കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന് ഭൂരിപക്ഷം വര്‍ധിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. 15,000 വോട്ടിലേറെ ഭൂരിപക്ഷം കിട്ടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ രാഘവന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന കാര്യത്തില്‍ ഇടതുമുന്നണിക്കാര്‍ക്ക് പോലും സംശയമില്ല. അതുകൊണ്ടുതന്നെയാണ് എം.കെ രാഘവനെ വ്യക്തിഹത്യ ചെയ്യാന്‍ സി.പി.എം ഉത്സാഹിച്ചത്. എന്നാല്‍, രാഘവന്റെ ജനപിന്തുണയെ കുറച്ചു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഒളിക്യാമറ വിവാദം ചൂടുപിടിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ്, എളമരം കരീം എം.പി എന്നിവര്‍ ഒളിക്യാമറ സംഭവത്തെ ലൈവായി നിര്‍ത്താന്‍ ഏറെ സമയവും പണവും സ്വാധീനവും ഉപയോഗപ്പെടുത്തിയെങ്കിലും അവസാനഘട്ടത്തില്‍ നനഞ്ഞ പടക്കമായി. പോളിങ് ദിനത്തിന് മുമ്പുതന്നെ ഒളിക്യാമറയുടെ കാറ്റുപോയി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എം.കെ രാഘവന്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി നിന്നത്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളെന്ന് കണക്കാക്കുന്ന എലത്തൂര്‍, കുന്ദമംഗലം, ബേപ്പൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും എം.കെ രാഘവന് കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും യു.ഡി.എഫിന് പ്രതീക്ഷ നല്‍കുകയാണ്. മോദി തരംഗം ഇല്ലാത്തതും യു.ഡി.എഫിനാണ് ഗുണം ചെയ്യുക. എ. പ്രദീപ്കുമാര്‍ എം.എല്‍.എക്ക് നഗരത്തില്‍ ചില പോക്കറ്റുകളുണ്ടെങ്കിലും നഗരത്തിന് പുറത്ത് സ്വാധീനം ഇല്ലെന്നതും എം.കെ രാഘവന്റെ വിജയപ്രതീക്ഷക്ക് ആക്കം കൂട്ടുകയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.പി പ്രകാശ്ബാബുവിന് മണ്ഡലത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്രമരാഷ്ട്രീയത്തിന് എതിരെ വിധിയെഴുതണമെന്ന ജനങ്ങളുടെ വികാരം വടകരയില്‍ കെ. മുരളീധരന് തുണയാവുകയാണ്. കഴിഞ്ഞ പ്രാവശ്യം മുല്ലപ്പള്ളി നേടിയ വിജയം ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് സംശയമില്ല.
ജനകീയനായ നേതാവ് എന്ന നിലയില്‍ കെ. മുരളീധരനുളള സ്വാധീനം വോട്ടായി മാറിയിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണവേളയില്‍ ജനങ്ങളില്‍ നിന്നുണ്ടായ പ്രതികരണം തന്നെ മുരളീധരന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അക്രമരാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന പി. ജയരാജനെതിരെയുള്ള ജനവികാരം പരമാവധി വോട്ടാക്കി മാറ്റാന്‍ വടകരയില്‍ യു.ഡി.എഫിന് സാധിച്ചു. ബി.ജെ.പിയുടെ സജീവന് മുന്‍കാലങ്ങളില്‍ നിന്ന് ഭിന്നമായി മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
- 6 years ago
chandrika
Categories:
Video Stories