X

സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു: കെ.പി.എ മജീദ്

പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അവകാശ പോരാട്ട പ്രഖ്യാപനവും ശിഹാബ് തങ്ങള്‍-കെ മമ്മദ്‌ഫൈസി അനുസ്മരണവും കോഴിക്കോട് ലീഗ് ഹൗസില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകന്‍

കോഴിക്കോട്: രാജ്യത്താകമാനം സംഘര്‍ഷം വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനും പ്രതിരോധിക്കാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ വലിയ കരുത്താണ്. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അവകാശ പോരാട്ട പ്രഖ്യാപനവും ശിഹാബ് തങ്ങള്‍-കെ മമ്മദ്‌ഫൈസി അനുസ്മരണവും കോഴിക്കോട് ലീഗ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മതവൈരമുണ്ടാക്കി സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ബി.ജെ.പി ആസൂത്രിതമായ ശ്രമങ്ങളാണ് നടത്തുന്നത്. കൊടിഞ്ഞി ഫൈസല്‍-കാസര്‍ക്കോട് റിയാസ് മൗലവി വധങ്ങള്‍ വര്‍ഗീയ ലഹള ലക്ഷ്യമിട്ടുള്ളതായിരുന്നു. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ സംസ്ഥാനങ്ങളെ വിരട്ടാനാണ് ശ്രമം. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. ബംഗാളില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും മമത ശക്തമായ നിലപാടെടുക്കുകയായിരുന്നു.
വര്‍ഗീയത പ്രചരിപ്പിച്ച് നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിഫലമാക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം. പ്രവാസികളുടെ സമ്പത്താണ് നമ്മുടെ സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനമായത്. അവര്‍ അവഗണിക്കപ്പെടുകയും ഭരണകൂടം അവരെ കാണാതെ പോകുകയുമാണ്. പ്രവാസി പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ ജാഗരൂകരായി ഇടപെടാതിരുന്നാല്‍ കേരളം ഒരു പട്ടിണി സംസ്ഥാനമായി മറേണ്ടി വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം.എ സലാം സമര രേഖ അവതരിച്ചു. ചന്ദ്രിക പത്രാധിപര്‍ സി.പി സെയ്തലവി ശിഹാബ് തങ്ങള്‍-കെ മമ്മദ്‌ഫൈസി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.പി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, സി.കെ.വി യൂസുഫ്, നാസര്‍ പെരിങ്ങത്തൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി അഹമ്മദ്, ജലീല്‍ വലിയകത്ത്, എന്‍.എം ഷരീഫ് പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ സ്വാഗതവും പറഞ്ഞു. കെ.പി ഇമ്പിച്ചുമമ്മുഹാജി, സി.പി.പി അബ്ദുള്ള, ടി.എച്ച് കുഞ്ഞാലി ഹാജി, കെ.നൂറുദ്ധീന്‍, ഖാദര്‍ ഹാജി ചെങ്കള, സി.കെ.പി മമ്മു, അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ. ബീരാന്‍ ഹാജി, കെ.വി മുസ്തഫ, കെ.കെ അലി, ഒ.കെ അലിയാര്‍, മുഹ്‌സിന്‍ ബ്രൈറ്റ്, ഇല്ലിക്കല്‍ ആലിക്കോയ, എ.എം സമദ്, ശിയാദ് ഷാനൂര്‍ നേതൃത്വം നല്‍കി.

chandrika: