രൂപപ്പെട്ടു. ഓരോ വര്‍ഷവും അത് രൂക്ഷമാവുകയാണ്. ഒരു വര്‍ഷത്തെ ചെലവഴിക്കാനാവാത്ത പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം അധികമായി അനുവദിച്ചിരുന്നതാണ്. മേല്‍ തുക ജൂലൈ മാസം നടപ്പു വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡുവിനൊപ്പം അനുവദിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതുമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന ഇത്തരം സാഹചര്യങ്ങളെല്ലാം എടുക്കപ്പെട്ടിരിക്കയാണ്.

മാത്രമല്ല, 2018-19 വര്‍ഷത്തില്‍ മഹാപ്രളയം മൂലംപ്രവര്‍ത്തനങ്ങള്‍ മാസങ്ങളോളം തടസ്സപ്പെട്ട സാമ്പത്തിക വര്‍ഷമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ട്രഷറികളില്‍ ബില്ല് സ്വീകരിക്കുന്നത് സംബന്ധിച്ചും തടസ്സമുണ്ടായിരുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ട് പ്രത്യേക സമയം അനുവദിക്കുന്നതിന് പകരം നിശ്ചിത സമയം പോലും പദ്ധതി പൂര്‍ത്തീകരണത്തിന് അനുവദിക്കാതെയാണ് സര്‍ക്കാര്‍ ഫണ്ട് തിരിച്ച് പിടിച്ചത്. തദ്ദേശ സ്ഥാപനങ്ങളോട് 2019-20 വാര്‍ഷിക പദ്ധതിക്ക് നേരത്തെ അംഗീകാരം വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചതും ലഭ്യമാകുന്ന തുക സംബന്ധിച്ച് ഉത്തരവിറക്കയതും സംസ്ഥാന സര്‍ക്കാറാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 2ന് പദ്ധതി രൂപീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളും 2018 ഡിസംബര്‍ 31 ന് മുമ്പായി അംഗീകാരം വാങ്ങിയിരുന്നതുമാണ്.

തുടര്‍ന്ന് ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ച ശേഷമാണ് സര്‍ക്കാര്‍ ഫണ്ട് വന്‍തോതില്‍ വെട്ടിക്കുറച്ചതും ക്യൂബില്ലുകളുടെ പേരില്‍ തുക തിരിച്ച് പിടിച്ചതും. ഇത് മൂലം മാസങ്ങള്‍ നീണ്ട ആസൂത്രണ പ്രക്രിയ വ്യര്‍ത്ഥമായിരിക്കയാണ്. ഫണ്ടില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്ന് തദ്ദേശ ഭരണസമിതികള്‍ പെടുന്നനെ പദ്ധതി പുനക്രമീകരിക്കാന്‍ നിര്‍ബന്ധിതമായതോടെ ഏറെ ആസൂത്രണങ്ങള്‍ക്ക് ശേഷം രൂപപ്പെടുത്തിയ പല പദ്ധതികളും ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. ഗ്രാമസഭകളും കര്‍മ്മസമിതികളും രൂപപ്പെടുത്തി വികസനസെമിനാര്‍ ചേര്‍ന്ന് അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയ പദ്ധതി രേഖയും ഭരണസമിതി മാത്രം ചേര്‍ന്ന് പുനക്രമീകരിച്ച പദ്ധതി രേഖയും തമ്മിലുള്ള അന്തരം വലുതാണ്.

ഇത് ഗ്രാമസഭയെയും വികേന്ദ്രീകരണാസൂത്രണത്തെയും പരിഹാസ്യമാക്കുന്ന നടപടിയാണ്.
ഇതിന് പുറമെ അനുവദിക്കുന്ന ഫണ്ടുകള്‍ എങ്ങിനെ ചെലവഴിക്കണം എന്ന് പൂര്‍ണ്ണമായും സര്‍ക്കാര്‍ തന്നെ നിശ്ചയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരളത്തിലെ ഓരോ പ്രദേശത്തെയും ആവശ്യങ്ങളും സാധ്യതകളും വ്യത്യസ്തമാണ്. ഇതിനനുസരിച്ച് വ്യത്യസ്തമായ പദ്ധതികളാണ് ഓരോ പ്രദേശത്തേക്കും ആവശ്യം. എന്നാല്‍ ഇത് തിരിച്ചറിയാതെയാണ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയത്.

