കോഴിക്കോട്: ചന്ദ്രിക മുന്‍ എഡിറ്ററും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമ്മൂസ(78) പന്നിയങ്കരയിലെ മൈത്രി വീട്ടില്‍ അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: കതിരൂര്‍ വി.എം ഫൗസിയ, മക്കള്‍: വി.എം ഷെമി, ഷെജി, ഷെസ്‌ന. മരുമക്കള്‍: പി.എം ഫിറോസ്, നൗഫല്‍(ദുബായ്), ഷഹസാദ്്(ദുബായ്).
വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ പത്രലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. തലശ്ശേരി പുന്നോല്‍ സ്വദേശിയായ കുഞ്ഞിമ്മൂസ നാലര പതിറ്റാണ്ടായി കോഴിക്കോടാണ് താമസം. ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി എടുത്തു. 1966 ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. 1986 ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എ. എഫ്. ഡബ്ലിയു. ജെ. നാഷണല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേര്‍ണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവാണ്. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌ക്കാരം, കുവൈത്ത്, സലാല പുരസ്‌ക്കാരങ്ങള്‍, സജ്ഞയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി ഒട്ടനേകം പുരസ്‌ക്കാരങ്ങള്‍ നേടി. എം.ഇ. എസ് ജേര്‍ണല്‍ സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്ക്‌സ് പ്രസിദ്ധീകരണാലയം നടത്തുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പന്നിയങ്കര ജുമുഅത്ത് പള്ളിയില്‍. ഖബറടക്കം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.
- 6 years ago
web desk 1
കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു
Tags: deathkp kunjimmoosa