X
    Categories: main stories

സിപിഎം സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്നു-കെപിഎ മജീദ്

കോഴിക്കോട്: സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തില്‍ രാഷ്ട്രീയമാണ് പറയേണ്ടത്. അല്ലാതെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന വര്‍ഗീയ പ്രചരണമല്ല. വര്‍ഗീയ ചിന്താഗതി കൊണ്ടുനടക്കുന്ന പിണറായിയെ പോലുള്ള ഒരു നേതാവ് സിപിഎമ്മില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും കെപിഎ മജീദ് പറഞ്ഞു.

ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ യുഡിഎഫ് തയാറാണ്. അത്തരത്തിലുള്ള നിലപാടാണ് യുഡിഎഫിനുള്ളത്. യുഡിഎഫ് എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങൾ മാനിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന മുന്നണിയാണെന്നും കെപിഎ മജീദ് പറഞ്ഞു.

സിപിഎം കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന സമിതിയെയും മറികടന്ന് ഏകാധിപതിയെ പോലെയാണ് പിണറായി പ്രവർത്തിക്കുന്നത്. വിഷയത്തിൽ സി.പി.എം കേന്ദ്രനേതൃത്വം ഇടപെടണം. കേരളത്തിൽ ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല. ഇതുതന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ പോകുന്നത്. ബിജെപി സീറ്റ് പിടിച്ചാൽ അത് സിപിഎമ്മിന്‍റെ നയവൈകല്യം കൊണ്ട് മാത്രമാകുമെന്നും മജീദ് ചൂണ്ടിക്കാട്ടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: