കോഴിക്കോട്: പൗരന്മാരെ തല്ലിക്കൊല്ലുന്ന ഹിംസക്കെതിനെതിരെ നടപടി വേണമെന്ന് ഭരണാധികാരിയോട് ആവശ്യപ്പെടുന്നത് രാജ്യദ്രോഹ കുറ്റമാക്കുന്നതാണ് ജനാധിപത്യ രാജ്യത്തിന് എതിരായ ദേശദ്രോഹമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിച്ച് 124 എ (രാജ്യദ്രോഹം) ചുമത്തി കേസ്സെടുക്കുന്നത് വിഢിത്തവും ഇന്ത്യന്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തലുമാണ്.
രാജ്യാന്തര കാര്‍ത്തിയുള്ള രാജ്യം പത്മപുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചവര്‍ക്ക് പോലും പ്രധാനമന്ത്രിക്ക് കത്തയക്കാനോ അഭിപ്രായം അറിയിക്കാനോ പാടില്ലെന്ന തിട്ടൂരത്തില്‍ ഫാഷിസ്റ്റുകളുടെ ഭയവും വെപ്രാളവുമാണ് പ്രകടമാകുന്നത്. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് നിരപരാധികളെ തല്ലിക്കൊല്ലുന്ന പ്രവണതക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതായ വിവരം പുറത്തായപ്പോള്‍ തന്നെ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് സംഘപരിവാര്‍ ആക്രോശിച്ചിരുന്നു.
ദളിതര്‍, ആദിവാസികള്‍, മതന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍, സാംസ്‌കാരിക നായകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി പ്രതികരണ ശേഷിയുള്ളവരെയാകെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒതുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ മനുഷ്യത്വമുള്ള മുഴുവന്‍ ജനങ്ങും അപ്പാടെ തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല. തലതിരിഞ്ഞ നയങ്ങളിലൂടെ രാജ്യത്തെ സര്‍വ്വ മേഖലയിലും പിന്നോട്ട് നയിക്കുന്നവര്‍ എല്ലാ എതിര്‍ശബ്ദങ്ങളെയും കയ്യൂക്ക് കൊണ്ടും വൈകാരികത സൃഷ്ടിച്ചും വഴിതിരിച്ചു വിടാനും ലഘൂകരിക്കാനുമാണ് ശ്രമിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ പലര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്സെടുത്തതിന്റെ മറ്റൊരു പതിപ്പാണ് മോദിക്ക് കത്തയച്ചവര്‍ക്കെതിരെ ദേശദ്രോഹത്തിന് കേസ്സെടുത്തത്. സംഘപരിവാറിനെയും കേന്ദ്ര ഭരണകൂടത്തെയും വിമര്‍ശിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്യുന്നവരെ മുഴുവന്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കുമെന്ന ഭീഷണിക്ക് മുമ്പില്‍ പൗരബോധമുള്ളവരാരും പേടിച്ചോടില്ല.
സംഘപരിവാര്‍ നേതാവായ അഡ്വ.സുധീര്‍ കുമാര്‍ ഓഝയുടെ ഹര്‍ജിയും ഇതിനെ തുടര്‍ന്ന് പൊലീസ് കേസ്സെടുത്തതും ഗൂഢാലോചനയും ദേശവിരുദ്ധതയുമാണ്. രാജ്യം ആദരിച്ച പ്രതിഭകളുടെ ഹിംസക്ക് എതിരായ പ്രതിഷേധവും അഭിപ്രായവും രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനു പ്രകോപനമുണ്ടാക്കല്‍, പൊതുശല്യം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത നടപടി തിരുത്തണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
- 5 years ago
chandrika
ഹിംസക്കെതിരെ നടപടി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കേസ്സെടുക്കുന്നതാണ് രാജ്യദ്രോഹം: കെ.പി.എ മജീദ്
Tags: kpa majeed
Related Post