X

കോഴിക്കോട് യുവതിയുടെ മരണ കാരണം ചെള്ളുപനി

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ യുവതിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആരോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 11നാണ് മരിച്ചത്. പ്രദേശത്ത് വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി.

കൊമ്മേരിയില്‍ നേരത്തേ മറ്റൊരാള്‍ക്കും ചെള്ളുപനി ബാധിച്ചിരുന്നു.

 

ലക്ഷണങ്ങള്‍

വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗം പരടര്‍ത്തുന്നത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുക. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ള് കടിച്ച് 10 മുതല്‍ 12 വരെ ദിവസം കഴിയുമ്പോഴാണ് മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ചെള്ള് കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ മടക്കുകള്‍, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണുക. രോഗം ഗുരുതരമായാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. അതിനാല്‍, രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

തുടക്കത്തില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗമുക്തി എളുപ്പമാണ്. വ്യക്തി ശുചിത്വവും പുരിസര ശുചിത്വവുമാണ് പ്രതിരോധത്തില്‍ പ്രധാനം. വീടിന് പരിസരത്ത് കുറ്റിച്ചെടികളില്‍ ചെള്ളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുറ്റിച്ചെടികളിലും പ്രാണികള്‍ അധിവസിക്കാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും വസ്ത്രം ഉണക്കാന്‍ ഇടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

webdesk17: