X

കോഴിക്കോട് വൈറോളജി ലാബ്: സർക്കാർ അനാസ്ഥ പ്രതിഷേധാർഹം – പി.കെ ഫിറോസ്

കോഴിക്കോട് : തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് ബയോസേഫ്റ്റി ലെവൽ – 3 ( ബി.എസ്.എൽ- 3 ) സൗകര്യങ്ങളോട് കൂടിയ ആധുനിക വൈറോളജി ലാബ് പ്രാവർത്തികമാക്കുന്നതിൽ കടുത്ത അനാസ്ഥ തുടരുന്ന കേന്ദ്ര-കേരള സർക്കാറുകളുടെ സമീപനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 2018ൽ നിപ കാരണം 17 പേർ മരണപെട്ടതിനെ തുടർന്ന് 2019 ജൂണിലാണ് അഞ്ചരക്കോടി ചെലവിൽ കോഴിക്കോട്ട് വൈറോളജി ലാബ് നിർമ്മിക്കാൻ കേന്ദ്രാനുമതി ലഭിച്ചത്.

2020 ൽ നിർമ്മാണം തുടങ്ങിയെങ്കിലും ഇത് വരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കരാർ പ്രകാരം 2022 ൽ ലാബ് പ്രവർത്തന സജ്ജമാകേണ്ടതായിരുന്നു. ജില്ലയിൽ 2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ നിയന്ത്രണ വിധേയമാക്കിയിരുന്നെങ്കിലും വൈറസ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഉയർന്ന ജനങ്ങളുടെ ആവശ്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനാസ്ഥ കാരണം വഴി മുടങ്ങി നിൽക്കുന്നത്.

ഇപ്പോൾ വീണ്ടും നിപ കാരണം മലപ്പുറം പാണ്ടിക്കാട് സ്വദേശി അഷ്മിൽ മരണപ്പെട്ടിരിക്കുന്നു. നിപ പോലുള്ള രോഗങ്ങളുടെ സ്ഥിരീകരണത്തിന് ഇപ്പോഴും പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് അയക്കുന്നത്. കോഴിക്കോട്ട് ഇത് യാഥാർത്ഥ്യമായാൽ പെട്ടന്ന് ഫലം ലഭിക്കുകയും രോഗ ചികിത്സ നടത്തുകയും ചെയ്യാം. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന വൈറോളജി ലാബ് എത്രയും പെട്ടന്ന് പ്രവർത്തന സജ്ജമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം വലിയ പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

webdesk13: