X

മതവിദ്വേഷ പ്രസംഗം: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെപി ശശികല ഹൈക്കോടതിയില്‍

കൊച്ചി: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല ഹൈക്കോടതിയില്‍. ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കാട്ടിയാണ് ശശികല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ സി ഷുക്കൂറാണ് ശശികലക്കെതിരെ പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന് ഇക്കാര്യത്തിലുളള നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ പ്രകാരമായിരുന്നു ശശികലയുടെ പ്രസംഗത്തിനെതിരെ കേസെടുത്തത്. അഡ്വ സി ഷൂക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകളും യുട്യൂബ് ലിങ്കുകളും അടക്കമാണ് പരാതിയി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍ക്കിടയില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗം നിരന്തരം നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.മതവിഭാഗങ്ങളെ അടിച്ചാക്ഷേപിക്കുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതുമാണ് പ്രസംഗമെന്നും പരാതിയില്‍ പറയുന്നു. കേസ് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നേരത്തെ ഹൈക്കോടതിയില്‍ ജാമ്യത്തിന് ശശികല ശ്രമിക്കില്ലെന്ന് പറഞ്ഞിരുന്നു.

chandrika: