കോഴിക്കോട്: ഒന്നിനു പിറകെ ഒന്നായി തെളിവുകള്‍ സഹിതം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍വ്വകലാശാലകളുടെ അക്കാദമിക കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന മന്ത്രി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ത്ഥികളുടെ ഭാവിയെയും തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും പുതിയ തെളിവുകള്‍ മന്ത്രിക്കെതിരെ വന്നുകൊണ്ടിരിക്കുകയാണ്. സിന്‍ഡിക്കേറ്റോ അക്കാദമിക സമിതികളോ അറിയാതെ കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ചോദ്യ പേപ്പര്‍ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌ക്കരിച്ച് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ് പുതിയ വിവാദം. അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം മന്ത്രിക്കില്ല. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നടപടിയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ധാര്‍മ്മികത അല്‍പമെങ്കിലുമുണ്ടെങ്കില്‍ ബന്ധുനിയമനം വിവാദമായ സമയത്ത് ജലീല്‍ രാജിവെക്കേണ്ടതായിരുന്നു. ജലീല്‍ സ്വയം രാജിവെച്ച് പോകുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണം. ജലീലിനെതിരായ തെളിവുകള്‍ ഒന്നോ രണ്ടോ ആരോപണങ്ങളില്‍ ഒതുങ്ങുന്നതല്ല. നാണംകെട്ട ഇടപെടലാണ് എല്ലായിടത്തും നടത്തിക്കൊണ്ടിരിക്കുന്നത്. തുരുതുരാ വരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബന്ധുനിയമന വിവാദമുണ്ടായ സമയത്ത് മന്ത്രിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ മാല്‍കോടെക്‌സ് മുന്‍ ജീവനക്കാരന്‍ തൊഴില്‍ പീഡനം സഹിക്കാതെ രാജിവെക്കേണ്ടിവന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇത്തരം നടപടികള്‍ ചെയ്യുമ്പോഴാണ് മനുഷ്യത്വത്തിനു വേണ്ടി നിയമം ലംഘിക്കുമെന്ന് മന്ത്രി വിളിച്ചു പറയുന്നത്. നിയമം പാലിച്ചും സ്വജന പക്ഷപാതം ഇല്ലാതെയും ഭരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് നിയമം ലംഘിക്കുമെന്ന് വിളിച്ചുപറയുന്നത്. ഈ ധിക്കാരം വെച്ചുപൊറുപ്പിക്കാനാവില്ല. മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ സമരങ്ങള്‍ക്ക് മുസ്‌ലിംലീഗ് എല്ലാ പിന്തുണയും നല്‍കുന്നതായും കെ.പി.എ മജീദ് വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണം: കെ.പി.എ മജീദ്
Tags: kt jaleel