കോഴിക്കോട്: വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക് ആട്ടിയോടിക്കുമെന്ന ബി.ജെ.പി ധാഷ്ട്യം അങ്ങേയറ്റം അപലപനീയമാണ ന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവിനെതിരെ ഉന്മൂലന ഭീഷണി ഉയര്‍ത്തിയ ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണനെതിരെ വധഭീഷണിക്ക് കേസെടുത്ത് നിയമത്തിന്റെ മുമ്പിലെത്തിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
ജയ്ശ്രീറാം വിളിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും അക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ പ്രതിഷേധിച്ച് സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ അമ്പതോളം പേര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. സ്വതന്ത്ര്യാനന്തരം സ്വന്തം ജീവനക്കാളേറെ ഇന്ത്യയെ സ്‌നേഹിച്ച് ഇവിടെ ഉറച്ചു നിന്ന് രാജ്യം കെട്ടിപ്പടുത്ത മുസ്്‌ലിംകളെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കാന്‍ വെമ്പല്‍കൊണ്ടവര്‍ ഇപ്പോള്‍, അഹിംസയില്‍ അധിഷ്ടിതമായ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരെ അന്യ ഗ്രഹങ്ങളിലേക്കു കയറ്റി അയക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അതീവ ഗുരുതരമാണ്.
37% വോട്ടുകള്‍ നേടി അധികാരത്തിലെത്തിയ സംഘ്പരിവാറിന് രാജ്യത്തെ 63% ജനങ്ങളും എതിരാണെന്ന തിരിച്ചറിവോടെ വേണം ഇത്തരം കൊലവിളികളും ഭീഷണികളും. ഏതെങ്കിലും വിഭാഗത്തിന് ഇന്ത്യയെ തീറെഴുതിയിട്ടില്ല.
അറബികള്‍ ഒട്ടകങ്ങളെ ആരാധിക്കുന്നവരാണെന്നും അതുകൊണ്ട് അവയെ അറവ് നടത്താറോ ഭക്ഷിക്കാറോ ഇല്ലെന്ന പെരും നുണ ചാനലില്‍ വിളമ്പിയ വ്യക്തിയാണ് ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ഇത്തരം വിവര ദോഷികളെ അവര്‍ മെഗാഫോണുകളാക്കുന്നത് ആകസ്മികമല്ല. ആശയദാരിദ്രം നേരിടുന്ന സംഘപരിവാറിന് പണാധിപത്യവും നുണച്ചാക്കുകളും ഭീഷണികളും കൊണ്ടു അധിക കാലം പിടിച്ചു നില്‍ക്കാനാവില്ല. ജനാധിപത്യപരവും സമാധാനപരവുമായ എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കണ്ട് ആക്രമണോത്സുക ഭീഷണി മുഴുക്കുന്നവരെ മതേതര ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.