കെ.പി പ്രസന്നൻ
ചാരിറ്റിയെ കുറിച്ച് ഒരു നൂറായിരം സംശയങ്ങൾ ആണ്. ഇല്ലെങ്കിൽ ഉണ്ടാക്കി തരാനായി ധാരാളം ആങ്ങളമാർ ഉണ്ട് താനും.
കഴിഞ്ഞ റമദാനിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ രണ്ടു വീഡിയോ പലവഴിയിലൂടെ കിട്ടി. ആദ്യത്തേത് കാൽ മടങ്ങി പോയി ദുരിതത്തിലായ ഒരു പാവത്തിന്റേത്. ദയനീത തോന്നുകയും കുറച്ചു പണം അയക്കുകയും ചെയ്തു. സ്വന്തം കാശ് എന്ന അഹങ്കാരം ഉള്ളതിനാലും(കാശിന്റെ ഉടമസ്ഥൻ വേറെ ആരോ ആണെന്നു പലപ്പോഴും നാം മറന്നു പോവാറുണ്ടല്ലോ?). അത്ര സൂക്ഷ്മത മതി എന്ന് തോന്നിയത് കൊണ്ടുമാണ് കൂടുതൽ അന്വേഷണം നടത്താതെ പെട്ടെന്നു തന്നെ അയച്ചത്. ബാങ്ക് അക്കൗണ്ട് ആഡ് ചെയ്തപ്പോൾ അഡ്രസ്സിൽ പറഞ്ഞ ബ്രാഞ്ച് ബാങ്ക് അല്ല കിട്ടിയതെങ്കിലും, സ്ഥലം ഏതാണ്ട് അതാണെന്ന് ഗൂഗിൾ മാപ് നോക്കിയുള്ള ഉറപ്പ് വരുത്തൽ മാത്രം നടത്തിയശേഷം.
അയക്കുന്നവർക്കും ചിലവഴിക്കുന്നവർക്കും ശ്രദ്ധ ഏറെ വേണ്ടുന്ന ഒന്നാണല്ലോ സാമ്പത്തിക ഇടപാടുകൾ.
മ്മ്‌ടെ ഖദീജ വീഡിയോ കുടുംബ ഗ്രൂപ്പിൽ ഷെയർ ചെയ്തപ്പോൾ അവിടെ നിന്നും കിട്ടി കുറച്ചു ഓഫർ. മാസം റമദാനാണ് ആളുകൾ വീശിയടിക്കാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷെ ഞാൻ വീണ്ടും പണം അയച്ചപ്പോൾ, എമൗണ്ട് എന്റെ അക്കൗണ്ടിലേക്കു തന്നെ തിരിച്ചു വന്നു.
അപ്പോൾ നേരത്തെ അയച്ച പണം എത്തുകയും ചെയ്തല്ലോ? ഈ ഒരു ആവശ്യത്തിന് പണം ഓഫർ ചെയ്ത ബന്ധുക്കളോട് എന്ത് പറയും എന്നൊക്കെ ആയി അപ്പോഴത്തെ ആശങ്ക. പരസ്യത്തിലെ നമ്പറിലേക്കു വിളിച്ചു സംശയ നിവാരണം നടത്തേണ്ടതുണ്ട് എന്ന് തോന്നി. ഫിറോസിന്റേതാവും എന്നു വിചാരിച്ചാണ് വിളിച്ചത്. ഫോൺ എടുത്തത് പരസ്യത്തിലെ രോഗി തന്നെ. എന്തൊരു സന്തോഷത്തിലാണ് അയാൾ.
“അതെ നമുക്ക് വേണ്ട പണം ഒക്കെ കിട്ടി. ഇനി ഇതിലേക്ക് പണം അയക്കരുത്. ഫിറോസ്‌ക്ക വേറെ ആളിന് വേണ്ടി വീഡിയോ ഇട്ടിട്ടുണ്ട്. അതിലേക്കു അയച്ചാൽ മതി. എന്നേക്കാൾ ആവശ്യം അവർക്കുണ്ട്”. അയാൾക്ക് പറഞ്ഞു തീരുന്നില്ല ആശ്വാസം. വേദനകളിൽ, ജീവിത പ്രാരാബ്ധങ്ങളിൽ വഴിമുട്ടി നിൽക്കുന്നവർക്ക് ദൈവത്തെപ്പോലെ ചില ഫിറോസ് കുന്നുംപറമ്പിലുമാർ മുന്നിൽ എത്താറുണ്ട്. അയാളുടെ സന്തോഷം എന്തായാലും ആയിരക്കണക്കിന് കിലോമീറ്റർ അകലെ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അത്തരം മനുഷ്യാവസ്ഥകളിൽ കുളിർ പെയ്യിക്കുന്ന അനുഭവങ്ങളുടെ രുചി തന്നെയാവും പലർക്കും ചാരിറ്റി പ്രവർത്തങ്ങൾക്ക് പ്രേരണ ആവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
എന്തായാലും ഒരു ടാർഗറ്റ് ഫിക്സ് ചെയ്ത് ആവശ്യമായ പണം കിട്ടിയാൽ ട്രാൻസ്ഫെറിങ് സംഭവിക്കാത്ത എന്തോ ഒരു കാര്യം ആ ബാങ്ക് അക്കൗണ്ടിന് ഉണ്ട് എന്ന് മനസ്സിലാവുകയും, നല്ലതാണെന്നു തോന്നുകയും ചെയ്തു.
തുടർന്ന് ഇപ്പോൾ വിവാദമായ ഫിറോസിന്റെ അടുത്ത വീഡിയോക്ക് വേണ്ടിയും ഞാൻ പണം അയക്കുകയുണ്ടായി. ഇതേപോലെ ആദ്യത്തെ തവണ സാധിക്കുകയും, പിന്നീട് ശ്രമിച്ചപ്പോൾ അക്കൗണ്ടിലേക്കു തന്നെ പണം മടങ്ങി വരികയും ചെയ്തു. ഒരു കോടിയിലേറെ ചുരുങ്ങിയ ദിവസം കൊണ്ട് സ്വരൂപിക്കപ്പെടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ആണ് ഉണ്ടായതെന്ന് വിവാദങ്ങളിലൂടെ മനസ്സിലാവുകയും ചെയ്തു. മേലനങ്ങാതെ കയ്യിലുള്ള നീക്കിയിരുപ്പ് ധനത്തിൽ നിന്ന് കുറച്ചു തുക അയച്ചു കൊടുത്തു ചാരിറ്റി ചെയ്യുന്നവർക്ക് ഇങ്ങിനെ സമൂഹത്തിലേക്കിറങ്ങി സൂക്ഷ്മതയോടെ പണം സ്വരൂപിച്ചു ചാരിറ്റി ചെയ്യുന്നവർ വലിയ ആശ്വാസമാണ്. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ ദിനം കൊണ്ട് ഇത്രയേറെ പണം സ്വരൂപിക്കപ്പെടുന്നത്. ഇപ്പോൾ വിവാദമായ ആ ഫണ്ട് കളക്ഷൻ നടന്നില്ലായിരുന്നെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ, ചികിത്സ എന്താവുമായിരുന്നു? അവർ ആരുടെ പ്രജകളോ, അയൽക്കാരോ തന്നെ ആയിരുന്നില്ലേ? എത്ര എത്ര ജീവിതങ്ങൾ ഇങ്ങിനെ ഉരുകി തീരാറുണ്ട് എന്ന് നാം ഓർക്കാറുണ്ടോ? നമ്മുടെ ചുറ്റുവട്ടത്ത് പട്ടിണി മൂലം ഭക്ഷണം മോഷ്ടിച്ചപ്പോൾ തല്ലി കൊന്ന നാടും, കാലവും തന്നെയല്ലേ?
ചാരിറ്റി ചെയ്യുന്ന ആളിന്റെ പേരും, മതവും ഒക്കെ നോക്കി സോഷ്യൽ ഓഡിറ്റിംഗ് നടത്താൻ ഒരുപാട് പേര് ഇപ്പോഴുണ്ട്. അവർ അവരവരുടെ ആവശ്യങ്ങൾക്ക് ഇതൊക്കെ നടത്താറുണ്ട് എന്നത് വേറെ കാര്യം.
വിമർശങ്ങൾ ഉണ്ടാവുമ്പോൾ കൂടുതൽ സുതാര്യത വരുത്താൻ ഫിറോസുമാരും ശ്രമിക്കേണ്ടതുണ്ട് എന്നെ പറയാനുള്ളു. പണം എന്നത് ഏറ്റവും കൂടുതൽ വഞ്ചിക്കുന്ന ചരക്കു തന്നെ. വ്യക്തികൾക്കും, സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും . അതിന്റെ സൂക്ഷ്മത ഉറപ്പു വരുത്തുന്നത് ആവശ്യം തന്നെ. എന്തൊക്കെ പാലിച്ചാലും ദോഷൈദൃക്കുകൾ വിമർശിക്കും എന്നത് വേറെ കാര്യം. അവർ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല.
പക്ഷെ സൂക്ഷ്മത പാലിക്കാനായാൽ ഇത്തരം പ്രവർത്തങ്ങൾക്ക് കൂട്ടിരിക്കാനും, കൂടെ സഞ്ചരിക്കാനും ഒരുപാട് ജനങ്ങൾ ഉണ്ട് എന്നത് തന്നെയാണ് അനാഥമാക്കപ്പെട്ടവർക്കു കൊടുക്കാവുന്ന സുവാർത്ത. ചില കണ്ണീർ ഒപ്പുമ്പോൾ, ഒപ്പുന്നവർക്കു കൂട്ടിരിക്കുമ്പോൾ മാത്രമാണ് ജീവിതം സാര്ഥകമാവുന്നുള്ളു ആ നിമിഷങ്ങൾ മാത്രമേ അന്ത്യ യാത്രയിൽ കൂട്ടുണ്ടാവുകയുള്ളു.
പഴയ തബ്ലീഗ് യാത്രയിൽ ഒരാൾ പറഞ്ഞ ഉദാഹരണമുണ്ട്.
ഇഖ്‌ലാസ് അല്ലെങ്കിൽ സൂക്ഷ്മത നേടിയെടുക്കാൻ വല്യ പാടാണ് . നിറയെ ആൾക്കാർ ഉള്ള ബസ്സിൽ തൂങ്ങി പിടിച്ചൊക്കെ ആളുകൾ യാത്ര ചെയ്യുന്നതു കണ്ടിട്ടില്ലേ. ഒരാൾ ഒടുവിലാണ് എത്തുന്നത്. ഏറെ കഷ്ടപ്പെട്ടാണ് നമ്മളോടൊപ്പം തൂങ്ങി പിടിച്ചു യാത്ര ചെയ്യുന്നത്. പക്ഷെ ആദ്യം ഇറങ്ങി പോവുന്നത് അയാളായിരിക്കും. അത് പോലെയാണ് ദീനിയായ ജീവിതത്തിലെ ഇഖ്‌ലാസ്.
അതുകൊണ്ടു സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചാൽ അത് സേവനങ്ങൾ ഇഷ്ടപ്പെടുന്ന, അതിനായി കൂട്ടിരിക്കാൻ കൊതിക്കുന്ന പലർക്കും അനുഗ്രഹമായിരിക്കും എന്ന് ഉണർത്തുന്നു. ഞാനടക്കം.എല്ലാവർക്കും ബാധകമായ ഒന്ന് തന്നെയിത് .
ഇങ്ങിനെ ഒറ്റപ്പെട്ടവർക്കു വേണ്ടി ഓടാനും, പ്രവർത്തിക്കാനും തയ്യാറാവുന്ന നന്മ മരങ്ങളെ കൊണ്ടും തന്നെയാണ് ഭൂമി സുന്ദരമാകുന്നത്.
ദൈവത്തെ കാണാൻ ഓടി നടക്കുന്ന ആളുകളെ ഖുർആൻ ഇങ്ങിനെ പരിചയപ്പെടുത്തുന്നു.
സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക.ഓരോ വ്യക്തിയും താൻ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണു ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.” (സൂറ 59:18)
കാണാനുള്ള മാർഗം ഇങ്ങിനെയും
“അബൂ ഹുറയ്‌റ (റ) നിവേദനം: ദൈവത്തിന്റെ ദൂതന്‍ പറഞ്ഞു. പുനരുത്ഥാന നാളില്‍ പ്രതാപിയും മഹാനുമായ അല്ലാഹു പറയും. മനുഷ്യപുത്രാ, ഞാന്‍ രോഗിയായി. എന്നിട്ട് നീയെന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അവന്‍ ചോദിക്കും. എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെയെങ്ങനെ സന്ദര്‍ശിക്കാനാണ്? നീ സര്‍വ്വലോക രക്ഷിതാവല്ലയോ? അല്ലാഹു പറയും.എന്റെ ഇന്നയടിമ രോഗിയാണെന്ന് നിനക്ക് അറിയാമായിരുന്നല്ലോ. എന്നിട്ട് നീ അയാളെ സന്ദര്‍ശിച്ചില്ല. നീ അയാളെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അയാളുടെ അടുത്ത് നിനക്കെന്നെ കണ്ടെത്താമായിരുന്നില്ലേ? മനുഷ്യപുത്രാ, ഞാന്‍ നിന്നോട് ആഹാരം ചോദിച്ചു. നീ എനിക്ക് ആഹാരം തന്നില്ല. അദ്ദേഹം ചോദിക്കും. എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങിനെ ആഹരിപ്പിക്കാനാണ്. നീ സര്‍വ്വലോകരക്ഷിതാവല്ലേ? അല്ലാഹു പറയും. എന്റെ ഇന്നയടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്ക് അറിയില്ലേ? എന്നിട്ട് നീ അവന് ആഹാരം കൊടുത്തിട്ടില്ല. നീ അയാള്‍ക്ക് ആഹാരം കൊടുത്തിരുന്നെങ്കില്‍ അവന്റെ അടുത്ത് നിനക്കെന്നെ കാണാമായിരുന്നു. മനുഷ്യപുത്രാ, ഞാന്‍ നിന്നോട് കുടിനീര് ചോദിച്ചു. നീ എനിക്ക് പാനീയം നല്‍കിയില്ല. അദ്ദേഹം പറയും. എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങിനെ കുടിപ്പിക്കാനാണ്. നീ സര്‍വ്വലോകരക്ഷിതാവല്ലയോ? അല്ലാഹു പറയും, എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ അയാള്‍ക്കത് നല്‍കിയില്ല. നീ അയാളെ വെള്ളംകുടിപ്പിച്ചിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് നിനക്ക് കാണാമായിരുന്നു.” (മുസ്‌ലിം)
അതുകൊണ്ടു തന്നെ ചിലർ ഉറഞ്ഞു തുള്ളിയാൽ ഒന്നും ഈ പ്രവർത്തനം നിലച്ചു പോവില്ല. പ്രവർത്തിക്കുന്നവർ വേണ്ടത് പോലെ തന്നെ പ്രവർത്തിച്ചു ലക്‌ഷ്യം നേടട്ടെ.