ഗ്രാമപഞ്ചായത്തുകളില്‍ 80 ശതമാനവും ഏതെല്ലാം മേഖലകളില്‍ ചെലവഴിക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 20 ശതമാനത്തിനും സര്‍ക്കാര്‍ തന്നെ അനിവാര്യമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നു. ഇത് അധികാരവികേന്ദ്രീകരണത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണ്.
തിരുവനന്തപുരത്തെ നഗരസ്വഭാവമുള്ള ഒരു ഗ്രാമപഞ്ചായത്തും വയനാട്ടിലെ അവികസിതമായ ഒരു ഗ്രാമപഞ്ചായത്തും ഏറ്റെടുക്കേണ്ടത് ഒരേ രീതിയിലുള്ള പദ്ധതികളാണ് എന്ന് സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ പ്രാദേശിക ആസൂത്രണം അപ്രസക്തമാവുകയാണ്. പ്രാദേശിക സര്‍ക്കാറുകള്‍ക്ക് വികേന്ദ്രീകരിച്ചു നല്‍കിയ അധികാരം തിരിച്ചുപിടിക്കുന്നതിന് സമാനമാണ് ഇത്തരം നടപടികള്‍. പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയാണ്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുമെന്ന പ്രഖ്യാപനം പിന്നീട് ജലരേഖയായി മാറുന്നതാണ് കണ്ടത്. ശേഷം പ്രളയപുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചെങ്കിലും ഇതേവരെ തുക അനുവദിച്ചിട്ടില്ല.

പ്രളയം നേരിട്ട തദ്ദേശ സ്ഥാപനങ്ങളുടെ പരിശോധന നടന്നുവരികയാണ് എന്ന നിലനില്‍ക്കാനാവാത്ത ന്യായമാണ് സര്‍ക്കാര്‍ ഇപ്പോഴും നിരത്തുന്നത്. ഇനി ഫണ്ട് അനുവദിക്കുന്ന ഘട്ടത്തില്‍ മൂന്നാമതും പദ്ധതി പുനക്രമീകരിക്കേണ്ട സ്ഥിതിവരും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി അനുവദിച്ചിരുന്ന പെര്‍ഫോമന്‍സ് ഗ്രാന്റും ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥിരമായി അട്ടിമറിക്കുകയാണ്. മാര്‍ച്ച് അവസാനത്തില്‍ തുക അനുവദിക്കുകയും പദ്ധതി തയ്യാറാക്കാന്‍ പോലും അനുമതി നല്‍കാതെ ഏപ്രില്‍ മാസത്തില്‍ തുക തിരിച്ച് പിടിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ആവര്‍ത്തിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള തീവ്രപരിശ്രമമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. പദ്ധതി പ്രവര്‍ത്തനം ലളിതമാക്കിയും കൂടുതല്‍ ഫണ്ട് അനുവദിച്ചും പുതിയ തസ്തികകള്‍ സൃഷ്ടിച്ചും പ്രാദേശികസര്‍ക്കാറുകള്‍ക്ക് ആവേശം പകരുന്ന സമീപനമായിരുന്നു യു.ഡി.എഫിന്റെത്. പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയും എല്ലാ പഞ്ചായത്തിലും പുതുതായി ഒരു ക്ലറിക്കല്‍ തസ്തികയും അക്കാലത്ത് രൂപീകരിക്കപ്പെട്ടു. സെക്രട്ടറി തസ്തിക ഏകീകരിച്ച് ഗസറ്റഡ് പദവി നല്‍കിയതും ഡ്രൈവര്‍ നിയമനം പി.എസ്.സി മുഖേനയാക്കിയതും തദ്ദേശസ്ഥാപനങ്ങളില്‍ അംഗപരിമിതരായ അയ്യായിരത്തോളം ജീവനക്കാരെ സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തിയതും അക്കാലത്താണ്. എന്നാല്‍ ആ രീതിയിലുള്ള യാതൊരു ഇടപെടലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ സ്വീകരിച്ചില്ല എന്നതാണ് ഖേദകരം.

പരസ്പര വിരുദ്ധവും വിചിത്രവുമായ ഉത്തരവുകളിലൂടെയും നടപടികളിലൂടെയും ക്ഷേമപെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും അവതാളത്തിലായിരിക്കുകയാണ്. അപേക്ഷകന് അപേക്ഷിക്കുന്ന തിയ്യതി മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും എന്ന ഉത്തരവ് പോലും ഈ സര്‍ക്കാര്‍ തിരുത്തിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനത്തിന്റെ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ഭരണസമിതി അംഗീകാരം നല്‍കിയ ശേഷം ഡാറ്റാ എന്‍ട്രി നടത്തി ഡി.ബി.റ്റി സെല്‍ അനുമതി നല്‍കുന്ന തിയ്യതി മുതലാണ് ഇപ്പോള്‍ ആദ്യ പെന്‍ഷന് അര്‍ഹത നേടുന്നത്. മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റവും അര്‍ഹരായ നിരവധി പേര്‍ക്ക് പെന്‍ഷന് നഷ്ടമാവുന്നതിനിടയാക്കുന്നു. പഞ്ചായത്തുകള്‍ കൃത്യമായി നടപ്പാക്കി വന്നിരുന്ന ഭവന പദ്ധതി അട്ടിമറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് ഭവന പദ്ധതിയും കാറ്റൊഴിഞ്ഞ ബലൂണായി മാറുന്ന കാഴ്ചയാണുള്ളത്.
ഭവനരഹിതര്‍ക്കെല്ലാം ഭവനം എന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍ യഥാര്‍ത്ഥ ഭവനരഹിതരില്‍ നൂറിലൊന്ന് കുടുംബങ്ങള്‍ക്ക് പോലും വീട് നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്.

ജീവനക്കാരെ വ്യാപകമായി സ്ഥലം മാറ്റിയും ഭീഷണിപ്പെടുത്തിയും കൂടെനിര്‍ത്തുന്നതിനുള്ള ശ്രമം അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടിലൂടെ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വാര്‍ഷിക പദ്ധതി പ്രതിസന്ധിയിലാക്കിയും മിഷനുകള്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ സര്‍ക്കാറിലേക്ക് കേന്ദ്രീകരിച്ചും സര്‍ക്കാര്‍ നടത്തുന്ന നീക്കം പ്രാദേശിക സര്‍ക്കാറുകള്‍ക്ക് ഏല്‍പ്പിച്ച പ്രഹരം ചെറുതല്ല.

ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ലോകത്തിന് മാതൃകയായി കേരളം ഉയര്‍ത്തിക്കാണിക്കുന്ന പ്രാദേശിക സര്‍ക്കാറുകള്‍ നോക്കുകുത്തികള്‍ മാത്രമായി മാറും. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തെറ്റായ നയത്തിന്റെ ഭാഗമായി ആന്തൂറു മോഡല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പ്രക്ഷോഭരംഗത്തിറങ്ങുന്നത്. സമരത്തിന് തുടക്കം കുറിച്ച് മുസ്്‌ലിംലീഗിന്റെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഇന്നു നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. പിടിച്ചെടുത്ത അധികാരവും ഫണ്ടും തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ തുടര്‍ പ്രക്ഷോഭത്തിലേക്ക് പാര്‍ട്ടിക്ക് നീങ്ങേണ്ടി വരും.

Test User: