X

വടകരയില്‍ വിദേശികളെന്നു തോന്നിക്കുന്ന സംഘം പട്ടാപ്പകല്‍ പണം കവര്‍ന്നു

ടകര ഗുരു ട്രേഡേഴ്സിൽ എത്തിയവരുടെ സിസിടിവി ദൃശ്യം

വടകര : വടകരയില്‍ പട്ടാപ്പകല്‍ കടയില്‍ നിന്ന് മുപ്പത്തി മൂവായിരം രൂപ കവര്‍ന്നു. പഴയ ബസ്റ്റാന്റ് മാര്‍ക്കറ്റിലെ എം.ജി.എസ് ഗുരു എന്ന മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് രണ്ടംഗ സംഘം പണം കവര്‍ന്നത്. ഇന്നലെ പകല്‍ ഒന്നരയോടെയായിരുന്നു സംഭവം. ഇംഗ്ലീഷ് സംസാരിച്ചു കടയിലെത്തിയ പുരുഷനും സ്ത്രീയും വിളക്കിലൊഴിക്കുന്ന എണ്ണ വേണമെന്നാവശ്യപ്പെടുകയായിരുന്നു. പരദേശികളെന്നു കാഴ്ചയില്‍ തോന്നിയ ഇവര്‍ സാധനം വാങ്ങുന്നതിനിടെ കടയമുടമയുമായി സൗഹൃദത്തിലായി. ഇതിനിടെ രണ്ടായിരം രൂപയുടെ നോട്ടു കെട്ട് രണ്ടംഗ സംഘത്തിലെ പുരുഷന്‍ കൗതുകം നടിച്ച് കടയുടമ ഗുരുവിന്റ കൈയ്യില്‍ നിന്ന് വാങ്ങി. ആയിരത്തിന്റെ നോട്ടാണോ ഇത് എന്നു ചോദിച്ചാണ് ഇവ വാങ്ങിയത്. മാന്യമായി വസ്ത്രം ധരിച്ച് നന്നായി സംസാരിച്ചതിനാല്‍ ഒരു തരത്തിലുള്ള സംശയവും തോന്നിയില്ല.പരദേശികളായതിനാല്‍ കൗതുകം മൂലമാണ് നോട്ടു കെട്ട് ചോദിക്കുന്നതെന്ന് കടയമുടമ ഗുരു കരുതി. ഇതിനിടെ നൊടിയിടയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉള്‍പ്പെടെ മുപ്പത്തിമൂവായിരം രൂപ സംഘം കവരുകയായിരുന്നു. സാധനം വാങ്ങിയ ശേഷം ദ്രുതഗതിയില്‍ ഇവര്‍ കടയില്‍ നിന്ന് പോവുകയും ചെയ്തു.രണ്ടംഗ സംഘം കടയില്‍ നിന്നു പോയതിന് ശേഷമാണ് നോട്ടു കെട്ടില്‍ നിന്ന് പണം കവര്‍ന്നതായി കടയുടമക്ക് മനസ്സിലാവുന്നത്. സമീപത്തെ കടയുടെ സി.സി.ടി.വി.യില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. വടകര പൊലീസില്‍ പരാതി നല്‍കി.

chandrika: