കൊച്ചി: കേരളത്തില്‍ ആര്‍ക്കും എവിടെയും സുരക്ഷിതമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജനങ്ങള്‍ ഭീതിയോടെ ജീവിക്കുന്നു. പൊലീസില്‍ നിന്നും സഹായം ലഭിക്കുന്നില്ല. പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു. കണ്ണൂരിലെ അവസ്ഥ കേരള മങ്ങോളമിങ്ങോളമായി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് പോലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സ്ഥിതിയാണിന്ന്. അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തും ഉണ്ടാകുമെങ്കിലും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ നിലപാടും സമീപനവും മൗനാനുവാദവുമാണ് കേരളത്തെ ഈ ദുസ്ഥിതിയിലെത്തിച്ചിട്ടുള്ളതെന്നും കെ.പി.എ മജീദ് പറഞ്ഞു. എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂര മര്‍ദ്ദനത്തില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ആയുര്‍വേദ ടൂറിസം ചികില്‍സക്കെത്തിയ ലാത്‌വിയ സ്വദേശിനി ലിഗയുടെ ദാരുണ മരണത്തെക്കുറിച്ച് കേരള പൊലീസ് നിരുത്തരവാദപരമായ അന്വേഷണമാണ് നടത്തിയതെന്ന് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. ലിഗയെ കാണാതായ വിവരം അവരുടെ ഭര്‍ത്താവും സഹോദരിയും പൊലീസിനെ അറിയിച്ചിട്ടും ഡി.ജി.പി നല്‍കിയ മറുപടി എത്ര ലാഘവത്തോടെയുള്ളതായിരുന്നു. അവര്‍ ഉല്ലാസ യാത്രക്ക് പോയതാണ്. തിരിച്ചു വരുമെന്നായിരുന്നു മറുപടി. ഒരു വിദേശ ടൂറിസ്റ്റിന് പോലും കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ ആ രാജ്യത്ത് കേരളത്തിന്റെ ചിത്രമെന്തായിരിക്കും. എത്ര നാണക്കേടാണിത്. ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്ക് പോലും സംരക്ഷണമില്ല. എത്ര നാണക്കേട് നിര്‍ഭാഗ്യകരം. മാര്‍ച്ച് 14 നാണ് ലിഗയെ കാണാതാകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഇവരെ തേടി ഭര്‍ത്താവും സഹോദരിയും ഒറ്റക്ക് സഞ്ചരിച്ചു. തിരുവനന്തപുരത്ത് കടലോരത്ത് പൊന്തക്കാടില്‍ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണെന്നും കെ.പി.എ മജീദ് പറഞ്ഞു.